തിരഞ്ഞെടുപ്പ് കാലമാണ്. ആവേശം കേറുമ്പോൾ ചിലർക്കെങ്കിലും നാക്ക് പിഴ സംഭവിക്കാറുണ്ട്. നാക്ക് പിഴകൾ എതിർസ്ഥാനാർത്ഥിയുടെ വിജയത്തിന് കാരണവുമായിട്ടുണ്ട്. ''വായിൽ വരുന്നത് കോതക്ക് പാട്ട് "" എന്ന രീതിയിൽ പ്രസംഗിക്കരുത്. അധിക്ഷേപകരവും നിന്ദ്യവുമായ പരാമർശങ്ങൾ നേതാക്കളിൽ നിന്ന് വരുന്നത് അന്തസുറ്റ സമീപനമല്ല. പൊതുസമൂഹം ഈ സമീപനം ഒരിക്കലും അംഗീകരിക്കുകയില്ല.
2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വേളയിൽ അന്ന് ഇടതുമുന്നണി വിട്ട് യു.ഡി.എഫ് ചേരിയിൽ എത്തിയ എൻ.കെ.പ്രേമചന്ദ്രന് എതിരെ പിണറായി വിജയൻ നടത്തിയ ''പരനാറി"" പ്രയോഗം അണികൾക്ക് ആവേശം പകർന്നെങ്കിലും സ്വന്തം സ്ഥാനാർത്ഥിയുടെ തോൽവിക്ക് ഇടവരുത്തി. നിർണായക സന്ദർഭത്തിൽ മുന്നണി വിട്ടയാളോടുള്ള അരിശമാണ് ആ പരാമർശമെന്ന് വിശദീകരിച്ചെങ്കിലും ജനം അത് അംഗീകരിച്ചില്ലെന്ന് ഫലം വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ നിഷ്പക്ഷമതികളായ വോട്ടർമാരെ സ്വാധീനിക്കും; അവർ തിരിഞ്ഞ് വോട്ട് ചെയ്യും.
ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് ആലത്തൂർ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർ ത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ എ.വിജയരാഘവൻ നടത്തിയ പരാമർശവും വലിയ ജനരോഷ മുണ്ടാക്കി. ഇടതുകോട്ടയിൽ രമ്യ ഹരിദാസ് പാട്ടുംപാടി ജയിച്ചു. സ്ത്രീ സ്ഥാനാർത്ഥികളെ പരാമർശിക്കുമ്പോൾ പ്രത്യേക ശ്രദ്ധയും ജാഗ്രത യും വേണം 'അവൾ", 'എടീ" എന്നീ പ്രയോഗങ്ങൾപോലും ഒട്ടും കുലീനമല്ല. ഈ വാക്കുകളിൽ ഒരു കയ്പ് ഉണ്ട്. നാവിന്റെ വിലയുംനിലയും തിരിച്ചറിയാതെ പ്രയോഗിക്കുന്ന വാക്കുകൾ സ്വന്തം മൂല്യം കുറയ്ക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ഒരു പ്രയോഗം ബി.ജെ.പി.യുടെ എതിരാളികൾക്കു കിട്ടിയ വടിയായി. അട്ടപ്പാടിയിലെ ശിശുമരണ വിഷയം പ്രതിപാദിക്കുമ്പോൾ സോമാലിയായുമായി ചേർത്ത് കേരളത്തിന്റെ പൊതുസ്ഥിതി പറഞ്ഞതാണ് വിവാദ മായത്. കേരളത്തെ നരേന്ദ്രമോഡി അപകീർത്തിപ്പെടുത്തിയെന്ന വാദമാണ് യു.ഡി.എഫ്., എൽ.ഡി.എഫ് മുന്നണികൾ അന്ന് ഉയർത്തിയത്.
തെരഞ്ഞെടുപ്പുകളിൽ വിജയമുഹൂർത്തം കുറിക്കാൻ സഹായിക്കുന്ന അത്ഭുതസിദ്ധികളുള്ള ആയുധമാണ് പ്രസംഗം. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. വാക്കുകൊണ്ടും തന്റെ താത്വിക നിലപാട് കൊണ്ടും വിജയംനേടിയ വ്യക്തിത്വമാണ്. 1991 ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് കാലത്ത് ഇറാക്കും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും യുദ്ധമുഖത്തായിരുന്നു. കോൺഗ്രസ് അമേരിക്കയുടെ നീക്കങ്ങളെ അനുകൂലിച്ചപ്പോൾ വേറിട്ട തന്ത്രവുമായി ഇ.എം.എസ് രംഗത്ത് വന്നു. സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടമാണ് സദ്ദാം ഹുസൈൻ നടത്തുന്നതെന്ന് ഇ.എം.എസ്. പ്രസംഗിച്ചു. അത് ഗുണം ചെയ്തു. സദ്ദാമിനെ അനുകൂലിക്കുന്നവരുടെ വോട്ട് ഒന്നിച്ച് ഇടതുപക്ഷത്തിന് ലഭിച്ചു. 14-ൽ 13 ജില്ലകളിലും ഇടതുപക്ഷം ജില്ലാ കൗൺസിൽ വിജയികളായി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി നീക്കങ്ങൾ ഇസ്ലാമിന് എതിരാണെന്ന ചിന്ത പ്രചരിപ്പിക്കപ്പെട്ടതോടെ മുസ്ലിം വോട്ടുകൾ ഒന്നിച്ച് യു.ഡി.എഫിന് അനുകൂലമായി. 20-ൽ 19 സീറ്റും യു.ഡി.എഫ് നേടി.
''കൈവിട്ട കല്ലും വാവിട്ട വാക്കും'' തിരിച്ചെടുക്കാനാവില്ല എന്നാണ് പഴമൊഴി. ഒരാളുടെ നാവിലൂടെ പുറത്തുവരുന്നത് അയാളുടെ സംസ്കാരമാണ്. ജനകീയഭാഷ അശ്ലീലമാകുന്നത് നന്നല്ല. വാക്കുകൾകൊണ്ട് വ്യക്തിഹത്യ നടത്തരുത്. മുറിവേല്പിക്കുന്നതും ശരിയല്ല. വ്യക്തിഹത്യകൾ കുറ്റകരവും ശിക്ഷാർഹവുമാണ്. മാനനഷ്ട ക്കേസുകൾ ഉണ്ടാകാം. ''നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം''എന്ന പ്രാർത്ഥന ചൊല്ലി പഠിച്ചുവന്ന പഴയ തലമുറയിലെ സാമാന്യവിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ നേതാക്കൾപോലും അന്തസുറ്റ രീതിയിലാണ് എതിരാളികളെ വിമർശിച്ചിട്ടുള്ളത്. ഓർക്കുക; നാവ് തന്നെ വിജയവും; നാവ് തന്നെ പരാജയവും കൊണ്ടുവരും.
(ഫോൺ: 8075789768)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |