കൽപ്പറ്റ: സ്വന്തം മണ്ഡലമായ വയനാട്ടിലുൾപ്പെടെ ജമാ അത്തെ ഇസ്ലാമിയുടെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിനെക്കുറിച്ച് രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മീറ്റ് ദ പ്രസ് പരിപാടിയിൽ ആവശ്യപ്പെട്ടു.
തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി കോൺഗ്രസ് കൂട്ടുകൂടിയത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. യു.ഡി.എഫിന്റെ ഈ കൂട്ടുകെട്ടിൽ ക്രൈസ്തവ സമൂഹത്തിന് ശക്തമായ അമർഷമുണ്ട്. വയനാടിന്റെ വികസനത്തിൽ എം.പിയെന്ന നിലയിൽ രാഹുൽ ഗാന്ധി ഒന്നും ചെയ്യുന്നില്ല. കൊവിഡ് ദുരിതത്തിനിടെ കുറച്ച് തുണികൾ എത്തിച്ചതല്ലാതെ വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. വയനാട്ടിലെ വോട്ടർമാർമാരുടെ ആവശ്യങ്ങൾ കേൾക്കാൻ ആളില്ലാത്ത അവസ്ഥയാണ്. രാഹുലിന്റെ മണ്ഡലമായതിനാൽ സംസ്ഥാന സർക്കാർ പൂർണമായും വയനാടിനെ അവഗണിക്കുകയുമാണ്. ഇവിടെ സൗജന്യമായി ലഭിച്ച ഭൂമിയിൽ മെഡിക്കൽ കോളേജ് പണിയാതെ കള്ളപ്രചാരണം നടത്തുകയാണ് സർക്കാർ. ഭൂമി സൗജന്യമായതിനാൽ കമ്മിഷൻ കിട്ടില്ലല്ലോ. ആ സ്ഥലത്ത് പാരിസ്ഥിതിക പ്രശ്‌നമുണ്ടെന്ന് പറയുന്നത് കള്ളമാണ്. സി.എം. രവീന്ദ്രന് മാത്രമല്ല, ചില മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു പല ഉദ്യോഗസ്ഥർക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |