മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും വിളനിലമായ ശിവഗിരിയിൽ കാലുഷ്യത്തിന്റെയും സ്പർദ്ധയുടെയും തീമേഘങ്ങൾ പെയ്തിറങ്ങിയ കാലം. 1995 ഒക്ടോബർ 11. വെളുപ്പിന് അഞ്ച് മണി. മനുഷ്യ സ്നേഹത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവൻ മഹാസമാധി കൊള്ളുന്ന പുണ്യഭൂമി പൊലീസ് ബൂട്ടുകളുടെ കാർക്കശ്യത്തിൽ വിറകൊണ്ട അഭിശപ്ത നിമിഷങ്ങൾ. തലപൊട്ടിയും കൈകാലുകൾ ഒടിഞ്ഞും ബോധം ക്ഷയിച്ചും അവിടവിടെ വീണുചിതറിയ നിലയിൽ സന്യാസി വര്യന്മാരും ഗുരുദേവ ഭക്തരും. രണ്ട് മണിക്കൂറോളം നീണ്ട പൊലീസ് നരനായാട്ടിന്റെ ബാക്കിപത്രം.
ശാരദാമഠത്തിനും വൈദിക മഠത്തിനും മദ്ധ്യേ, ദേഹമാസകലം ചതഞ്ഞരഞ്ഞ് ബോധമറ്റ് നിലത്ത് വീണുകിടന്നിരുന്നവരിലൊരാൾ മണിക്കൂറുകൾക്ക് ശേഷം വർക്കല ശിവഗിരി മിഷൻ ആശുപത്രി കിടക്കയിൽ ബോധം തെളിഞ്ഞപ്പോൾ ഡോക്ടറോട് ഇടറുന്ന വാക്കുകളിൽ ആദ്യം ആവശ്യപ്പെട്ടത് കുടിക്കാൻ കുറച്ച് വെള്ളം. പിന്നെ, സ്വയം പരിചയപ്പെടുത്തി..'ഞാൻ കാവിയാട് മാധവൻ കുട്ടി'. തികഞ്ഞ ഗുരുദേവ ഭക്തനും,മതാതീത ആത്മീയതയുടെ പ്രചാരകനായിരുന്ന സ്വാമി
ശാശ്വതികാനന്ദയുടെ ഗൃഹസ്ഥ ശിഷ്യനുമായിരുന്ന കാവിയാട് മാധവൻ കുട്ടി, കഴിഞ്ഞ ദിവസം നമ്മോട് വിട പറയുന്നത് വരെയുള്ള കാൽനൂറ്റാണ്ടിന്റെ ജീവിതം പിന്നിട്ടത്, അന്നത്തെ കൊടിയ പൊലീസ് മർദ്ദനത്തിന്റെ വേദനകൾ പേറിയായിരുന്നു. ബോധം നശിച്ചിട്ടും തങ്ങളുടെമേൽ പൊലീസിന്റെ ബൂട്ട് പ്രയോഗം തുടർന്നെന്ന് പിന്നീട് ദൃക്‌സാക്ഷികൾ പറഞ്ഞതായി ഒപ്പം മർദ്ദനമേറ്റ ശിവഗിരി ആക്ഷൻ കൗൺസിൽ ചെയർമാനും യോഗം അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.എ. ബാഹുലേയൻ സാക്ഷ്യപ്പെടുത്തി.
സമ്പന്ന കുടുംബത്തിൽ, ഏറെ ഭൂസ്വത്തിന് ഉടമയായ കാവിയാട് കുഞ്ഞൻ മുതലാളിയുടെ മകനായി ജനിച്ച മാധവൻ കുട്ടിയുടെ സ്ഥിരോത്സാഹവും കഠിനപ്രയത്നവും ആണ് അദ്ദേഹത്തെ കൂടുതൽ ജീവിത വിജയങ്ങളിലെത്തിച്ചത്. വിദ്യ കൊണ്ട് പ്രബുദ്ധരാവാനുള്ള ഗുരുദേവ സന്ദേശം ഉൾക്കൊണ്ട്
സ്ഥാപിച്ച ഹയർ സെക്കൻഡറി സ്കൂളും ബി.എഡ് കോളേജും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാട്ടിലെ പരശതം അധ:സ്ഥിതർക്ക് അക്ഷര വെളിച്ചം പകർന്നു. ജില്ലയിലെ പ്രമുഖ ഗവ.കോൺട്രാക്ടറായിരുന്ന അദ്ദേഹം മികച്ച കർഷകനെന്ന നിലയിലും പ്രശസ്തനായി. പച്ചക്കറി, മത്സ്യ,റബ്ബർ കൃഷിയിലും റബ്ബർ നഴ്സറിയിലും മാതൃകയായി. കർമ്മമണ്ഡലത്തിലെ നിസ്വാർത്ഥതയും എളിമയും സൗമ്യമായ പെരുമാറ്റവും കൊണ്ട് ഏവരുടെയും പ്രീതിയും സ്നേഹവും പിടിച്ചുപറ്റിയ മാധവൻ കുട്ടിയുടെ സംഘടനാ വൈഭവത്തിന് തെളിവാണ് എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് ,യോഗം ദേവസ്വം സെക്രട്ടറി പദവികളിലെ അദ്ദേഹത്തിന്റെ സേവനങ്ങൾ. സ്വാമി ശാശ്വതികാനന്ദയുടെ അനുഗ്രഹാശിസുകളോടെ രണ്ടരപ്പതിറ്റാണ്ട് മുമ്പ് എസ്.എൻ.ഡി.പി യോഗത്തിന് വെള്ളാപ്പള്ളി നടേശന്റെ സാരഥ്യത്തിൽ ശക്തവും ചടുലവുമായ നേതൃനിര
രൂപപ്പെട്ടപ്പോൾ, കാവിയാടും അതിൽ പങ്കാളിയായതിന് പിന്നിലും ഈ സംഘടനാ മികവും കർമ്മശേഷിയും തന്നെ.
പ്രാണനു തുല്യം കേരളകൗമുദി
ജീവിതാന്ത്യം വരെ ജീവവായു ആയിരുന്നു കാവിയാടിന് കേരളകൗമുദി.ഗുരുദേവൻ കഴിഞ്ഞാൽ ഏറെ ആരാധിച്ചത് പത്രാധിപർ കെ.സുകുമാരനെയും. പത്രാധിപരും കുടുംബാംഗങ്ങളുമായി അടുത്ത ആത്മബന്ധം പുലർത്തിയ അദ്ദേഹം, എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെയുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ വേദികളിലും കേരളകൗമുദിയുടെ പ്രചാരണം സ്വമേധയാ ഏറ്റെടുത്തു. ഗുരുദേവ ദർശനം ഉൾക്കൊണ്ട് പത്രാധിപരും കേരളകൗമുദിയും പതിറ്റാണ്ടുകളായി നടത്തിയ അക്ഷരപൂജ, ശബ്ദമില്ലാതിരുന്ന വലിയൊരു ജനസമൂഹത്തിന് ശബ്ദവും, മനുഷ്യരായി ജീവിക്കാനുള്ള ആത്മബോധവും അവകാശങ്ങളും പകർന്ന് നൽകിയ ചരിത്രവസ്തുത സമൂഹം വിസ്മരിക്കരുതെന്നും അദ്ദേഹം നിരന്തരം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |