ഒരിക്കൽ ഗാന്ധിജി പറഞ്ഞു : "പ്രകൃതിയിൽ നിന്നല്ലാതെ മറ്റൊരു പ്രചോദനത്തിന്റെ ആവശ്യം എനിക്കില്ല, പ്രകൃതി ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. മറിച്ച് അവൾ എന്നെ നിഗൂഢമായി, അന്ധാളിപ്പിച്ചു, ഹർഷോന്മാദനാക്കി. സ്രഷ്ടാവിന്റെ ഈ കരവേലയെ മനുഷ്യൻ വിലകുറച്ച് കാണുകയാണ്. അസ്തമയ സൂര്യൻ എന്ന അദ്ഭുതത്തേയോ ചന്ദ്രബിംബത്തിന്റെ സൗന്ദര്യത്തേയോ ഞാൻ ആരാധിക്കുമ്പോൾ ഇവയെല്ലാം സൃഷ്ടിച്ചയാളെ വന്ദിക്കാൻ എന്റെ ആത്മാവ് ത്രസിക്കുന്നു." ഗാന്ധിജിയുടെ ഈ വീക്ഷണത്തെ നമ്മുടെ കുട്ടികൾ ഉൾക്കൊള്ളേണ്ടതുണ്ട്. അതിനായി അദ്ധ്യാപകരും രക്ഷാകർത്താക്കളും സമൂഹവും പ്രത്യേകം ജാഗ്രത പാലിക്കേണം. ഒരു ജീവിയുടെ തൊട്ടടുത്ത ചുറ്റുപാടിനെയാണ് പരിസരം എന്ന് പറയുന്നത്. ഒരു കുട്ടിയുടെ പരിസരവുമായുള്ള ആദ്യ സംവേദനം അമ്മയിൽ നിന്നാരംഭിക്കുന്നു. പിന്നീട് കുടുംബം, വിദ്യാലയം, അയൽപക്കം തുടങ്ങിയവയിലൂടെ വളർന്ന് വികസിക്കുന്നു.
ഒരു വ്യക്തിയുടെ ചുറ്റുപാടുമുള്ള എല്ലാ ഘടകങ്ങളെക്കുറിച്ചുമുള്ള ധാരണയും ബോധനവുമാണ് പരിസ്ഥിതിപഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുരുന്നുകളുടെ മിഴികൾ തുറക്കുന്നത് പ്രപഞ്ചത്തിന്റെ വിസ്മയക്കാഴ്ചകളിലേക്കാണ് .അതിനായി വീടിന്റെ ജാലകങ്ങൾ തുറന്നിടുക. പച്ചമണ്ണിൽ അവരുടെ പിഞ്ചുപാദങ്ങൾ
സ്പർശിക്കട്ടെ. ആ പാദങ്ങളിൽ അലിഞ്ഞു ചേരുന്നത് നാടിന്റെ പച്ചകങ്ങളാണ്. ഇതര
ജീവജാലങ്ങളെ നമ്മുടെ കുഞ്ഞുങ്ങൾ കൗതുകപൂർവം കണ്ട് ആനന്ദിക്കട്ടെ. ഞാൻ കണ്ണൂരിൽ ജോലിചെയ്തു വരവേ തീരെ കുട്ടിയായിരുന്ന എന്റെ മകൾ മുട്ടിലിഴഞ്ഞു നടക്കുന്ന സമയത്ത് കൗതുകകരമായ ഒരു കാഴ്ച കണ്ടു, എന്റെ മോൾ ഒരു ചേരയോടൊപ്പം ചിരിച്ചു തിമിർത്തു ഇഴഞ്ഞു നീങ്ങുന്നു. ഒരു കീരി നിത്യവും ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സിനടുത്ത് വന്നിരുന്ന് സാകൂതം അവളുടെ മുഖത്തേയ്ക്കു നോക്കിയിരിക്കുമായിരുന്നു. മകളുടെ ശൈശവത്തിന്റെ കൗതുക കാഴ്ചകൾ കീരി നന്നായി ആസ്വദിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. കുട്ടികളിലെ പ്രകൃതിയുമായുള്ള ഈ അഭേദഭാവം അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നമ്മുടെ രക്ഷകർത്താക്കളും അദ്ധ്യാപകരും അവരിൽ നിന്നും എടുത്ത്
മാറ്റേണ്ടതല്ല.
പോയിനാമിത്തിരി വ്യാകരണം
നാവിലാക്കിയിട്ടുവരുന്നു മന്ദം
നാവിൽനിന്നപ്പൊഴേ പൊയ്ക്കഴിഞ്ഞു
നാനാ ജഗന്മനോരമ്യ ഭാഷ'
- ഇടശ്ശേരി
'പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും'
നമ്മുടെ കുട്ടികളെ ഉദയങ്ങളും അസ്തമയങ്ങളും കാട്ടിക്കൊടുക്കണം. നമ്മുടെ കുന്നിൻ ചെരിവുകളിലും നദീതീരങ്ങളിലും കായലോരങ്ങളിലും ഉദയാസ്തമയങ്ങൾ പിറവിയെടുക്കുന്നുണ്ട്. നിതാന്തവിസ്മയശാലികളായ ചെറുജീവികളേയും നമ്മുടെ ചുറ്റുപാടുകളിലെ ജൈവവൈവിദ്ധ്യങ്ങളേയും അവർ തിരിച്ചറിയട്ടെ. റാങ്കുകളും ഗ്രേഡുകളുമല്ല ഭാവിഭാഗധേയത്തെ നിർണയിക്കുന്നത്. ലോക പ്രസിദ്ധ കനേഡിയൻ എഴുത്തുകാരി ആലിസ് മൺറ്രോയുടെ ഒരു കഥയിലെ കഥാപാത്രം പറയുന്നുണ്ട്. ഭാഷകൊണ്ട് നന്നായിട്ടൊന്ന് സൊളളാൻ പോലുമറിയാത്ത ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചെടുക്കുന്ന സമൂഹം അതിന്റെ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന്. അതിന്റെ ചില സൂചനകൾ നമുക്ക് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയപ്പെട്ട് കേവലം യന്ത്രങ്ങളായി നമ്മുടെ പുതിയ തലമുറ മാറരുത്. ഓരോ പഠിതാവിനും തന്റേതായ പഠനശൈലിയുണ്ട്. പഠനശൈലികൾ തിരിച്ചറിഞ്ഞു അനുയോജ്യമായ പാഠ്യപ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. കുട്ടികളുടെ കൗതുകം, ജിജ്ഞാസ, നിരീക്ഷണപാടവം എന്നിവ പരമാവധി പ്രോത്സാഹിപ്പിക്കണം. ദൈനംദിന ജീവിതവുമായി പഠനപ്രവർത്തനങ്ങളെ ബന്ധപ്പെടുത്തുക, കൂട്ടുകാരുമൊത്ത് സഹവർത്തിത്തത്തോടുകൂടി പ്രവർത്തിച്ച് അവരിലൊരാളായും അതുവഴി ഒരു സാമൂഹ്യജീവിയായും വളരുക. അദ്ധ്യാപകരും കുട്ടികളോടൊപ്പം ഒരു സഹപഠിതാവായി മാറുക. പരിസര പഠനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കുന്ന ക്രിയാത്മക ഉത്‌പന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരമുണ്ടാക്കുക. കൃത്യമായ ഇടവേളകളിൽ പരിസര പഠനയാത്രകൾ ആസൂത്രണം ചെയ്യുക ഇതെല്ലാം കുട്ടികളിലെ സാമൂഹിക ബോധവും പരിസ്ഥിതി ബോധവും ഊട്ടിയുറപ്പിക്കും. ആദ്യ ക്ലാസ് മുതൽ ഏതാണ്ട് എട്ടാംതരം ആകുന്നത് വരെയാണ് ഒരു കുട്ടിയുടെ ബൃഹത്തായ വികാസകാല ഘട്ടമായി പരിഗണിക്കുന്നത്. ഈ ഘട്ടം ശരീരികമായും മാനസികമായും വൈകാരികമായും സാമൂഹ്യപരമായുമുള്ള വികാസത്തിന് അടിത്തറ പാകുന്ന ഘട്ടമാണ്. മലിനമാക്കപ്പെട്ട അന്തരീക്ഷം കുട്ടികളുടെ വളർച്ചയെയും അവരുടെ സർവതോന്മുഖമായ വികാസത്തെയും സ്വാധീനിക്കുന്നു. കുട്ടികളിലെ വളർച്ചാ മുരടിപ്പ് ഉപാപചയ പ്രവർത്തനങ്ങളുടെ അസന്തുലിതാവസ്ഥ, സ്വഭാവവൈകല്യങ്ങൾ, അനവസരത്തിലുള്ള ആശങ്ക തുടങ്ങിയവ പരിസ്ഥിതി ശോഷണം മൂലമുണ്ടാകുന്നു. ഗർഭാവസ്ഥയിലടക്കം പരിസ്ഥിതി ആഘാതങ്ങൾക്ക് കുട്ടികൾ വിധേയരാകുന്നു. പ്രകൃതിസംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെയും ഉത്‌സാഹത്തോടെയും പോരാടാൻ കഴിവുള്ളവരാണ് നമ്മുടെ കുട്ടികൾ. അതിനുള്ള സാഹചര്യം അവർക്ക് ഉണ്ടാക്കിക്കൊടുക അദ്ധ്യാപകരുടെയും മുതിർന്നവരുടെയും ഉത്തരവാദിത്വമാണ്.
ജനമൈത്രി പോലീസ് അതിന്റെ ഭാഗമായുള്ള സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവ മുഖാന്തരം ചില പ്രവർത്തനങ്ങൾ നടത്തുന്നത്
നമുക്ക് പ്രത്യാശ നൽകുന്നതാണ്. ജലസംരക്ഷണം, വനവത്‌കരണം, ജൈവവൈവിദ്ധ്യ സംരക്ഷണം, വിഷരഹിത പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണം എന്നിവയൊക്കെ കുട്ടികളുടെ പ്രവർത്തനവുമായി നമുക്ക് ബന്ധപ്പെടുത്താവുന്നതേയുള്ളൂ.
ജോൺ കീറ്റ്സ് എന്ന അദ്ധ്യാപകനായ കവി തന്റെ വിദ്യാത്ഥികളെ ഒരിക്കൽ ബെഞ്ചിനു മുകളിൽ കയറ്റി നിറുത്തി. എന്നിട്ട് ജാലകങ്ങളിലൂടെ പുറത്തേക്ക് നോക്കാൻ ആവശ്യപ്പെട്ടു, വിചിത്രമായ പരിസരങ്ങളെ വീക്ഷിച്ചാലേ നിങ്ങൾക്ക് വിശാലമായ ലോകത്തെ കാണാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞു. നിങ്ങളുടെ ദിവസങ്ങളെ പിടിച്ചടക്കൂ കുട്ടികളെ, നിങ്ങളുടെ ജീവിതങ്ങളെ അസാധാരണമാക്കൂ. എന്നു കൂടി അദ്ദേഹം അനുബന്ധമായി ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |