തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനാ വിവാദത്തിൽ ക്ഷീണം തട്ടിയ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ധനമന്ത്രി തോമസ് ഐസക്കിനു മേൽ, 'ഡമോക്ലിസിന്റെ വാൾ' പോലെ വരും ദിവസങ്ങളിൽ നിയമസഭാ പ്രിവിലേജസ് കമ്മിറ്റിയുടെ തുടർ നടപടികളും തൂങ്ങിക്കിടക്കും.
കെ.എസ്.എഫ്.ഇ വിഷയത്തിലെന്നപോലെ, കിഫ്ബിക്കെതിരായ സി.എ.ജി പരാമർശത്തിലും ഐസക് എടുത്തു ചാടിയെന്ന് കരുതുന്നവരാണ് പാർട്ടിയിൽ ഭൂരിപക്ഷവും. സ്പീക്കറുടെ തീരുമാനം വന്നതോടെ, സി.എ.ജി റിപ്പോർട്ടിനെ ചൊല്ലിയുണ്ടായ വാദകോലാഹലങ്ങൾ അന്തരീക്ഷത്തിൽ സജീവമായി നിൽക്കുമെന്നതാണ് ഐസക്കിനെ പ്രതിസന്ധിയിലാക്കുന്നത്. സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്തെങ്കിലും, തുടർ നീക്കങ്ങൾ അദ്ദേഹവും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
പ്രതിപക്ഷം ഐസക്കിനെതിരായ പ്രതിഷേധം കനപ്പിച്ചുതുടങ്ങി. ജനുവരിയിൽ നിയമസഭ സമ്മേളിക്കുമ്പോൾ സി.എ.ജി വിഷയം കത്തിജ്വലിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമവർ.
അതിനേക്കാളുപരി, സി.പി.എമ്മിനകത്താണ് ഐസക് കടുത്ത സമ്മർദ്ദം നേരിടുന്നത്. കെ.എസ്.എഫ്.ഇ വിവാദം അടഞ്ഞ അദ്ധ്യായമെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞതെങ്കിലും, പുറത്ത് നടത്തിയ പ്രതികരണത്തിൽ ഐസക് അത്തരമൊരു സൂചനയല്ല നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ഇത് വീണ്ടും ചർച്ച ചെയ്യുമെന്ന ഐസക്കിന്റെ വാദത്തെ പക്ഷേ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ തന്നെ ഇന്നലെ തള്ളി. അടഞ്ഞ അദ്ധ്യായത്തിനു മേൽ ഇനി പുതിയ വ്യാഖ്യാനത്തിന് പ്രസക്തിയില്ലെന്നാണ് പറഞ്ഞത്. ഐസക്കിനുള്ള കർശന സന്ദേശമാണിത്.
മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന്റെ തുടർച്ചയായി സി.പി.എം സെക്രട്ടേറിയറ്റും താക്കീതിന്റെ സ്വരത്തോടെ തള്ളിയതോടെ പാർട്ടിക്കുള്ളിൽ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായി ഐസക്. ഇടതുമുന്നണിയിലും ഇതേ അവസ്ഥയാണ്. കെ.എസ്.എഫ്.ഇയിലെ മിന്നൽ പരിശോധനയെ എതിർത്ത് പാർട്ടി പത്രത്തിൽ മുഖപ്രസംഗമെഴുതിയ സി.പി.ഐ ഇന്നലെ കളം മാറ്റി. ധനമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നെന്നാണ് ഇന്നലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.
മുളയിലേ നുള്ളി മുഖ്യമന്ത്രി
പാർട്ടിക്കുള്ളിൽ വീണ്ടുമൊരു ശാക്തിക ചേരിക്ക് ഐസക്കിന്റെ നേതൃത്വത്തിൽ കോപ്പ് കൂട്ടുന്നോയെന്ന സംശയം സി.പി.എമ്മിനകത്ത് ശക്തമാകാൻ പുതിയ സംഭവവികാസങ്ങൾ വഴിയൊരുക്കിയിട്ടുണ്ട്. പൊലീസ് നിയമഭേദഗതിക്ക് തിരുത്ത് വേണ്ടിവന്നതോടെ, മുഖ്യമന്ത്രിക്ക് നേരെ ആദ്യമായി ചോദ്യമുയർന്നെന്ന ചർച്ചകൾ സി.പി.എമ്മിലുണ്ടായി. ഇതിന് പിന്നാലെയാണ് വിജിലൻസ് പരിശോധനയിൽ ഐസക്കിന്റെ തുറന്ന വിമർശനം. പുതിയ കരുനീക്കങ്ങൾ മനസിലാക്കി മുഖ്യമന്ത്രി അതിന് തുടക്കത്തിലേ തടയിടുകയായിരുന്നു. ഐസക് എന്നല്ല, ആരുടെയും നേതൃത്വത്തിൽ ശാക്തികചേരിക്ക് ശ്രമം വേണ്ടെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. അതുകൊണ്ടുതന്നെ തുടർ നീക്കങ്ങൾ ഐസക്കിന് വിനയായി മാറുമെന്ന് സി.പി.എമ്മിൽ കരുതുന്നവരും ഏറെയാണ്. ഇ.ഡിയുടെ അന്വേഷണങ്ങളിലടക്കം വരുംനാളുകളിൽ സംഭവിക്കാനിടയുള്ള ഗതിവിഗതികളിലേക്കും പാർട്ടിയിൽ പലരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |