സന്ദേശം സിനിമയിൽ യാതൊരു മാറ്റവും ഇപ്പോഴും വരുത്തേണ്ടി വരില്ല. പക്ഷേ കൂട്ടിച്ചേർക്കലുകൾ വേണ്ടി വരും. അഴിമതിയും പിൻഗാമികളെ അവരോധിക്കലുമൊന്നും സന്ദേശം ചർച്ച ചെയ്തിട്ടില്ല. സന്ദേശം ഒരിക്കലും നേതാക്കളുടെ കഥയല്ല. അതിൽ ഒരു മന്ത്രിയെ പോലും കാണിക്കുന്നില്ല. പോസ്റ്റർ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും നടക്കുന്ന സാധാരണ അണികൾ മാത്രമാണ് സന്ദേശത്തിലുള്ളത്. അതുകൊണ്ടുതന്നെ ഒരു നേതാവിനും അത് തന്നെക്കുറിച്ചാണെന്നോ അല്ലെങ്കിൽ തന്റെ നേതാവിനെക്കുറിച്ചാണെന്നോ തോന്നുന്നില്ല.രാഷ്ട്രീയത്തെപ്പറ്റി സിനിമയെടുക്കുക എന്നതു തന്നെ രാഷ്ട്രീയമാണ്. കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ചകൾക്കുനേരെ വിരൽ ചൂണ്ടുകയാണ് സന്ദേശം ചെയ്തത്. ചിത്രത്തിൽ തിലകൻ പറയുന്നുണ്ട്. 'രാഷ്ട്രീയം നല്ലതാണ്. അതു നല്ല ആളുകൾ ചെയ്യുമ്പോൾ' എന്ന്. രാഷ്ട്രീയത്തിലെ നല്ല ആളുകളല്ലാത്തവരുടെ കഥയാണ് ഈ സിനിമ. രാഷ്ട്രീയത്തെ സന്ദേശം കുറ്റം പറയുന്നില്ല. രാഷ്ട്രീയം നല്ലതാണെന്നും രാഷ്ട്രീയ പ്രവർത്തകന്റെ ഭാവി ഇന്ത്യൻ പ്രസിഡന്റ് വരെയാണെന്നും സിനിമയിൽ തിലകന്റെ കഥാപാത്രം പറയുന്നുണ്ടല്ലോ. ഇതൊന്നും ശ്രദ്ധിക്കാതെ മോശം ആളുകൾ രാഷ്ട്രീയത്തിലേക്ക് വരരുത് എന്നു പറയുന്നത് അരാഷ്ട്രീയമാണെങ്കിൽ സന്ദേശം ഒരു അരാഷ്ട്രീയ സിനിമയായി ആഘോഷിച്ചോട്ടെ. എനിക്ക് വിരോധമില്ല. സന്ദേശം എന്തു കൊണ്ട് ആഘോഷിക്കപ്പെടുന്നു, എന്തു കൊണ്ട് അതിന്റെ പുതുമ നഷ്ടപ്പെടുന്നില്ല എന്നൊക്കെ ചോദിച്ചാൽ ഇപ്പോഴും അതിലെ ഒാരോ പ്രയോഗങ്ങൾക്കും സംഭാഷണങ്ങൾക്കും അർത്ഥം നഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം.' പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു'. പോലെയുള്ള ഡയലോഗുകൾ ഉദാഹരണം. ഒരേ വീട്ടിൽ രണ്ടുതരം രാഷ്ട്രീയ വിശ്വാസം ഉള്ളവരെയൊക്കെ ഇപ്പോഴും നമ്മൾക്കറിയാം. നേതാക്കൻമാരിൽ പോലും രണ്ടു മുന്നണികളെ പിന്തുണയ്ക്കുന്ന അച് ഛനും മകനുമുണ്ടല്ലോ. സന്ദേശത്തിന് രണ്ടാം ഭാഗമില്ല..( സന്ദേശത്തെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |