കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസിലും നോതാക്കളുടെ വീടുകളിലും റെയ്‌ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് നടപടിയിൽ പ്രവർത്തകരുടെ പ്രതിഷേധം. കർഷക സമരത്തിൽ പ്രതിസന്ധിയിലായ സർക്കാരിന്റെ മുഖം രക്ഷിക്കാനുളള നടപടിയാണ് റെയ്‌ഡെന്ന് പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം പറഞ്ഞു. കേന്ദ്ര സർക്കാർ പ്രതിന്ധിയിലാവുമ്പോൾ മുഖം രക്ഷിക്കാൻ ഇത്തരം വാർത്തകൾ ഉണ്ടാക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാൻ ഇ ഡിയെ ഉപയോഗിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ റെയ്ഡ് എന്നാണ് അദ്ദേഹം പറഞ്ഞത്.
സാമ്പത്തികമായ ആരോപണങ്ങളാണ് ഏത് പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഇല്ലാതാക്കാൻ ഉപയോഗിക്കുക. അത് ഭരണകൂടം ചെയ്‌തു കൊണ്ടേയിരിക്കുമെന്നും നസറുദ്ദീൻ എളമരം വ്യക്തമാക്കി. അഞ്ച് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നസറുദ്ദീൻ എളമരം, ഒ എം എ സലാം, കരമന അഷ്റഫ് മൗലവി, ഇ എം അബ്ദുറഹ്മാൻ, പ്രൊഫ പി കോയ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന്റെ തമിഴ്നാട്, കർണാടക നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നുവെന്നും നസറുദ്ദീൻ എളമരം പറഞ്ഞു.
കരമന അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിൽ കൊച്ചിയിൽ നിന്നുളള സംഘമാണ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡിന് ശേഷം സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് രേഖാമൂലം എഴുതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |