കാസർകോട്: ഇളനീർ മാത്രം കുടിച്ചുകൊണ്ട് 23 വർഷമായി ജീവിക്കുന്ന ഒരു കായിക താരമുണ്ട് കാസർകോട് ചന്തേരയിൽ.അറുപത്തി മൂന്നുകാരനായ പാലായി ബാലകൃഷ്ണൻ. രാവിലെ അൽപം തേൻ ചേർത്ത് ഇളനീർ കുടിക്കും. തുടർന്ന് ഗ്രൗണ്ടിൽ മണിക്കൂറുകൾ നീണ്ട കായിക പരിശീലനം.ഉച്ചയ്ക്ക് വീണ്ടും ഇളനീർ. പരീശീലനം നീണ്ടുപോയാൽ വേവിക്കാത്ത ഒരു കാബേജോ,വെള്ളരിയോ, പപ്പായയോ കഴിക്കും.രാത്രി ആഹാരമില്ല. കഴിഞ്ഞ 23 വർഷമായ ബാലകൃഷ്ണന്റെ ദിനചര്യ ഇതാണ്. 52ാം വയസിൽ ദേശീയ സിവിൽ സർവീസ് മീറ്റിലും 2010ൽ മലേഷ്യയിൽ നടന്ന മാസ്റ്റേഴ്സ് മീറ്റിലും ദീർഘദൂര ഓട്ടത്തിൽ പ്രകടനം കാഴ്ചവയ്ക്കാനായതിന് പിന്നിൽ 'ഇളനീർ എനർജിയാണെന്ന്' ബാലകൃഷ്ണൻ പറയുന്നു.
2015 മാർച്ചിൽ കണ്ണൂർ കളക്ടറേറ്റിൽ നിന്ന് ഫെയർ കോപ്പി സൂപ്രണ്ടായി വിരമിച്ച ബാലകൃഷ്ണൻ ഇപ്പോൾ മികച്ച കായിക അദ്ധ്യാപകനും ഫുട്ബാൾ കളിക്കാരനുമാണ്.
35 ാം വയസിൽ അന്നനാളത്തെ ബാധിച്ച അസുഖമാണ് ജീവിതം വഴിതിരിച്ചത്.
എന്തുകഴിച്ചാലും ഛർദ്ദിക്കുന്നതായിരുന്നു രോഗം. ഒന്നരവർഷത്തോളം മണിപ്പാൽ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എറണാകുളത്തെ പ്രകൃതി ചികിത്സകന്റെ ഉപദേശപ്രകാരമാണ്
ഇളനീർ പരീക്ഷിച്ചത്. അതോടെ രോഗം മാറി. പി. ഗൗരിയാണ് ഭാര്യ. സന്തോഷ് ട്രോഫി താരവും പോസ്റ്റൽ വകുപ്പ് ജീവനക്കാരനുമായ അനഘ്, ബിരുദധാരിയായ ആശിഷ് എന്നിവരാണ് മക്കൾ.
മികച്ച പരിശീലകൻ
പട്ടാളത്തിലും പൊലീസിലും ജോലി തേടുന്നവർക്ക് സൗജന്യമായി കായിക പരിശീലനം നൽകാറുണ്ട്. കേന്ദ്ര,സംസ്ഥാന സർവീസുകളിൽ നൂറോളം പേർക്കാണ് ജോലി ലഭിച്ചത്.ഈ വർഷം പരിശീലനം നൽകിയ 84 പേർ റാങ്ക് ലിസ്റ്റുകളിൽ ഇടം നേടിയിട്ടുണ്ട്.
നേട്ടങ്ങൾ
2010 ലെ മലേഷ്യയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് മീറ്റിൽ 5 കിലോമീറ്റർ നടത്തത്തിൽ നാലാം സ്ഥാനം.
52ാം, വയസിൽ ചണ്ഡീഗഡിലെ ദേശീയ സിവിൽ സർവീസ് മീറ്റിൽ 5000 മീറ്റർ ഓട്ടത്തിൽ ആറാം സ്ഥാനം
10000 മീറ്റർ ഓട്ടത്തിന് എട്ടാം സ്ഥാനം.
ഇളനീർ മാത്രം കുടിക്കുന്നത് കൊണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.എല്ലാ ദിവസവും 25 മിനിട്ട് സൂര്യപ്രകാശം കൊള്ളും.ചായയോ മറ്റു പാനീയങ്ങളോ ഒന്നു കുടിക്കാറില്ല. വീട്ടിലെ പറമ്പിൽ നിന്നുള്ള കരിക്കാണ് കഴിക്കാറുള്ളത്.
-പാലായി ബാലകൃഷ്ണൻ
ഇളനീരിൽ ഗുണങ്ങളേറെ
100 മില്ലി ലിറ്റർ കരിക്കിൻ വെള്ളത്തിൽ ഒരു മനുഷ്യന്റെ ജീവൻ നിലനിർത്താൻ ആവശ്യമായ വെള്ളം, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാത്സ്യം, ഫോസ്ഫറസ് , ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സൾഫർ, വൈറ്റമിൻ സി, വൈറ്റമിൻ ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു നല്ല കരിക്കിൽ 350 മില്ലി ലിറ്റർ വെള്ളമുണ്ടാകും.
-ഡോ.ടി. സന്തോഷ് കുമാർ, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |