തിരുവനന്തപുരം: സൗരയൂഥത്തിലെ യമണ്ടൻ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒരുമിച്ച് ഭൂമിക്കടുത്ത് എത്തി. ഇന്നലെ ആകാശത്തെ ആ സായാഹ്ന വിസ്മയം കാണാൻ കടൽതീരങ്ങളിൽ എത്തിയവർക്ക് നഗ്നനേത്രങ്ങളിൽ കാഴ്ച അത്ര വ്യക്തമായില്ല.തിരുവനന്തപുരത്ത് കാർമേഘങ്ങളാണ് വില്ലനായത്. എന്നാൽ, ബൈനോക്കുലറുമായി എത്തിയവർക്ക് അസ്തമയ സൂര്യന്റെ തെക്കുഭാഗത്തായി അൽപനേരം വിസ്മയകാഴ്ച ലഭിച്ചു.
ശനിയുടെ ചുറ്റുമുള്ള മനോഹര വലയങ്ങളും വ്യാഴത്തെ ചുറ്റുന്ന ഇയോ, കലിസ്‌തോ, ഗാനിമീഡ്, യൂറോപ്പ എന്നീ ഉപഗ്രഹങ്ങൾ പാറി നടക്കുന്നതും ഒരുമിച്ചു കാണാനായി. വൈകിട്ട് ആറേമുക്കാൽ മുതൽ ഏഴേകാൽ വരെയാണിത് ദൃശ്യമായത്. ചിലർക്ക് വ്യാഴത്തിലെ മേഘങ്ങളിലെ ചുവന്ന വരകളും ദൃശ്യമായി.ഇനി ഇൗ വിസ്മയക്കാഴ്ചയ്ക്ക് 2080 മാർച്ച് 15 വരെ കാത്തിരിക്കണം.
ആകാശത്തേക്ക് നോക്കുമ്പോൾ ശനിയും വ്യാഴവും പരസ്പരം പുണർന്നിരിക്കുന്നതായി തോന്നുമെങ്കിലും ഇവ തമ്മിൽ ഏകദേശം 75കോടി കിലോമീറ്റർ അകലമുണ്ട്. അടുത്തുനിൽക്കുന്നതായി തോന്നുന്നത് ഭൂമിയിൽ നിന്നുള്ള കോൺഅകലം 0.1 ഡിഗ്രിയായി കുറയുന്നത് കൊണ്ടാണ്. വ്യാഴം ഏകദേശം 12 വർഷം കൊണ്ടും ശനി ഏതാണ്ട് 30 വർഷം കൊണ്ടും സൂര്യനെ ചുറ്റിവരും. ഇതിനിടയിൽ ഏകദേശം 20 വർഷം കൂടുമ്പോൾ വ്യാഴം ശനിയെ മറികടക്കും. ഇൗ സമയത്താണ് കോൺഅകലം കുറയുന്നത്. ഇതിനു മുമ്പ് അവ ഇത്രമാത്രം അടുത്തു വന്നത് 1623ലാണ്. 2040ലും അടുത്തുവരുമെങ്കിലും കോൺഅകലം കൂടുതലായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |