3-0ത്തിന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് മുംബയ് സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമത്
മഡ്ഗാവ് : ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച മുംബയ് സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇരട്ടഗോളുകൾ നേടിയ ലൊ ഫൊൻഡ്രേയും ഒരു ഗോളടിച്ച ഹെർനാൻ സന്റാനയുമാണ് മുംബയ്‌യുടെ സ്കോററർമാർ.ഇതോടെ മുംബയ്ക്ക് മൂന്ന് കളികളിൽ നിന്ന് ആറുപോയിന്റായി. രണ്ട്കളികളും ജയിച്ച് ആറുപോയിന്റുള്ള മോഹൻബഗാനെയാണ് മുംബയ് പിന്നിലാക്കിയത്. ഈ സീസണിൽ ഐ.എസ്.എൽ അരങ്ങേറ്റം കുറിച്ച ഈസ്റ്റ് ബംഗാളിന്റെ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ മോഹൻ ബഗാനോടാണ് തോറ്റത്.
മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ ഇരുടീമുകളും ആക്രമണവീര്യം കാട്ടിയിരുന്നു. .ഒൻപതാം മിനിട്ടിൽ ഗോളി ദേബ്‌ജിത്ത് മജുംദാറിന്റെ ഒരു കിടിലൻസേവാണ് ഈസ്റ്റ്ബംഗാളിനെ ഗോൾ വഴങ്ങുന്നതിൽ നിന്ന് താത്കാലികമായെങ്കിലും രക്ഷിച്ചത്.പ്രതിരോധത്തിൽ പിഴവ് കാട്ടിയ സുർചന്ദ്ര സിംഗിനെ മറികടന്ന് ബൗമസ് തൊടുത്ത ഷോട്ട് ഫുൾലെംഗ് ഡൈവിലൂടെ ദേബ്‌ജിത്ത് സേവ് ചെയ്യുകയായിരുന്നു.
എന്നാൽ 20-ാം മിനിട്ടിൽ ലെ ഫൊൻഡ്രേയിലൂടെ മുംബയ് സിറ്റി സ്കോർ ബോർഡ് തുറക്കുകതന്നെ ചെയ്തു.ബോർജസും ബൗമസും ചേർന്ന് ഇടതുഫ്ളാങ്കിലൂടെ നടത്തിയ ഒരു നുഴഞ്ഞുകയറ്റത്തിലൂടെ തുറന്ന ഗോൾമുഖത്തേക്ക് വന്ന പാസാണ് ലെ ഫൊൻഡ്രേവലയിലേക്ക് തട്ടിയിട്ടത്. ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിന്റെ അലസതമുഴുവൻ തുറന്നുകാട്ടുന്നതായിരുന്നു ഈ ഗോൾ.ആദ്യ പകുതിയിൽ ലീഡ് നിനിറുത്തുന്നതിൽ മുംബയ്ക്ക് വലിയ വെല്ലുവിളി ഉയർന്നില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ലെ ഫൊൻഡ്രേ വീണ്ടും ബംഗാളുകാരുടെ വലകുലുക്കി.ഗോളി ദേബ്‌ജിത്ത് ബൗമസിനെ മുന്നോട്ടുകയറി ചാർജ് ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് ഗോളായി മാറിയത്. 59-ാം മിനിട്ടിൽ ജെഹോയുടെ ഫ്രീകിക്കിൽ നിന്ന് ബൗമസ് നൽകിയ പാസാണ് ഹെർനാൻ സന്റാന ഗോളാക്കിമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |