കാസർകോട്: പെരിയ കല്ല്യോട്ടെ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന സുപ്രീംകോടതി വിധി വന്ന ദിവസം, കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെയും ശരത് ലാലിന്റെ അച്ഛൻ സത്യനാരായണന്റെയും നേതൃത്വത്തിൽ മുഴുവൻ കുടുംബാംഗങ്ങളും കല്ല്യോട്ട് ഭഗവതിഅമ്മയുടെ സന്നിധിയിലെത്തി തൊഴുതു. തുടർന്ന്, മക്കൾ അന്ത്യവിശ്രമം കൊള്ളുന്ന സ്‌മൃതിമണ്ഡപത്തിലെത്തി പ്രാർത്ഥനകളോടെ കാത്തിരുന്നു. രണ്ടുമണിക്ക് വിധി വരുന്നത് വരെ.
നേരത്തേ, രണ്ടു വിധികൾ ഹൈക്കോടതിയിൽ നിന്നുണ്ടായ നാളുകളിലും ഇതേ പോലെ പ്രാർത്ഥനയിലായിരുന്നു കുടുംബങ്ങൾ. സി.ബി.ഐ അന്വേഷണത്തിനെതിരായ സർക്കാർ അപ്പീൽ തള്ളിക്കൊണ്ടുള്ള വിധി പുറത്തു വന്നതോടെ, കുടുംബം ഒന്നാകെയും കോൺഗ്രസ് പ്രവർത്തകരും പോരാടി നേടിയതിന്റെ ആഹ്ലാദം പങ്കിട്ടു. കല്ല്യോട്ട്, പെരിയ ഭാഗങ്ങളിൽ പ്രകടനവും നടത്തി. 'പിണറായി സർക്കാർ ഈ നാട്ടിലെ പാവങ്ങൾക്ക് വേണ്ടിയല്ല നിലകൊള്ളുന്നതെന്ന് തെളിയിച്ച വിധിയാണിത്. ഞങ്ങളുടെ മക്കളെ കൊന്നവരെ രക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്...' കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെ വാക്കുകളിൽ രോഷവും സന്തോഷവും. ഞങ്ങൾക്ക് ഒടുവിൽ നീതി ലഭിച്ചു. രണ്ട് വിധി ഞങ്ങൾക്ക് അനുകൂലമായിട്ടും സർക്കാർ കോടതിയിൽ പോയത് പ്രതിഷേധാർഹമാണ്.
ഇന്നാട്ടിലെ അമ്മമാരുടെ പ്രാർത്ഥനയാണ് ഈ വിധി. സി.ബി.ഐ അന്വേഷണത്തിൽ, ഗൂഢാലോചന നടത്തിയവരടക്കമുള്ളവരെ തുറന്നുകാട്ടാൻ കഴിയുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്..' കൃഷ്ണൻ 'കേരള കൗമുദി' യോട് പറഞ്ഞു.
സി.ബി.ഐ ഉടൻ അന്വേഷണത്തിനായി പെരിയയിലെത്തിയാൽ, ലോക്സഭാ തിരഞ്ഞെടുപ്പിലെ പോലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പെരിയ ഇരട്ടക്കൊലപാതകം ചൂടേറിയ വിഷയമാകും. യഥാർത്ഥ കൊലയാളികളെയും കൊല്ലിച്ചവരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും ഒന്നാം പ്രതി പീതാംബരനും കൊല്ലപ്പെട്ടവരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നുമാണ് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.
പിണറായിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രൻ
പെരിയകേസിലെ സുപ്രീംകോടതി വിധി മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ അടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കൊലയാളികളെ രക്ഷിക്കാൻ ഹൈക്കോടതിയിൽ 87ലക്ഷം രൂപയാണ് സർക്കാർ ചെലവിട്ടത്. സുപ്രീംകോടതിയിൽ എത്രയാണ് ചെലവിട്ടതെന്നറിയില്ല. ഇനിയെങ്കിലും കൊലപാതകികളെയും അഴിമതിക്കാരെയും രക്ഷിക്കാൻ സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിക്കരുതെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |