തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം ഒഴിവാക്കേണ്ടിയിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പൊതുമേഖലാസ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന നടത്തുന്ന ആദ്യസംഭവമല്ല ഇതെന്നും അത്തരം ഘട്ടങ്ങളിലൊന്നും മന്ത്രിമാർ ഇതുപോലെ പ്രതികരിക്കാറില്ലെന്നും കേസരി ഹാളിൽ മുഖാമുഖം പരിപാടിയിൽ കാനം ചൂണ്ടിക്കാട്ടി.
പൊതുമേഖലാസ്ഥാപനങ്ങളിൽ ഇത്തരം പരിശോധനകളുണ്ടാകുമ്പോൾ അതത് സ്ഥാപനത്തിന്റെ ചെയർമാനോ മാനേജിംഗ് ഡയറക്ടറോ ഒക്കെ പ്രതികരിക്കാറുണ്ട്. ഇവിടെയും അതായിരുന്നുവെങ്കിൽ കുഴപ്പമുണ്ടാകില്ലായിരുന്നു. വിജിലൻസ് പരിശോധന മന്ത്രിയെ അറിയിക്കണമെന്ന് നിർബന്ധമില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്പരം അവിശ്വാസം പ്രകടിപ്പിക്കുമ്പോഴാണ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമാകുന്നത്. ഇവിടെ മുഖ്യമന്ത്രിയോ ധനമന്ത്രിയോ അത്തരമൊരു കാര്യം പറഞ്ഞിട്ടില്ല.
കെ.എസ്.എഫ്.ഇ പരിശോധനയുമായി ബന്ധപ്പെട്ട് സി.പി.ഐ മുഖപത്രം പ്രകടിപ്പിച്ച അഭിപ്രായം പൂർണമായി പാർട്ടി നിലപാടായി കണക്കാക്കേണ്ട. കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത നഷ്ടമാകുന്നതിനെക്കുറിച്ചുള്ള ആശങ്കയാണതിൽ പങ്കുവച്ചത്. അതിൽ മറ്റൊന്നും കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |