SignIn
Kerala Kaumudi Online
Wednesday, 24 February 2021 11.51 PM IST

' എൻ വാഴ്കൈ , എൻ തലൈവിധി '

silk-smitha-

" ഇത് എൻ തലൈവിധി സാർ.

എൻ വാഴ്കൈയിലെ തലൈവിധി..

ഇതെന്റെ വിധിയാണ്. ജീവിതത്തിന്റെ വിധി. "

നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കാത്തതെന്താണെന്ന ചോദ്യത്തിന്

നടി സിൽക്ക് സ്മിത നൽകിയ ഈ മറുപടി ഇന്നും ഓർക്കുന്നുണ്ട്.

വേഷം ബ്ളൂ ജീൻസും കൈ മടക്കിവെച്ച തൂവെള്ള ഫുൾക്കൈ ഷർട്ടും. കണ്ണുകൾക്ക് കടലിന്റെ ആഴം. എങ്കിലും പൊതിഞ്ഞു വെച്ച വിഷാദത്തിലലിഞ്ഞു ചേർന്നതായിരുന്നു ആ മന്ദസ്മിതം. ഒരു സൂപ്പർ താരനായികയാവാൻ കഴിയുന്ന സൗന്ദര്യം . എന്നിട്ടും അത്യപൂർവമായി ലഭിച്ച ഏതാനും കഥാപാത്രങ്ങൾ ഒഴിച്ചാൽ ചെയ്തതൊക്കെയും ഐറ്റം ഡാൻസും അഭിസാരികയുടെ വേഷങ്ങളുമായിരുന്നു. ചങ്ങനാശേരിയിൽ സ്ഫടികം ഷൂട്ടിംഗിന്റെ ഇടവേളയിൽ കാൽനൂറ്റാണ്ട് മുമ്പായിരുന്നു സിൽക്ക് സ്മിതയെ നേരിട്ടു കണ്ടത്. ആദ്യമായിട്ടും അവസാനമായിട്ടും.

" വാങ്കോ സർ.വാങ്കോ സർ." സ്മിത ബഹുമാനത്തോടെയാണ് സംസാരിച്ചു തുടങ്ങിയത്. മനോഹരമായ ഇംഗ്ളീഷ്. ഇടയ്ക്കിടെ തമിഴ് കലർന്ന മലയാളം. സ്ഫടികത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം അവർ പങ്കുവെച്ചു.

" ഞാൻ എല്ലാവരോടും ചോദിക്കും സാർ. നല്ല ഒരു കഥാപാത്രം. കുറഞ്ഞപക്ഷം നല്ല വസ്ത്രങ്ങളെങ്കിലും ധരിച്ചുള്ള , അഭിനയസാദ്ധ്യതയുള്ള ഒരു വേഷം. അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ കൊതിയാകുന്നു സർ". സിൽക്ക് സ്മിത അന്ന് മനസ് തുറന്ന് സംസാരിച്ചു.

സിനിമയിൽ സ്മിതയെ അവതരിപ്പിച്ചത് സംവിധായകനും ഛായാഗ്രാഹകനുമായ ആന്റണി ഈസ്റ്റ്മാനായിരുന്നു. " അഭിനയിക്കാൻ താത്പര്യമുള്ള ഒരു പൊണ്ണ് അന്തപ്പക്കത്തിലിരിക്ക് സാർ..."

ഇണയെത്തേടി എന്ന തന്റെ ആദ്യ ചിത്രത്തിന് അനുയോജ്യയായ നടിയെത്തേടി മദ്രാസിൽ കറങ്ങി ആരെയും കിട്ടാതെ മടങ്ങാനൊരുങ്ങവെ ആന്റണി ഈസ്റ്റ് മാനോട് ലോഡ്ജിലെ ജീവനക്കാരൻ പറഞ്ഞു. സമീപത്തായതിനാൽ അതും കൂടി നോക്കിയിട്ട് പോകാമെന്ന് ഒപ്പം ഉണ്ടായിരുന്ന പരസ്യചിത്രകാരനായ കിത്തോയോട് ആന്റണി ഈസ്റ്റ്മാൻ സൂചിപ്പിച്ചു. ചെറിയൊരു കെട്ടിടത്തിന്റെ മുകളിലത്തെ നില . പടികയറി ചെല്ലുമ്പോൾ ഒരു പെൺകുട്ടി ആകെയുള്ള കസേരയിൽ ഇരിക്കുകയാണ്. പിന്നീട് അവിടെ ഒരു സ്റ്റൂൾ മാത്രമേയുള്ളൂ. വീട്ടിലെത്തിയ പുരുഷൻമാരോട് ആ കുട്ടി ചോദിച്ചു.

" എന്നാ വേണം."

സിനിമയിൽ അഭിനയിക്കാൻ താത്പര്യമുള്ള ഒരു പെൺകുട്ടി ഇവിടെയുള്ളതാരാണെന്ന് ആന്റണി ചോദിച്ചു.

" അത് നാൻ താൻ " എന്ന് കസേരയിൽ ഇരുന്നുകൊണ്ട് തന്നെ അവൾ പറഞ്ഞു. അപ്പോഴേക്കും അവളുടെ അമ്മയെന്നു പരിചയപ്പെടുത്തിയ സ്ത്രീ വന്നു. വിവരമറി‌ഞ്ഞ ആ അമ്മ മകളെ കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ചു. മേക്കപ്പൊന്നുമില്ലാതെ മുഖം കഴുകി വരാൻ ആന്റണി ആവശ്യപ്പെട്ടു. പറഞ്ഞതനുസരിച്ച് അവൾ വന്നു. ആന്റണി കുറെ സ്റ്റില്ലുകൾ എടുത്തു. പേര് ചോദിച്ചു. വിജയമാലയെന്നു മറുപടി നൽകി. ചിലർ വിജയലക്ഷ്മി എന്നും വിളിച്ചിരുന്നു. സെലക്ട് ചെയ്താൽ പേര് മാറ്റേണ്ടി വരുമെന്ന് പറഞ്ഞാണ് ആന്റണിയും സുഹൃത്തും മടങ്ങിയത്. സ്റ്റിൽ മദ്രാസിൽ വെച്ചുതന്നെ ഡെവലപ്പ് ചെയ്തു. ഇഷ്ടമായി. അടുത്ത ദിവസം പോയി കരാർ ഉറപ്പിച്ചു. അന്ന് സ്മിതാ പാട്ടീൽ തിളങ്ങി വരുന്ന കാലമായിരുന്നു. വിജയമാലയെന്ന വിജയലക്ഷ്മിയെ സ്മിതയെന്ന പേര് വിളിച്ച് ആന്റണി ഈസ്റ്റ്മാൻ പുതിയൊരാളാക്കി. ഇണയെത്തേടിയാണ് ആദ്യം ഷൂട്ട് ചെയ്തതെങ്കിലും അത് റിലീസായത് ഒന്നരവർഷം കഴിഞ്ഞായിരുന്നു. അപ്പോഴേക്കും വിനു ചക്രവർത്തി നിർമ്മിച്ച് കെ.വിജയൻ സംവിധാനം ചെയ്ത വണ്ടിക്കാരി എന്ന തമിഴ് ചിത്രം പുറത്തുവന്നു. സ്മിതയുടെ പേരിന്റെ ഭാഗമായി അതിലെ കഥാപാത്രമായ സിൽക്ക് മാറി.

"ബാലു മഹേന്ദ്രയുടെ മൂന്നാം പിറൈയിൽ കമലഹാസനൊപ്പം അഭിനയിച്ചതോടെ ഒരു സെക്സി ഇമേജിലേക്ക് സ്മിത വീണു. പിന്നീട് ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ലഭിച്ചെങ്കിലും ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന ഐറ്റം ഡാൻസർ വേഷങ്ങളിലേക്ക് അവർ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. അവർ ഒരു പാവം സ്ത്രീയായിരുന്നു."- ആന്റണി ഈസ്റ്റ്മാൻ പറഞ്ഞു. ആദ്യമായി അവതരിപ്പിച്ചതിന്റെ നന്ദി സ്മിത തന്നോട് എന്നും കാത്തു സൂക്ഷിച്ചുവെന്നും ആന്റണി പറയുന്നു.

" മാന്യയായ ഒരു സ്ത്രീയായിരുന്നു അവർ. വളരെ കഴിവുകളുള്ള നടിയും. നല്ല അച്ചടക്കത്തോടെ മാത്രമെ പെരുമാറിയിരുന്നുള്ളൂ." മലയാളത്തിൽ അഥർവം എന്ന ചിത്രത്തിലൂടെ സ്മിതയ്ക്ക് അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷം നൽകിയ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് പറഞ്ഞു.

എന്തുകൊണ്ടായിരിക്കാം സ്മിത ജീവനൊടുക്കിയത് ? അവരോടൊപ്പം ചേർന്ന ഒരു സുഹൃത്ത് സ്മിതയെ ഒരു പരിധിക്കപ്പുറം നിയന്ത്രിച്ചിരുന്നു. ഈ സുഹൃത്തും അദ്ദേഹത്തിന്റെ മകനുമൊക്കെയായുള്ള അഭിപ്രായ ഭിന്നതകളാണ് സ്മിതയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് അടുത്ത സുഹൃത്തുക്കൾ വിശ്വസിക്കുന്നു. മരിക്കുമ്പോൾ 36 വയസായിരുന്നു . ജീവിച്ചിരുന്നെങ്കിൽ ഈ ഡിസംബർ രണ്ടിന് സ്മിതയ്ക്ക് 60 വയസാകുമായിരുന്നു.

സ്മിതയ്ക്ക് വലിയ കഥാപാത്രങ്ങളെ ലഭിച്ചില്ലെങ്കിലും അവരുടെ ജീവിതം പറഞ്ഞ ഡേർട്ടി പിക്ചർ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് വിദ്യാബാലന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.17 വർഷമാണ് സ്മിത സിനിമയിലുണ്ടായിരുന്നത്. ജീവിതത്തിൽ വലിയ മോഹങ്ങൾ ബാക്കിവച്ചാണ് സ്മിത യാത്രയായത്. അവരുടെ സ്വപ്നങ്ങളെല്ലാം ആ കണ്ണുകളാകുന്ന കരിനീല സമുദ്രത്തിൽ മുങ്ങി മരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KALAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.