മനുഷ്യരിലെയും മൃഗങ്ങളിലെയും സസ്യങ്ങളിലെയും ജൈവഘടികാരത്തിന്റെ പ്രവർത്തന രഹസ്യം ലോകത്തിനു മുൻപിൽ അനാവരണം ചെയ്ത മികവിനാണ്, അമേരിക്കൻ ശാസ്ത്രജ്ഞരായ ജെഫ്രി സി. ഹോൾ, മൈക്കെൽ റോസ് ബാഷ്, മൈക്കെൾ ഡബ്ല്യൂ.യജ് എന്നിവർക്ക് 1997ൽ നോബൽ സമ്മാനം ലഭിച്ചത്. മഹത്തായ ഈ കണ്ടുപിടുത്തത്തിന്റെ ഉറവ തേടിപ്പോയാൽ ഒരു നൂറ്റാണ്ട് പിന്നിൽ ഭാരതഭൂമിയിലായിരിക്കും നാം ചെന്നെത്തെപ്പെടുക. രാത്രിക്കും പകലിനുമനുസരിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇതനുസരിച്ച് ഒരോസസ്യവും മൃഗവും മനുഷ്യനും അതിന്റെ ശരീര പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതാണ് ജൈവഘടികാരം.ഇതിനായുള്ള പഠനം പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചിരുന്നെങ്കിലും അത്തരം അന്വേഷണങ്ങളിലെ നിർണായക നേട്ടങ്ങൾ ഇരുപതാം നൂറ്റാണ്ടിലാണുണ്ടാകുന്നത്. അതിൽ പ്രധാനം,ഭാരതീയ ശാസ്ത്രജ്ഞനായിരുന്ന ജെ.സി. ബോസെന്ന സർ ജഗദീഷ് ചന്ദ്ര ബോസിന്റെതായിരുന്നു. സസ്യങ്ങൾക്കും ജീവനുണ്ടെന്ന ജെ.സി.ബോസിന്റെ വിപ്ലവകരമായ കണ്ടെത്തലാണ് പിൽക്കാലത്ത് ഇത് സംബന്ധിച്ച എല്ലാ കണ്ടുപിടുത്തങ്ങൾക്കും കാരണഭൂതമായി ഭവിച്ചത്.
ശ്വാസകോശമില്ലെങ്കിലും ചെടികളും മരങ്ങളും ശ്വസിക്കുന്നുണ്ടെന്നും ഹൃദയമില്ലെങ്കിലും അവ വേരിൽ നിന്നും ഉയർന്നശാഖാഗ്രങ്ങൾ വരെയും ദ്രാവകങ്ങൾ എത്തിക്കുന്നുണ്ടെന്നും മുറിവേൽപ്പിച്ചാൽ അവയ്ക്ക് വേദനിക്കുന്നുണ്ടെന്നുമുള്ള അറിവുകൾ ശാസ്ത്രലോകത്തിനാകെ പുതുമയുള്ളതായിരുന്നു.അന്നുവരെ ശാസ്ത്രജ്ഞന്മാർക്ക് മറിച്ചായിരുന്നു,ധാരണ. ചെടികളുടെ വളർച്ച, ചെടികളിലേൽപിക്കുന്ന ബാഹ്യ പ്രേരണകളിൽ ചെടികളുടെ പ്രതിപ്രവർത്തനം എന്നിവ തന്റെ തന്നെ കണ്ടുപിടുത്തമായ ക്രെസ്കോ ഗ്രാഫ് ഉപയോഗിച്ചാണ് അളന്നത്. 1901 മേയ് 10ന് ലണ്ടനിലെ റോയൽ സൊസൈറ്റി ഹാളിൽ ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ മുന്നിൽ ബോസ് തന്റെ പരീക്ഷണ നിരീക്ഷണങ്ങൾ വിവരിച്ചപ്പോൾ പലരുടെയും മുഖത്ത് പരിഹാസച്ചിരിയായിരുന്നു. ഉടൻ തന്നെ തന്റെ കോട്ടിൽ സൂക്ഷിച്ചിരുന്ന ക്രെസ്കോഗ്രാഫ് പുറത്തെടുത്ത് അതുപയോഗിച്ച് സസ്യങ്ങളുടെ സ്പന്ദനങ്ങളും പ്രതികരണങ്ങളും കാട്ടി കൊടുത്തപ്പോൾ റോയൽ സൊസൈറ്റിയിൽ സന്നിഹിതരായിരുന്ന ശാസ്ത്രജ്ഞരാകെ അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി. പക്ഷേ, ഇതു സംബന്ധിച്ച നിരീക്ഷണങ്ങളെല്ലാം പ്രസിദ്ധീകരിച്ചെങ്കിലും അതിന് ഔദ്യോഗികമായ അംഗീകാരം ലഭിച്ചില്ല. സസ്യങ്ങൾക്ക് ജീവനുണ്ടെന്നും അവ ബാഹ്യപ്രേരണകൾക്ക് പ്രതികരിക്കുന്നുണ്ടെന്നും തെളിയിക്കാനദ്ദേഹം ഉപയോഗിച്ചത് മൈമോസാ പൂഡിക്കാ (തൊട്ടാവാടി) ഡെസ്മോഡിയം ഗൈറൻസ് (രാമനാമപച്ച) എന്നീ ഉഷ്ണമേഖലാ ചെടികളാണ്.അദ്ദേഹത്തിന്റെ പരീക്ഷണ-നിരീക്ഷണങ്ങൾ വഴി ജന്തു - സസ്യകോശങ്ങളുടെ സമാന്തരത്വം ശാസ്ത്രീയമായി തെളിയിക്കപ്പെടുകയായിരുന്നു.ചെടികളിൽ പ്രകടമാകുന്ന ചെറിയ ചലനങ്ങളെ അദ്ദേഹം 'ചെടികളുടെ വൈകാരിക ശേഷി 'യായിട്ടാണ് വിശേഷിപ്പിച്ചിരുന്നത്.
1937 നവംബർ 23ന് ഗിരിഡി(ഇപ്പോൾ ജാർഖണ്ഡ്) യിൽ എഴുപത്തെട്ടാമത്തെ വയസിൽ ബോസ് ദിവംഗതനായി. അദ്ദേഹത്തിന്റെ ധർമ്മ പത്നി അബലാ ബോസ് 1951 ൽ തന്റെ എൺപത്തേഴാമത്തെ വയസിൽ ഇഹലോകം വെടിഞ്ഞു. ജെ.സി. ബോസിന് സർ പദവി ലഭിച്ച ശേഷം ലേഡി ബോസ് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.ജെ.സി.ബോസെന്ന ബഹു മുഖ പ്രതിഭയെ ബ്രിട്ടിഷ് സർക്കാർ തിരിച്ചറിഞ്ഞ് അംഗീകാരം നൽകിയത് വളരെ വൈകിയാണ്. റേഡിയോ കണ്ടു പിടിച്ച നോബേൽ ജേതാവായ മാർക്കോണിക്ക് പോലും തന്റെ കണ്ടുപിടുത്തങ്ങൾക്ക് ജെ.സി. ബോസിന്റെ ഉപകരണങ്ങൾ വളരെയേറെ പ്രയോജനകരമായിരുന്നെന്ന് പിൽക്കാലത്ത് സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ അദ്ദേഹത്തിനു വേണ്ടി സാമ്പത്തിക സ്രോതസ് കണ്ടെത്താനും കൈയെഴുത്തു പ്രതികൾ സമർപ്പിക്കാനുമൊക്കെ സഹായിച്ചിരുന്നത് സിസ്റ്റർ നിവേദിതയായിരുന്നു.രവീന്ദ്രനാഥ ടാഗോർ ജെ.സി. ബോസിനെ ഇന്ത്യൻ ദേശീയതയുടെ വിജയപ്രതീകമായി പ്രകീർത്തിച്ചു.പല ദശാബ്ദങ്ങൾ മുൻപ് വരെ നമ്മുടെ പാഠപുസ്തകങ്ങളിലൂടെ ജഗദീഷ് ചന്ദ്രബോസെന്ന എക്കാലത്തെയും പ്രതിഭാധനനായിരുന്ന ശാസ്ത്രജ്ഞന്റെ സംഭവബഹുലമായ ജീവിതം വളരെ പ്രാധാന്യത്തോടെ പഠിപ്പിച്ചിരുന്നു.ഇന്നിപ്പോൾ അത് അപ്രത്യക്ഷമായിരിക്കുന്നു. ശാസ്ത്രലോകത്തിന് ഭാരതത്തിന്റെ സംഭാവന എന്തെന്ന് സംശയിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും ആശ്വാസമാകുമെങ്കിലും ആത്മാഭിമാനമുള്ള ഓരോ ഭാരതീയന്റെയും നെഞ്ചിലേൽക്കുന്ന മുറിവുകളാണ് അത്തരം വിസ്മൃതികൾ സൃഷ്ടിക്കുന്നതെന്ന കാര്യം മറക്കരുത്.
(ലേഖകന്റെ ഫോൺ :9746724824)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |