തന്റെ മകനോ മകൾക്കോ മികച്ച വിദ്യാഭ്യാസവും അതിനനുസൃതമായ ജോലിയും ലഭിക്കണമെന്നത് ഏതൊരു രക്ഷകർത്താവും ആഗ്രഹിക്കുന്നതാണ്. അത്തരത്തിലൊരു ആഗ്രഹമേ തൃശൂർ മുളങ്കുന്നത്തുകാവ് പൂമലയിലെ സൈമൺ ജോഷ്വയ്‌ക്കും ഉണ്ടായിരുന്നുള്ളു. ഇല്ലായ്‌മകൾക്കിടയിൽ തന്നെയാണ് മകൻ ആകാശിനെ ജോഷ്വ ഫാം ഡി കോഴ്‌സിന് ചേർത്തത്.പുതിയ കോഴ്സാണ് ഒരുപാടു സാധ്യതകളുണ്ട് . പെട്ടെന്നു ജോലി കിട്ടും എന്ന വാക്കുകൾ കൂടി കേട്ടതോടെ ബോട്ടണി ബിരുദ ധാരിയും ഫാർമസി ഡിപ്ളോമ ഹോൾഡറുമായ ജോഷ്വാ മറ്റൊന്നും മറിച്ച് ചിന്തിച്ചില്ല.
പാലക്കാട് ഗ്രേസ് കോളജിൽ ഫാം ഡിക്ക് മകനെ ചേർത്തു. വെറുതെ ചേർത്തിട്ട് വീട്ടിലേക്ക് വരികയല്ല, സ്വന്തം ജോലി തന്നെ ഉപേക്ഷിച്ച് കോളജിനടുത്ത് ചെറിയൊരു വീടെടുത്തു. കൂട്ടിരുന്നു. അവനെ പഠിപ്പിക്കുക കൂടി ചെയ്‌തു ഈ പിതാവ്. പാഠഭാഗങ്ങളിലും നോട്‌സെഴുതാനും ഫാർമസി ഡിപ്ലോമ പഠിച്ച അച്ഛൻ സഹായിച്ചു. അവൻ പരീക്ഷയും കടന്നു, തൊഴിലിനിറങ്ങി. അപ്പോഴറിയുന്നു. 2008ൽ തുടങ്ങിയ കോഴ്സിലേക്ക് സർക്കാർ ഇന്നുവരെയും ഒരു തസ്‌തിക പോലും സൃഷ്ടിച്ചിട്ടില്ലെന്ന്.
ഇതിനിടയിൽ ലക്ഷങ്ങൾ കടം പെരുകിയതോടെ സർക്കാരിനു മുന്നിൽ നിവേദനങ്ങളുമായി അച്ഛനും മകനും പല തവണ കയറിയിറങ്ങി. ഒടുവിൽ അവഗണന പതിവായതോടെ ഇപ്പോൾ ഡൽഹിയിൽ ജന്തർമന്തറിൽ കൊടുതണുപ്പത്ത് സമരത്തിലിക്കുകയാണിരുവരും. ഇവിടെ അനിശ്ചിതകാല സമരം നടത്തുന്നതിനു നിയമപരമായുള്ള തടസം ചൂണ്ടിക്കാട്ടി പൊലീസ് ആദ്യദിവസം തന്നെ ഒഴിവാക്കി. ഓരോ ദിവസവും പൊലീസ് സ്റ്റേഷനിൽ പോയി അപേക്ഷ നൽകി സമരം തുടരുന്നു.
ഇനി എന്താണ് ഫാം ഡി മേഖലയിൽ സംഭവിക്കുന്നത്? കൗമുദി ടിവിയുടെ നേർക്കണ്ണ് ടീം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ
ഇന്ത്യയിലെ ആരോഗ്യരംഗം വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോൾ അതിനെ താങ്ങിനിർത്തുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗമാണ്. അവിടെയാണ് ഫാർമസികളുടേയും അതുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെയും പങ്കിനെ കുറിച്ച് തിരിച്ചറിയേണ്ടത്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ ആമേഖലയിൽ പഠനം നടത്താൻ ആഗ്രഹിക്കുന്നവരും അവിടെ പണിയെടുക്കുന്നവരുംനേരിടുന്നത് കടുത്ത അനീതിയാണ്
ഫാർമസി രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളതും എം.ബി.ബി.എസ്‌കോഴ്സുകൾക്ക് ഏറെക്കുറെ അടുത്തു നിൽക്കുന്നതുമായ ഒന്നാണ് ഫാം ഡി അഥവാ ഡോക്‌ടർ ഒഫ് ഫാർമസി. ലോക വ്യാപകമായി ഡോക്ടർ ഒഫ് ഫാർമസിയുടെ സാധ്യതകൾ വിപുലപ്പെട്ടതോടെയാണ് നിലവിലെ ഫാർമസി കോഴ്സുകൾ നിറുത്തി വിദേശ രാജ്യങ്ങൾ ഫാം ഡി കോഴ്സുകളിലേക്ക് മാറിയത്. പ്ലസ് ടു അടിസ്ഥാനയോഗ്യതയായ ഫാം ഡി കോഴ്സിന്റെ കാലവധി ഒരു വർഷത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ ആറു വർഷമാണ്. 1950 ൽ അമേരിക്കയിൽ ആരംഭിച്ച ഫാം ഡി കോഴ്സുകൾ ഇന്ത്യയിൽ തുടങ്ങിയത് 2008 മുതലാണ്. അത്‌കേരളത്തിൽ എത്തിയത് 2010 ലും. 2018 എത്തിനിൽക്കുമ്പോൾ സംസ്ഥാനത്ത് 18കോളേജുകളിലായി 30 വീതം വിദ്യാർത്ഥികൾ ഓരോ ബാച്ചിലും പഠനം നടത്തുന്നു.
ആരോഗ്യമേഖലയിൽ ഫാം ഡി യുടെ പ്രധാന്യം എന്ത്? സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളകോഴ്സായി ഇത് എങ്ങനെ മാറി?
മരുന്നുകളുടെ എണ്ണത്തിലും ഉപയോഗത്തിലും ഇന്ന് വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു. പാർശ്വഫലങ്ങൾ ഉള്ളതും അല്ലാത്തതുമായ മരുന്നുകൾ രോഗികൾക്ക് കൃത്യമായി പറഞ്ഞുനൽകാൻ ഒരു വിഭാഗംവേണ്ടി വന്നിരിക്കുന്നു. പരിശോധനയ്‌ക്ക് അപ്പുറം പരിചരണങ്ങളിൽ രോഗികൾക്ക് ഒപ്പം നിന്ന് മരുന്നുകളുടെ പ്രവർത്തനം മനസിലാക്കാൻ വിദഗ്ധരുടെസേവനം ആവശ്യമായി വന്നിരിക്കുന്നു. അവിടെയാണ് ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെ പ്രാധാന്യവും പങ്കുംബോധ്യപ്പെടുക. 10000 ൽ അധികം മെഡിക്കൽ സ്റ്റോറുകളാണ് ഇന്ന് ഇന്ത്യയിൽ പ്രവർത്തനം നടത്തുന്നത്. ഇവിടെയൊന്നും തന്നെ വിദഗ്ധരായ ഫാർമസിസ്റ്റുകൾ ഇല്ല എന്നത് പച്ചയായ യാഥാർത്ഥ്യം ആണ്. മരുന്നു മാറി കുത്തിവച്ച് രോഗികൾ മരിക്കുന്നതും ഗുരുതരാവസ്ഥയിലേക്ക് ചിലർ എത്തിപ്പെടുന്നതും എല്ലാം ആമേഖലയിൽ പഠനം നടത്തിയ വിദഗ്ധരുടെ അഭാവം തന്നെയാണ്.
ആരോഗ്യമേഖലയിൽ ഇത്രേയേറെ പ്രാധാന്യമുള്ള ഫാം ഡിയെ നമ്മുടെ സംസ്ഥാനം സ്വീകരിച്ചത് എങ്ങനെ?
ഇന്ത്യയിൽ സർക്കാരിന്റേത് ഉൾപ്പടെ 240 ഓളം കോളേജുകളാണ് ഫാം ഡി കോഴ്സുകൾ നടത്തുന്നത്. കേരളത്തിൽ ഈകോഴ്സുകൾ ഉള്ളത് 18 കോളേജുകളിലാണ്. നിർഭാഗ്യകരമെന്നോ അതിശയകരമെന്നോ പറയട്ടെ ഈ 18 എണ്ണവും സ്വകാര്യമേഖലയിലും. എന്നാൽ കഴിഞ്ഞ വി.എസ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ തുടങ്ങിയ ഫാം ഡികോഴ്സിന് 50 ശതമാനം മെരിറ്റ് സംവരണം ഉറപ്പാക്കിയിരുന്നെങ്കിൽ പിന്നീട് വന്ന രണ്ടു സർക്കാരുകളും അത് അട്ടിമറിച്ച് സ്വകാര്യമേഖലയ്‌ക്ക് പൂർണ അധികാരം വിട്ടുനൽകി.
സ്വകാര്യമേഖലയിലെ എല്ലാ പ്രൊഫഷണൽകോഴ്സുകൾക്കും 50 ശതമാനം മെരിറ്റ് സംവരണംവേണമെന്നിരിക്കെ ഫാം.ഡി കോഴ്സുകൾക്ക് മാത്രം അതില്ല. സർക്കാർ കാണാത്തതോടെ അതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണോ എന്നും അറിയില്ല.കോടികൾ തലവരിപ്പണം നൽകുന്ന സമ്പന്നരുടെ മക്കൾ മാത്രം ഇത് പഠിച്ചാൽ മതിയെന്ന നിലപാട് ശരിയല്ല.
സംസ്ഥാനത്തെ സ്വശ്രയ ഫാർമസികോളേജുകളിൽ നടന്നുവരുന്ന സീറ്റു കച്ചവടത്തിനും തന്നിഷ്ട പ്രകാരമുള്ള നടപടികൾക്കും എതിരെ ചെറുവിരലനക്കാൻ സർക്കാരിന് കഴിയാതെ പോവുകയാണ്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും 50 ശതമാനം സീറ്റ് മെരിറ്റിൽ നൽകണമെന്നിരിക്കെ ഫാം ഡികോഴ്സുകൾക്ക് മാത്രം അത് നിഷേധിക്കപ്പെടുന്നത് എങ്ങനെയാണ്. ആരോഗ്യ സർവകലാശാലയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കോളേജുകളിൽ ഇതിന് അനുമതി നൽകിയത് ആരാണ്?
ഫാർമസികോളേജുകളിൽ ഫാം ഡി പ്രവേശനത്തിന് 1,90000 രൂപയാണ് ഫീസിനത്തിൽ നിശ്ചയിച്ചിട്ടുള്ളത്. അതേ സമയം ഫീസിനത്തിൽ ആറു വർഷത്തേയ്ക്ക് 25 ലക്ഷത്തോളം രൂപയും ക്യാപിറ്റേഷൻ എന്ന പേരിൽകോഴയായി 15 ലക്ഷം വരെയുമാണ് മാനേജ്‌മെന്റുകൾ തന്നിഷ്‌ട പ്രകാരം പിരിച്ചെടുക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് 8 സ്വകാര്യ കോളജുകളിൽ ഫാംഡി കോഴ്സുകൾക്ക് സർക്കാരിന്റെ അനുമതി ഇല്ലെന്ന് വ്യക്തമായത്. ഗവൺമെന്റ് എൻ.ഒ.സി പോലുമില്ലാതെ ആരോഗ്യ സർവകലാശാല ഇത്തരം കോളേജുകൾക്ക് അംഗീകാരം നൽകിയത് എങ്ങനെയാണ്? ഹൈക്കോടതി ഉത്തരവുണ്ടെന്ന അവകാശവാദം ആണ് മിക്ക കോളേജുകളും ഉന്നയിക്കുന്നത്. എന്നാൽ അതിന്റെ പകർക്ക് നൽകാൻ സർവകലാശാല തയ്യാറായിട്ടുമില്ല. ഓരോ അധ്യയന വർഷവും പ്രവേശനം നേടാൻ കോടതി ഉത്തരവ് വേണം എന്നും വേണ്ടെന്നുമുള്ള മറുപടിയാണ് സർവകലാശാല നൽകുന്നത്.മെരിറ്റ് അട്ടിമറിച്ച് ഭീമമായ തലവരിപ്പണം വാങ്ങാൻ സ്വാശ്രയ കോളേജുകൾക്ക് സർക്കാർ തന്നെ മൗനാനുവാദം നൽകുകയാണ്. പ്രവേശനം നേടുന്ന കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഇതു സംബന്ധിച്ച് ഒരറിവും ഇല്ല എന്നതാണ് മറ്റൊരു യാഥാർഥ്യം
സംസ്ഥാനത്തെ നാല് മെഡിക്കൽകോളേജുകളിൽ ഫാം ഡി തുടങ്ങാൻ കഴിയുമെന്നിരിക്കെ സ്വകാര്യകോളേജുകൾക്ക് പണക്കൊയ്‌ത്ത് നടത്താൻ അവസരമുണ്ടാക്കുന്നത് എന്തിനുവേണ്ടിയാണ്. വ്യക്തിതാൽപ്പര്യങ്ങൾക്ക് അപ്പുറം പൊതുജനാഭിപ്രായം കൂടി പരിഗണിക്കേണ്ടതല്ലേ.......
ആൾ ഇന്ത്യ ഫാർമസി കൗൺസിൽ അംഗീകരിച്ച് സംസ്ഥാനങ്ങൾ നടപ്പാക്കാൻ നിർദ്ദേശിച്ച ഫാം ഡി ആറു കൊല്ലം കഴിഞ്ഞിട്ടുംകേരളത്തിൽ ഒരു സർക്കാർ സ്ഥാപനത്തിൽപോലും ഇന്നുവരെ തുടങ്ങാനായിട്ടില്ല, 2012 ആഗസ്റ്റ് 31 ന് ഡൽഹിയിൽചേർന്ന പി.സി.ഐ യോഗത്തിന്റെ മിനിട്ട്സിൽ കേരളത്തിന് കോഴ്സു തുടങ്ങാൻ അനുമതി നൽകിയതായി വ്യക്തമായി പറയുന്നുണ്ട്, അതേസമയം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അവ നീട്ടിക്കൊണ്ടുപോവുകയാണ്. പിണറായി സർക്കാരിന്റെ ആരോഗ്യനയത്തിൽ സംസ്ഥാനത്ത് ഫാം ഡികോഴ്സുകൾ തുടങ്ങുമെന്ന് കൃത്യമായി പറയുന്നുണ്ട്. അതേസമയം,കേരളത്തിൽ സർക്കാർമേഖലയിൽ ഫാം ഡികോഴ്സുകൾ തുടങ്ങുമോ എന്നചോദ്യത്തിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നീയമസഭയിൽ നൽകിയ മറുപടി പരിഗണനയിൽ ഇല്ലെന്നും. സർക്കാർ സമീപനത്തിന് പിന്നിൽ സ്വാശ്രയ മാനേജ്‌മെന്റുകളുടെ ശക്തമായ സമ്മർദ്ദം ഉണ്ടെന്നാണ് ആക്ഷേപം. ഭീമമായ തലവരിപ്പണം നൽകാൻ നിവർത്തി ഇല്ലാതെ വന്നതോടെ വായ്‌പ എടുത്തും കടം വാങ്ങിയും സംസ്ഥാനത്തിന് പുറത്തെകോളേജുകളിൽ പ്രവേശനം നേടുകയാണ് കുട്ടികൾ.
ഫാം ഡി കോഴ്സുകളിൽ പഠനം നടത്തുന്നവരിൽ 80 ശതമാനത്തോളം പെൺകുട്ടികളാണ്. അതുകൊണ്ട് തന്നെ ഇതിൽ ഭൂരിഭാഗം പേരും സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തരക്കാരെ പൂർണമായും അവഗണിക്കുന്ന സമീപനമാണ് സർക്കാരുകൾക്ക് ഉള്ളത്. ഫാർമസി രംഗത്തെ അധ്യാപന ജോലിക്ക് ഫാം ഡി അടിസ്ഥാന യോഗ്യതയാണെന്ന് ഫാർമസി കൗൺസിൽ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ സർക്കാർ ഫാർമസി കോളേജുകളിൽ അധ്യാപന ജോലിക്കോ ആശുപത്രികളിൽ ക്ലിനിക്കൽ ഫാർമസിസ്റ്റുകളായോ ഫാം ഡിക്കാരെ നാളിതുവരെ ആയിട്ടും പരിഗണിച്ചിട്ടില്ല. എം.ഫാം കഴിഞ്ഞവർ ഫാർമസി കോളേജുകളിൽ ജോലി ചെയ്യുമ്പോൾ ഉന്നത യോഗ്യതയായ ഫാം ഡി ഉണ്ടായിട്ടും സ്വകാര്യ സ്ഥാപനങ്ങളിൽ ഗതികൊണ്ട് പണിയെടുക്കുകയാണ് ഇക്കൂട്ടർ.
അഞ്ച് വർഷത്തെ പഠനം. ഒരു വർഷം നീളുന്ന ഇന്റേൺഷിപ്പ്. 27 തിയറി സബ്ജക്ടും 20 പ്രാക്ടിക്കൽ വിഷയങ്ങൾ. 141 ഇന്റേണൽ എക്സാമും 47 യൂണിവേഴ്സിറ്റി പരീക്ഷയും. ഇതെല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ജോലിയുമില്ല. എന്തൊരു അനീതിയാണ്.
മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗവും വിതരണവും നിയന്ത്രിക്കേണ്ടവരായിട്ടും ട്രഗസ് ആന്റ് കോസ്‌മെറ്റിക് ആക്‌ടിൽ പോലും ഫാം ഡിക്കാരെ അവഗണിക്കുകയാണ്. ഇക്കാരണം കൊണ്ടു തന്നെ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് കീഴിൽ പോലും ഇവർക്ക് ജോലി ലഭിക്കില്ല. ആരോഗ്യ മേഖലയിൽ വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരെ പരിചരിക്കേണ്ടത് ഈ രീതിയിലാണോ. ഈ നിലപാട് ആണ് സർക്കാരിന് എങ്കിൽ സംസ്ഥാനത്ത് ഈ കോഴ്സിന് അനുമതി നൽകിയത് എന്തിനാണ്. പഠിച്ചിറങ്ങുന്നവരെ വീട്ടിൽ ഇരുത്താനല്ല അവരെ സമൂഹ നന്മയ്‌ക്കായി പ്രയോജനപ്പെടുത്തുന്നതാകണം സർക്കാർ നയം. മറിച്ച് സ്വാശ്രയ കോളേജുകൾക്ക് പണം വരാൻ ഇക്കൂട്ടരുടെ ഭാവി തുലയ്‌ക്കുകയാവരുത്.
ഫാം ഡിക്കാരുടെ ആശങ്കകളും പ്രയാസങ്ങളും സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ലക്ഷങ്ങൾ കടംവാങ്ങിയും കഷ്ടപ്പെട്ട് പഠിച്ചും പുറത്തിറങ്ങുന്നവർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ പരിഗണിക്കപ്പെടുക തന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |