സംസ്ഥാനത്ത് പ്രധാനമായും രണ്ട് ജലസേചന പദ്ധതികളാണ് ഉള്ളത്. കല്ലട ഇറിഗേഷൻ പ്രോജക്ടും (കെ.ഐ.പി) പമ്പാ ഇറിഗേഷൻ പ്രോജക്ടും (പി.ഐ.പി) . കൊല്ലം തെൻമലയ്ക്കടുത്ത് പരപ്പാർ ഡാമിൽ നിന്ന് കല്ലടയാറിലെ വെള്ളം കനാലുകളിലൂടെ കൃഷിയിടങ്ങളിലെത്തിക്കുന്നതാണ് കെ.എെ.പി പദ്ധതി. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണിത്.
പത്തനംതിട്ടയിലെ മണിയാർ ഡാമിൽ നിന്ന് പമ്പയിലെ വെള്ളം കനാലുകളിലൂടെ എത്തിക്കുന്നതാണ് പി.ഐ.പി പദ്ധതി. വേനൽക്കാലത്ത് കൃഷിയിടങ്ങൾ ഉണങ്ങിപ്പോകാതിരിക്കാൻ വെള്ളം എത്തിക്കുന്നതിനൊപ്പം കനാലുകളിൽ നിന്ന് ഉൗറി വരുന്ന വെള്ളം കിണറുകളിലും എത്തുമെന്ന പ്രയോജനം കൂടിയുണ്ട്. കനാലുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ ജനങ്ങൾക്ക് വരൾച്ചയിലെ കുടിവെള്ളക്ഷാമത്തിൽ നിന്ന് ആശ്വാസം പകരുന്നതാണ് രണ്ടു പദ്ധതികളും.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നൂറോളം ഗ്രാമങ്ങൾക്ക് പ്രയോജനം ചെയ്യുന്ന കെ.ഐ.പിയുടെ ഇടത്, വലതുകര കനാലുകളുടെ ആകെ നീളം 911.18 കിലോമീറ്ററുണ്ട്.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പി.ഐ.പി പദ്ധതിയുടെ ആകെ നീളം 287കിലോമീറ്ററാണ്. സംസ്ഥാന ജലസേചന വകുപ്പിന് കീഴിലുള്ള രണ്ടു പദ്ധതികളിലെയും കനാലുകളുടെ അവസ്ഥ പരമദയനീയമാണ്. കെ.ഐ. പി കനാലുകൾ 1986ലും പി.ഐ.പി കനാലുകൾ 1992ലുമാണ് കമ്മിഷൻ ചെയ്ത് വെള്ളം ഒഴുക്കി വിട്ടത്.
കാട് കയറി,
കാട്ടുമൃഗങ്ങൾക്കിടം
കെ.ഐ.പി, പി.ഐ.പി കനാലുകൾ അറ്റകുറ്റപ്പണികളില്ലാതെ കാടുമൂടി കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളായി മാറിയിട്ട് വർഷങ്ങളായി. ആൾപ്പൊക്കത്തിലേറെ വളർന്നു നിൽക്കുന്ന പാഴ്ചെടികൾക്കിടയിൽ ഇഴജീവികളുടെ മാളങ്ങളുണ്ട്. ഏകദേശം പതിനഞ്ച് വർഷത്തോളം വാർഷിക അറ്റകുറ്റപ്പണികൾ നടത്തിയ ജലസേചന വകുപ്പ് പിന്നീട് ആ ദൗത്യം തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിച്ചതോടെയാണ് കനാലുകളുടെ ശനിദശ തുടങ്ങിയതും നാടിന് വലിയ ബാദ്ധ്യതയായതും. കാടുകയറിയ കനാലുകൾ കാട്ടുപന്നികൾ ആവാസ കേന്ദ്രമാക്കി. കടകളിലെ ഇറച്ചി മാലിന്യവും പാഴ് വസ്തുക്കളും തള്ളാനുള്ള ഇടമായി കനാലുകൾ മാറി. ചിലയിടങ്ങളിൽ തിട്ടകൾ ഇടിഞ്ഞു വീണ് കനാലുകൾ നികന്നു. കോൺക്രീറ്റ് ഭിത്തികൾ തകർന്ന പ്രദേശങ്ങളുമേറെ.
വേനൽക്കാലത്ത് തുറന്നു വിടുന്ന വെള്ളം ഗതി തിരിഞ്ഞ് വീട്ടുമുറ്റങ്ങളെ മുക്കുന്നു. വെള്ളം എത്തേണ്ടിടത്ത് എത്താതെ പാഴാകുന്നു. കൃഷി കരിഞ്ഞുണങ്ങുന്നു. നിലമൊരുക്കി വെള്ളം കാത്തിരിക്കുന്ന കർഷകർ കണ്ണീരോടെ മടങ്ങുന്നു.
നിലവിലെ കനാലുകളുടെ അറ്റകുറ്റപ്പണിയും പുതിയ കനാലുകളുടെ നിർമാണവും ഇനി തങ്ങളുടെ അജണ്ടയിൽ ഇല്ലെന്നാണ് ജലസേചന വകുപ്പ് പറയുന്നത്. ചില പഞ്ചായത്തുകളിൽ കനാൽ ശുചീകരണം തൊഴിലുറപ്പ് ജോലിയുടെ ഭാഗമായതിനാൽ കാട് തെളിക്കൽ നടന്നിട്ടുണ്ട്. തകർന്ന കനാൽ പാലങ്ങളും ഇടിഞ്ഞ തിട്ടകളും അറ്റകുറ്റപ്പണി നടത്താൻ ലക്ഷങ്ങളും ചിലപ്പോൾ കോടികളും വേണ്ടിവരും. ജലസേചന വകുപ്പിന് ഇതിനുള്ള ഫണ്ടില്ലത്രെ. ജനജീവിതത്തിന് ഭീഷണിയായി കനാലുകൾ തകർന്നാൽ മാത്രം അറ്റകുറ്റപ്പണി നടത്താൻ ആകെക്കൂടി ഒരു കോടി രൂപയുടെ ഫണ്ടാണ് ജലസേചന വകുപ്പ് വാർഷിക പദ്ധതിയിൽ നീക്കിവച്ചിരിക്കുന്നത്. അവരുടെ കാഴ്ചപ്പാടിൽ കനാലുകൾ ആദായകരമല്ല. വെള്ളത്തിന്റെ വിലയോ കനാൽ അറ്റകുറ്റപ്പണിക്കുള്ള തുകയോ ആരും നൽകുന്നില്ല. പിന്നെയെന്തിന് വെറുതെ പണം പാഴാക്കണം എന്നതാണ് ചോദ്യം.
തൊഴിലുറപ്പുകാരും കൈവിട്ടു
എല്ലാ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കനാലുകളിലൂടെ വെള്ളം തുറന്നുവിടുന്നത്. ഇതിനുമുൻപായി കനാൽ കാടുതെളിച്ച് വൃത്തിയാക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.ഐ.പി, പി.ഐ.പി അധികൃതർ ഗ്രാമപ്പഞ്ചായത്തുകൾക്ക് കത്ത് നൽകാറുണ്ട്. ചില ഗ്രാമ പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരണം ഏറ്റെടുക്കാറുണ്ട്. ഒരു പഞ്ചായത്തിൽ ചില വാർഡുകളിൽ തൊഴിലുറപ്പുകാർ കനാൽ ശുചീകരണം ഏറ്റെടുക്കുകയും മറ്റു ചിലതിൽ ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ഏതായാലും കനാൽ ശുചീകരണവും റോഡിലെ കാടുതെളിക്കലും ഇനി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനാവില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്. അങ്ങനെയെങ്കിൽ ഇനി കനാലുകളുടെ ഗതിയെന്ത് എന്ന ചോദ്യം വെല്ലുവിളിയായി ഉയർന്നു നിൽക്കുന്നു. കനാൽ ശുചീകരണത്തിനും അറ്റകുറ്റപ്പണികൾക്കും ഇനി തദ്ദേശ സ്ഥാപനങ്ങൾ വലിയ തോതിൽ ഫണ്ട് നീക്കിവയ്ക്കേണ്ടിവരും.
തദ്ദേശസ്ഥാപനങ്ങളുടെ നിലവിലെ ധനവിനിയോഗത്തിൽ കനാൽ സംരക്ഷണം ഉൾപ്പെടുന്നില്ല. കൃഷി, വെള്ളം, വെളിച്ചം, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വകുപ്പ് തിരിച്ചുള്ള പദ്ധതി രൂപീകരണത്തിൽ കനാൽ സംരക്ഷണത്തിനും പദ്ധതി തയ്യാറാക്കണം. അതിന് സർക്കാർ തലത്തിലുള്ള തീരുമാനം ഉണ്ടാകണം. അല്ലെങ്കിൽ കാട്ടിൽ അലഞ്ഞു ജീവിക്കുന്ന പന്നികൾ അടക്കമുള്ള ജീവികൾ നാട്ടിൻപുറങ്ങളും ആവാസ കേന്ദ്രങ്ങളുണ്ടാക്കും. മനുഷ്യരുടെ നിത്യജീവിതത്തിന് ഇപ്പോൾത്തന്നെ കാട്ടുപന്നികൾ വലിയ ഭീഷണിയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |