തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതിനിടയിൽ സ്ഥാനാർത്ഥികളെയും വോട്ടർമാരെയും ആശങ്കയിലാഴ്ത്തി കോട്ടയത്ത് കൊവിഡിന്റെ കൊട്ടിക്കലാശം. ! കൊവിഡ് മറച്ചുവെച്ച് പലരും വീടുകയറുന്നുവെന്ന പ്രചാരണം കൂടിയായതോടെ സ്ഥാനാർത്ഥികൾ വീടുകയറി വോട്ട് അഭ്യർത്ഥിക്കരുതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. രണ്ടുമീറ്റർ അകലം പാലിച്ചു വേണം വോട്ട് അഭ്യർത്ഥിക്കാൻ. മാസ്ക് താഴ്ത്തരുത്, കുട്ടികളെ എടുക്കരുത്, ആലിംഗനം, ഹസ്തദാനം, അനുഗ്രഹം വാങ്ങൽ, ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ, ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയെങ്കിലും കൊവിഡെന്ന് പറഞ്ഞിരുന്നാൽ വോട്ട് പോകുമെന്നതിനാൽ ആരോഗ്യവകുപ്പ് നിർദ്ദേശം ആരും അനുസരിക്കുന്നില്ലെന്നാണ് പരാതി.
കൊവിഡ് മറച്ചുവെച്ച് പ്രചാരണത്തിനിറങ്ങരുതെന്ന കർശന നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിയതിനൊപ്പം ജനങ്ങൾ കതകിന് കുറ്റിയിട്ടു പുറത്തിറങ്ങാതെയുമായി. ഇതോടെ "കൊവിഡിന് വരാൻ കണ്ട ഒരു നേരം." എന്ന് പ്‌രാകുകയാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും ഇപ്പോൾ.
സ്ഥാനാർത്ഥിയോ പ്രവർത്തകരോ കൊവിഡ് ബാധിതരാണോ എന്നറിയാനാവാത്തതിനാൽ വോട്ടർമാർ കതക് തുറക്കുന്നില്ലെന്നു കണ്ടതോടെ ജനങ്ങളുടെ ഭീതി അകറ്റാൻ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇറങ്ങാമെന്നു കരുതിയെങ്കിലും വോട്ടർമാർ ഗറ്റൗട്ട് അടിക്കുകയാണ്.
പാലായിലായിരുന്നു മുന്നണി വ്യത്യാസമില്ലാതെ സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ആദ്യം കൊവിഡ് വന്നത്. പിന്നീടത് ജില്ലയുടെ പല ഭാഗങ്ങളിലുമായി. അതോടെ വോട്ടർമാർ കൊവിഡ് പേടിയിലായി സ്ഥാനാർത്ഥികൾക്ക് വിലക്ക് ഏർപ്പെടുത്തി. വീടിനു കുറ്റിയിട്ടവർ ഇനി വോട്ടുചെയ്യാൻ വരാതിരിക്കുമോ എന്ന ഭീതിയിലാണ് മുന്നണികൾ.
പാലാ നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് . അതോടെ സ്ഥാനാർത്ഥികളെല്ലാം ക്വാറന്റയിനിൽ പോകണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് രംഗത്തെത്തി. ഇടതു സ്ഥാനാർത്ഥികളെല്ലാം കൊവിഡ് പരിശോധന നടത്തി .നെഗറ്റീവാണെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് സി.പി.എം സ്ഥാനാർത്ഥി ബിനു പുളിക്കക്കണ്ടത്തിന് കൊവിഡ് പൊസീറ്റീവാണെന്ന വാർത്ത പരന്നത്. മറ്റ് ഇടതു സ്ഥാനാർത്ഥികൾ വീടുകയറി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ കുഴപ്പമില്ലെന്ന് ഇടതു നേതാക്കളുടെ ന്യായീകരണം യു.ഡി..എഫ് അംഗീകരിക്കുന്നില്ല. ഇടതു സ്ഥാനാർത്ഥികളും ക്വാറന്റയിനിൽ പോകണമെന്ന ആവശ്യം ഉയർന്നതോടെ പ്രചാരണ രംഗത്ത് വില്ലനായി മാറിയ കൊവിഡിനെ ചൊല്ലിയായി തിരഞ്ഞെടുപ്പ് അവസാനവട്ട ചർച്ച.
ഇടതു വലതു സ്ഥാനാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റു സ്ഥാനാർത്ഥികളും നേതാക്കളും വോട്ടർമാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ക്വാറന്റയിനിൽ പോകണമോ വേണ്ടയോ എന്നത് ചൂടുപിടിച്ച ചർച്ചയായി. പാലാ നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോഷി ജോണിനാണ് ആദ്യം കൊവിഡ് ബാധിച്ചത്. ഇതോടെ യു.ഡി.എഫ് സ്ഥാനാർത്ഥികളെല്ലാം പൊതുപ്രചാരണം നിറുത്തി. ജോഷി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. വീടുകളിലും കടകളിലും കയറി വോട്ടും ചോദിച്ചതോടെ വോട്ടർമാരും ആശങ്കയിലായി. ജോഷി പങ്കെടുത്ത യോഗങ്ങളിലുണ്ടായിരുന്ന മറ്റു സ്ഥാനാർത്ഥികൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെതിരെ ഇടതുമുന്നണി രംഗത്തു വന്നതോടെ യു.ഡി.എഫ് സ്ഥാനാർത്ഥികളും കുടുംബാംഗങ്ങളും വീടുകളിൽ നിരീക്ഷണത്തിൽ ഇരുന്ന് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി വോട്ടുതേടാൻ തീരുമാനിച്ചു. പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് വോട്ടർമാരെ കാണിച്ച് പ്രചാരണത്തിനിറങ്ങിയാൽ മതിയെന്നാണ് യു.ഡി.എഫ് തീരുമാനം. ഇടതു സ്ഥാനാർത്ഥികളെല്ലാം കൊവിഡ് പരിശോധന നടത്തി. നെഗറ്റീവാണെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ബി.ജെ.പിയിൽ നിന്നും സി.പി.എം ലെത്തിയ യുവസ്ഥാനാർത്ഥി ബിനു പുളിക്കക്കണ്ടത്തിന് പൊസിറ്റീവാണെന്ന വാർത്ത പരന്നത്.
മൂന്നാലു ദിവസമായി ബിനു വീട്ടിൽ തന്നെയായതിനാൽ തങ്ങൾക്കാർക്കും പ്രശ്നമില്ലെന്നും പ്രചാരണം നടത്തുന്നതിൽ ഒരു കുഴപ്പവുമില്ലെന്നാണ് ഇടതു സ്ഥാനാർത്ഥികളുടെ ന്യായീകരണം. അതങ്ങ് പള്ളീൽ പറഞ്ഞാൽ മതിയെന്നായി യു.ഡി.എഫ് മറുപടി. ഇടതു സ്ഥാനാർത്ഥികൾ കുടംബസമേതം ക്വാറന്റയിനിൽ പോകണമെന്ന ആവശ്യം യു.ഡി.എഫ് ഉയർത്തിയതോടെ സ്ഥാനാർത്ഥികളും പ്രവർത്തകരും വീട്ടിൽ കഴിയുമ്പോൾ പ്രചാരണരംഗം കൈയടക്കിയ കൊവിഡായി കോട്ടയത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ വില്ലനും താരോദയവും!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |