അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം രജനീകാന്ത് ഈ മാസം 31ന് രാഷ്‌ടീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചത് കഴിഞ്ഞയാഴ്ചയാണ്. ജനുവരിയിൽ പാർട്ടി പ്രവർത്തനം ആരംഭിക്കുമെന്നും രജനി അറിയിച്ചു. .
''ജനങ്ങളുടെ പിന്തുണയോടെ ഞങ്ങളുടെ പാർട്ടി അധികാരം പിടിച്ചെടുക്കും. ജാതിക്കും മതത്തിനും അതീതവും അഴിമതി രഹിതവും സുതാര്യവുമായ ഒരു ഗവൺമെന്റ് രൂപീകരിക്കും. മാറ്റും. എല്ലാം ഞങ്ങൾ മാറ്റും. അദ്ഭുതങ്ങൾ സംഭവിക്കും. ഇപ്പോഴല്ലെങ്കിൽ ഒരിക്കലും ഇല്ല.''- രജനി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ തിങ്കളാഴ്‌ച രജനി മക്കൾ മൻട്രത്തിന്റെ ജില്ലാ സെക്രട്ടറിമാരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. കുറേ ദിവസങ്ങളായി വിശ്വസ്തരുമായി നേരിട്ടും ഫോണിലൂടെയും ചർച്ചകളായിരുന്നു.
''നിയമസഭാ തിരഞ്ഞെടുപ്പിന് സമയമാകുമ്പോൾ ഞാൻ വരുമെന്ന് നേരത്തേ പറഞ്ഞതാണ്. സംസ്ഥാനപര്യടനം ഉദ്ദേശിച്ചിരുന്നു. കൊവിഡ് തടസമായി. ഞങ്ങൾ മാറ്റും. എല്ലാം മാറ്റും. ഗവൺമെന്റിലും രാഷ്‌ട്രീയത്തിലും എല്ലാം മാറ്റം സംഭവിക്കും. ഞാൻ വെറും ഉപകരണമാണ്. ജനങ്ങളാണ് മാറ്റം കൊണ്ടുവരാൻ പോകുന്നത്. ഞാൻ ജയിച്ചാൽ അത് ജനങ്ങളുടെ ജയമായിരിക്കും. തോറ്റാൽ ഉത്തരവാദി ഞാനായിരിക്കും. പിന്തുണ നൽകാൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ജനങ്ങൾക്ക് വേണ്ടി എന്റെ ജീവൻ നഷ്‌ടമായാലും സന്തോഷമേയുള്ളൂ. ജോലി തുടങ്ങിക്കഴിഞ്ഞു. എല്ലാം ഏകോപിപ്പിക്കാനുള്ള ചുമതല തമിഴരുവി മണിയനെ ഏൽപ്പിച്ചിട്ടുണ്ട്. നമ്മൾ എല്ലാം മാറ്റും. എന്റെ വാക്കിൽ നിന്ന് ഞാൻ പിന്നോട്ടില്ല ''- രജനി പറഞ്ഞു.
രാഷ്ട്രീയ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം രജനീകാന്ത് സൂചിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനമുള്ളപ്പോൾ 69 കാരനായ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങുന്നതിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
രാഷ്ട്രീയ പാർട്ടിയുടെ മുന്നൊരുക്കമായി ആരാധക കൂട്ടായ്‌മയെ രജനി മക്കൾ മൻട്രമാക്കി ജില്ലാ കമ്മിറ്റികൾക്കും രൂപം നൽകിയിരുന്നു. പിന്നീട് പാർട്ടി പ്രഖ്യാപനം നീണ്ടു പോവുകയായിരുന്നു. അനാരോഗ്യം മൂലം രജനി രാഷ്‌ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
കൊവിഡ് വാക്‌സിനേഷന് ഈ മാസം അനുമതി
രാജ്യത്ത് കൊവിഡ് വാക്‌സിൻ ജനങ്ങൾക്ക് കുത്തിവയ്‌ക്കാൻ ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികൾ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ ക്ലിനിക്കൽ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. വാക്‌സിനുകൾ വളരെ സുരക്ഷിതമാണെന്നതിന്റെ ഡേറ്റ ലഭ്യമാണ്. 80,000ത്തോളം വോളന്റിയർമാർക്ക് വാക്‌സിൻ നൽകി. ഗുരുതര പാർശ്വഫലങ്ങളൊന്നും കണ്ടിട്ടില്ല. വാക്‌സിൻ സ്വീകരിച്ച ചെന്നൈയിലെ യുവാവിന് പാർശ്വഫലങ്ങളുണ്ടായെന്ന ആരോപണം അദ്ദേഹം തള്ളി. വാക്‌സിൻ സ്വീകരിക്കുന്നവരിൽ മറ്റു അസുഖങ്ങൾ ഉള്ളവരുണ്ടാകാം. അത് വാക്‌സിനുമായി ബന്ധപ്പെട്ടതല്ല.വാക്‌സിന്റെ സുരക്ഷിതത്വത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.
തുടക്കത്തിൽ എല്ലാവർക്കും നൽകാനുള്ളത്ര ഡോസ് വാക്‌സിൻ ലഭ്യമാകില്ല. അപകടസാദ്ധ്യത കൂടുതലുമുള്ളവരെ കണ്ടെത്തി മുൻഗണനാടിസ്ഥാനത്തിലാവും വാക്‌സിൻ നൽകുക. കൊവിഡ് മുന്നണിപ്പോരാളികൾക്കും പ്രായമായവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കുമാണ് ആദ്യം നൽകുക. ഒരു ഡോസ് ഉപയോഗിച്ചാൽ തന്നെ മാസങ്ങളോളം വൈറസിനെ പ്രതിരോധിക്കാം.
റെയിൽവെ സ്റ്റേഷനുകളിൽ മൺഗ്ലാസിൽ ചായ
പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുൻനിറുത്തി രാജ്യത്തെ റെയിൽവെ സ്റ്റേഷനുകളിൽ ഇനി മുതൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺഗ്ലാസിൽ ചായ നൽകുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
നിലവിൽ രാജ്യത്തെ ഏകദേശം നാനൂറോളം റെയിൽവേ സ്‌റ്റേഷനുകളിൽ മൺപാത്രത്തിലാണ് ചായ നൽകുന്നത്. ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ചായ വിൽക്കുന്നത് മണ്ണുകൊണ്ട് നിർമ്മിച്ച ഗ്ലാസിൽ മാത്രമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാൻ സഹായിക്കുമെന്നും ലക്ഷക്കണക്കിന് പേർക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കപ്പൽ വേധ സൂപ്പർസോണിക് മിസൈൽ
കടൽ സുരക്ഷയ്ക്ക് കരുത്തുകൂട്ടി ഇന്ത്യൻ നാവികസേന. കരയിൽ നിന്നും കപ്പലുകളെ തകർക്കാൻ കഴിയുന്ന ബ്രഹ്മോസ് കപ്പൽ വേധ സൂപ്പർസോണിക് മിസൈലിന്റെ നാവികസേനാ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഐ.എൻ.എസ് രൺവിജയ് എന്ന പടക്കപ്പലിൽ നിന്നാണ് മിസൈൽ തൊടുത്തത്.
ശബ്ദത്തെക്കാൾ 2.8 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്നതും കുതിച്ചുയർന്ന ശേഷം ദിശ മാറാനും കെല്പുള്ളതുമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് ബ്രഹ്മോസ് കപ്പൽ വേധ സൂപ്പർസോണിക് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്.
ചൈനയുമായുള്ള നിരന്തരമായ സംഘർഷങ്ങൾക്കിടയിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ വൻതോതിലുള്ള ശക്തി പ്രദർശിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യൻ പരീക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |