ഇന്ത്യയുടെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയിൽ ഇപ്പോൾ വീശിയടിക്കുന്ന കാറ്റിന് മാമ്പൂവിന്റെ സുഗന്ധമുണ്ട്. സകല സ്വപ്നങ്ങളെയും തല്ലിക്കെടുത്തിയ കൊവിഡ് കാലത്തിന് ശേഷമുള്ള ഈ പുതിയ സീസണിനെ വലിയ പ്രതീക്ഷയോടെയാണ് മാങ്ങ കർഷകർ വരവേൽക്കുന്നത്. കാലാവസ്ഥ അനുകൂലമായതും മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒക്ടോബറിൽ തന്നെ മാവ് പൂവിട്ടതിനാലും മികച്ച വിളവെടുപ്പ് ലഭിക്കുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്.
മുതലമടയുടെ സൗഭാഗ്യസുഗന്ധമാണ് മാമ്പൂമണം. 66.76 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സംസ്ഥാനത്തെ വലിയ പഞ്ചായത്തുകളിലൊന്നായ മുതലമട ഒട്ടേറെ വൈരുദ്ധ്യങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും കലവറ കൂടിയാണ്. നെല്ലിയാമ്പതി മലനിരകളുടെ അടിവാരാതിർത്തിയും പറമ്പിക്കുളം സംരക്ഷിത വനസമ്പത്തിന്റെ സാമീപ്യവും ഉണ്ടെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ മുതലമട ഉഷ്ണപ്രദേശമായാണ് അറിയപ്പെടുന്നത്. വർഷത്തിൽ രണ്ടു മഴക്കാലം, കാലവർഷവും തുലാവർഷവും കനിഞ്ഞ് അനുഗ്രഹിക്കുന്ന പ്രദേശം. കൂടാതെ, അഞ്ച് അണക്കെട്ടുകൾ പഞ്ചായത്തിനെ എന്നും ജലസമൃദ്ധിയിൽ നിലനിറുത്തുന്നു. എന്നാലും, വരൾച്ചവിലാപം പതിവായി ഉയരുന്ന ഒരു കർഷക ഗ്രാമവുമാണ് മുതലമട.
വെയിലിന്റെയും മഴയുടെയും സന്തുലനമാണ് ഉഷ്ണമേഖലാ സസ്യമായ മാവുകളെ ഇവിടെ വേരുറപ്പിച്ചു നിർത്തുന്നതിന്റെ പ്രധാന കാരണം. നീർച്ചെരിവാർന്ന ഭൂതലം. ചൂടിൽ വിരിയുന്ന മാമ്പൂക്കൾക്ക് രാത്രി പുലരുവോളം നനവിന്റെ നേർത്ത മഞ്ഞുപുതപ്പ്. കൂട്ടിന് കാറ്റിന്റെ തലോടലും. എൺപതുകളിൽ തുടങ്ങിയ മാവുകൃഷി ഇന്ന് 7500 ഹെക്ടറിലധികം വ്യാപിക്കാൻ മറ്റെന്തു വേണം. തെന്മലയുടെ താഴ്വാരമായ മുതലമടയിൽ എഴുപതു ശതമാനവും ഇപ്പോൾ മാന്തോട്ടമായിക്കഴിഞ്ഞു.
കടലക്കാടുകളിലെ മാമ്പൂ വസന്തം
അരനൂറ്റാണ്ടു മുമ്പ് മുതലമട കടല, ചോളം, പരുത്തി തുടങ്ങിയ 'കാട്ടുകൃഷി ' കളുടെ വിളനിലമായിരുന്നു. വരൾച്ചയ്ക്കു പുറമെ കാട്ടുമൃഗങ്ങളുടെ ശല്യവും വർദ്ധിച്ചതോടെ ഹ്രസ്വകാല വിളകളുടെ വേരൊടിഞ്ഞു. വില്പനയുടെ വലിയ സാദ്ധ്യതകളും പിൻവാങ്ങിയതോടെ വറുതിയിലായി കർഷകർ. നഷ്ടങ്ങളുടെ വിളവെടുപ്പ് മാത്രമായപ്പോൾ പലരും കൃഷിയൊഴിഞ്ഞു. തമിഴ്പ്രമാണിമാരിൽ പലരും കൃഷിസ്ഥലം ഉപേക്ഷിച്ച് നാടുതന്നെ ഒഴിഞ്ഞു.
വരുമാനത്തിനായി വീടിന്റെ തൊടിയിൽ നിന്ന മാവുകളിലെ മാങ്ങ പറിച്ചു വിറ്റു തുടങ്ങിയവരാണു മാവിൻ തോട്ടത്തിലേക്കും മാംഗോ സിറ്റിയിലേക്കും വഴി തെളിച്ചത്. വൻകിട കർഷകരിൽ ചിലർ കടലക്കാടുകളിൽ വിവിധയിനം മാവിൻതൈകൾ നട്ടുതുടങ്ങി. രണ്ടും മൂന്നും വർഷത്തിനിപ്പുറം മികച്ച വിളവും വരുമാനവും ലഭിച്ചതോടെ മാവ് കൃഷിക്കു കൂടുതൽ പേർ മുന്നോട്ടു വരികയായിരുന്നു.
പാലക്കാടൻ ചുരത്തിലെ കാലാവസ്ഥയുടെ അനുഗ്രഹം കൊണ്ടു രാജ്യത്ത് ആദ്യം കായ്ക്കുകയും വിപണിയിലെത്തുകയും ചെയ്യുന്ന മാങ്ങ മുതലമടയിൽ നിന്നാണ്. രാജ്യത്തെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായി ഒക്ടോബർ അവസാനം പൂവിടുകയും ഡിസംബർ അവസാനമോ ജനുവരി ആദ്യമോ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യുന്നതിനാൽ രാജ്യത്തിനകത്തെയും പുറത്തെയും വിപണികളിൽ നല്ല വില ലഭിക്കാറുണ്ട്. ആദ്യം വിളവെടുക്കുന്ന ഭൂരിഭാഗവും കയറ്റുമതി ചെയ്യുകയാണു പതിവ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും മാങ്ങ വരവു തുടങ്ങുന്ന ഏപ്രിൽ പകുതിയാകുമ്പോഴേക്കും ഇവിടത്തെ സീസൺ അവസാനിക്കും.
35 ഇനം മാമ്പഴം വിളയുന്ന മണ്ണ്
മുതലമടയുടെ മാമ്പഴപ്പെരുമയിൽ അൽഫോൻസാ മാമ്പഴമാണ് ഏറെ മുന്നിൽ. ഏറ്റവും കൂടുതൽ ആളുകൾ കൃഷിചെയ്യുന്നതും ആപ്പൂസ് എന്നു വിളിപ്പേരുള്ള അൽഫോൻസ തന്നെയാണ്. ദോത്താപുരി (കിളിമൂക്ക്), ശെന്തൂരം, ബങ്കനപ്പള്ളി, ഹിമാപ്പശന്ത്, മല്ലിക, കാലാപ്പാടി, സുവർണരേഖ, ചക്കരക്കട്ടി, നീലം, മൽഗോവ, നടശാല, ഗുദാദത്ത്, ചന്ദ്രക്കാരൻ, പ്രിയോർ, റുമാനിയ എന്നിവയെല്ലാം മാംഗോസിറ്റിയുടെ പ്രധാന സവിശേഷതയാണ്. രാജ്യാന്തര വിപണിയിൽ പെറു, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള മാങ്ങകളോടാണു ഇവരുടെ മത്സരം.
യൂറോപ്യൻ രാജ്യങ്ങളിൽ പ്രിയം അൽഫോൻസയ്ക്കാണ്. ബങ്കനപ്പള്ളിക്കും ആവശ്യക്കാരേറെയുണ്ട്. ദുബായ്, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ആവശ്യക്കാർ കൂടുതൽ ബങ്കനപ്പള്ളിക്കാണ്. ശെന്തൂരം, ദോത്താപുരി (കിളിച്ചുണ്ടൻ) എന്നിവയും പ്രിയപ്പെട്ടതാണ്. കാലാപാടി, ഹിമാപസന്ത് എന്നിവയ്ക്കു ഗൾഫ് മേഖലയിൽ ആവശ്യക്കാരുണ്ട്.
15000 പേർക്ക് തൊഴിൽ
മുതലമടയിലും സമീപ പഞ്ചായത്തുകളിലുമായി ഏകദേശം മൂവായിരത്തോളം കുടുംബങ്ങൾ നിലവിൽ മാവ് കൃഷിയിൽ വ്യാപൃതരാണ്. ഓരോ സീസണിലും 15,000 ത്തോളം പേർക്ക് തോട്ടങ്ങളിലും 600 ലധികംപേർക്ക് വിപണനമേഖലയിലും തൊഴിൽ ലഭിക്കുമെന്നത് പ്രത്യേകതയാണ്. നിലവിൽ 50ഓളം അംഗീകൃത കയറ്റുമതിക്കാരുണ്ട് ഇവിടെ. മാങ്ങ കയറ്റുമതിയിലൂടെ മാത്രം പ്രതിവർഷം 600 കോടിയോളം രൂപയുടെ വരവുണ്ട് മുതലമട എന്ന ഈ 'ചെറിയ, വലിയ' ഗ്രാമത്തിന്. ഒരു ലക്ഷം ടണ്ണിന് അടുത്താണ് ഒരു സീസണിലെ മാങ്ങ ഉത്പാദനം.
കൊവിഡിൽ നഷ്ടം 300 കോടി
കാലാവസ്ഥ വ്യതിയാനവും ഇലപ്പേൻ ശല്യവും കാരണം കഴിഞ്ഞ സീസണിൽ ഉത്പാദനം പകുതിയായി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ കൊവിഡ് പ്രതിസന്ധിയും സമ്പൂർണ ലോക്ക് ഡൗണും കൂടിയായപ്പോൾ കർഷകർ അക്ഷരാർത്ഥത്തിൽ വെട്ടിലായി. പറിച്ചെടുത്ത മാങ്ങ വിപണിയിലെത്തിക്കാൻ കഴിയാതിരുന്നത് നഷ്ടം വർദ്ധിക്കാൻ ഇടയാക്കി. സീസണിൽ ഒരു ലക്ഷം ടണ്ണിലേറെ ഉത്പാദനം നടക്കുന്ന സ്ഥലത്ത് കഴിഞ്ഞ തവണ അത് പകുതിയായി കുറഞ്ഞു. കയറ്റുമതി ചെയ്യാൻ കഴിയാതിരുന്നതും വലിയ തിരിച്ചടിയായി. വി.എഫ്.പി.സി.കെയും കൃഷിഭവനും എം.എൽ.എയും ഇടപ്പെട്ട് പ്രാദേശിക വിപണിയിൽ മാങ്ങകൾ വിറ്റഴിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയതാണ് ആകെയുണ്ടായിരുന്ന ആശ്വാസം.
20000 ടൺ മാങ്ങയാണ് പ്രാദേശിക വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചത്. 10000 ടൺ മാങ്ങ ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്കും കയറ്റി അയക്കാനായി. ഇങ്ങനെ നഷ്ടം 300 കോടിയായി കുറയ്ക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കർഷകരും ജനപ്രതിനിധികളും.
കൊവിഡ് പ്രതിസന്ധി പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും പുതിയൊരു സീസണിനെ ഏറെ പ്രതീക്ഷകളോടെയാണ് മാംഗോ സിറ്റിയും കർഷകരും വരവേൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |