തിരുവനന്തപുരം: സിനിമയുടെ ദൃശ്യ സാദ്ധ്യത അതേപോലെ നോവലുകളിൽ പ്രാപ്യമല്ലെങ്കിലും അക്ഷരങ്ങൾ കൊണ്ട് അതിശയകരമായി മറ്റൊരു ദൃശ്യാനുഭൂതി വായനക്കാർക്ക് പകർന്ന് നൽകിയ ചലച്ചിത്രകാരന്മാർ ഉണ്ട്. സംവിധായകനും കഥാകൃത്തുമായ ഷെബി ചൗഘട്ട് ഇപ്പോൾ ആ ഒരു പാതയിലാണ്. കൊവിഡ് കാലം വിരസമാക്കിയ ദിനങ്ങളിൽ ഒരു നോവലിന്റെ നോവിലായിരുന്നു ഷെബി. മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലും ഓൺലൈൻ വായനക്കാർക്ക് നല്ലൊരു വായനാനുഭവം നൽകുകയാണ് 'എ ഹോം എവേ ഫ്രം ഹോം' എന്ന നോവൽ. ഷെബി ചൗഘട്ട് സംസാരിക്കുന്നു.
ഈ നോവലിലേയ്‌ക്കുളള മനസൊരുക്കം എങ്ങനെയായിരുന്നു..?
ജോ ജോ നായകനായി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. പ്രി പ്രൊഡക്ഷൻ വർക്കുകളും ആരംഭിച്ചു.അപ്പോഴാണ് കൊവിഡ് വ്യാപനവും ലോക്ക് ഡൗണും ഉണ്ടായത്. ആ ഇടയ്‌ക്ക് ഒരു പ്രവാസിയുടെ അനുഭവം ഓൺലൈനിൽ വായിക്കാൻ ഇടയായി. അതായിരുന്നു ഇൻസ്പിരേഷൻ.
ഇതൊരു പ്രവാസ ജീവിതത്തിന്റെ കഥയാണോ?
മുഴുവനായും ഒരു പ്രവാസ ജീവിത കഥയല്ല. പക്ഷേ ഒരു പ്രവാസിയുടെ കഥയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഒരു പ്രവാസിയുടെ അനുഭവങ്ങളാണ് ഉളളടക്കം.
ദുബായിലെ ഷേക്ക് മുഹമ്മദിന്റെ ഒരു ഛായാചിത്രം ഈ നോവലിൽ ഒരു കഥാ പാത്രമായി തന്നെ വരുന്നുണ്ട്.
നോവലിന് ഒരു ട്രെയിലർ എന്ന ഐഡിയ എങ്ങനെ വന്നു?
ഒരു സംവിധായകന്റെ മനസ്സുളളത് കൊണ്ടാവാം എനിക്ക് അങ്ങനെ ഒരു ചിന്ത ഉണ്ടായത്. അത് നല്ലൊരു ചിന്തയായിരുന്നുവെന്ന് ഇപ്പോൾ ബോദ്ധ്യമാവുന്നുണ്ട്. ലാൽ ജോസിനു വേണ്ടി 41 എന്ന സിനിമയ്ക്ക് തിരക്കഥ പൂർത്തിയാക്കിയിരുന്നു.എന്നാൽ ലാൽ ജോസ് 41ന്റെ കഥ മാത്രമാണ് എടുത്തത്. ആ സ്ക്രിപ്റ്റിലെ സന്ദർഭങ്ങൾ നോവൽ രചനയിൽ സഹായകമായി. രചനയിൽ എന്റെ ദുബായിലുള്ള സുഹൃത്ത് മുഹമ്മദ് റിഷിൻ വളരെയധികം സഹായം ചെയ്തിട്ടുണ്ട്. നോവലിന്റെ അറബി പരിഭാഷ ഗൂഡല്ലൂർ സ്വദേശി അബു താഹിറാണ് നിർവ്വഹിച്ചത്. ഇംഗ്ലീഷ് തർജ്ജമ ആസ്ട്രേലിയയിൽ താമസമാക്കിയ തിരുവനന്തപുരം സ്വദേശി സ്‌മിതാ ആന്റണിയും നിർവഹിച്ചു. നോവൽ ട്രെയിലർ സംവിധാനം ചെയ്‌തത് ശ്രീനാരായണ സ്‌കൂൾ വിദ്യാർത്ഥിനിയായ അഫ്നാ റെഫിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |