പ്രമുഖ സംവിധായകനായ ഹരിഹരനാണ് ഈ വർഷത്തെ ജെ.സി.ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്. എം.ടി.വാസുദേവൻനായർ ചെയർമാനായ ജൂറി ഹരിഹരനെ തിരഞ്ഞെടുത്തത് വൈകിയാണെങ്കിലും ഉചിതമായി എന്നേ പറയേണ്ടു.മുഖ്യധാരാ സിനിമയെന്നോ, ആർട്ട് സിനിമയെന്നോ ഏത് പേരിട്ടു വിളിച്ചാലും ഹരിഹരന്റെ ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്.അവയിൽ ഭൂരിഭാഗവും മികച്ച കളക്ഷനും നേടി.പ്രേംനസീറിനെയും മധുവിനെയും നായകരാക്കി അനവധി ചിത്രങ്ങൾ ഒരുക്കിയ ഹരിഹരനാണ് ജയൻ എന്ന സാഹസിക നടനെ മലയാളത്തിൽ താരമാക്കിയത്.എം.ടി.വാസുദേവൻനായരുമൊത്തുള്ള കൂട്ടുകെട്ടിൽ 12 ചിത്രങ്ങളാണ് ഹരിഹരൻ സംവിധാനം ചെയ്തത്.ഓരോന്നും ഒന്നിനൊന്ന് മികച്ചു നിന്നു.മലയാള സിനിമയിലെ ഏറ്റവും സമുന്നതമായ പുരസ്കാരം നേടിയ ഹരിഹരനെ ഞങ്ങൾ ഹാർദ്ദമായി അഭിനന്ദിക്കുന്നു.ബംഗാളി ചലച്ചിത്ര ഇതിഹാസം സൗമിത്രാ ചാറ്റർജി, ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ നടൻ ഷോൺ കോണറി എന്നിവരുടെ വേർപാട് സിനിമയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.സത്യജിത് റേയുടെ 14 ചിത്രങ്ങളിൽ നായകനായിരുന്ന സൗമിത്ര ചാറ്റർജി ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച നടൻമാരിലൊരാളായിരുന്നു.ബോണ്ടിനു പുറമെ ശ്രദ്ധേയമായ മറ്റു കഥാപാത്രങ്ങളെയും ഷോൺ കോണറി മികവുറ്റതാക്കി.ഇരുവരുടെയും ഓർമ്മകൾക്കു മുന്നിൽ അഞ്ജലി അർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |