'കോലീബി, കോലീബി എന്ന് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഈ സി.പി.എമ്മുകാർ നാഴികയ്‌ക്ക് നാല്പതുവട്ടം വിളിച്ചു കൂവുന്നത് കേൾക്കാറുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉണ്ടാക്കുന്ന ജിലേബി പോലെ എന്തോ മധുര പലഹാരമാണെന്നാണ് കരുതിയത്. എന്നാൽ തൊടുപുഴ നഗരസഭയിലുള്ളവർക്ക് അതെന്ത് പലഹാരമാണെന്ന് കഴിഞ്ഞ ദിവസം മനസിലായി. കൂടെ കട്ടയ്ക്ക് നിന്ന മുസ്ലിം ലീഗ് വനിതാ കൗൺസിലറെ രായ്ക്ക് രാമാനം കൂറുമാറ്റി നഗരസഭാ ഭരണം പിടിച്ചെടുത്ത് യു.ഡി.എഫിന് മുട്ടൻപണി നൽകിയവരാണ് ഇവിടത്തെ എൽ.ഡി.എഫുകാർ. അതിന്റെ ക്ഷീണം എങ്ങനെ മാറ്റുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് യു.ഡി.എഫിന് 'കോലീബി"എന്ന ഐഡിയ കിട്ടുന്നത്. അതു ശരിക്കും ജിലേബി പോലെ തന്നെ മധുരിച്ചു. സംഗതിയൊന്നുമില്ല, ഇന്നലെ വരെ ഫാസിസ്റ്റുകളെന്നും വർഗീയവാദികളെന്നും വിളിച്ചതെല്ലാം ബി.ജെ.പിയുമായി ചേർന്ന് ഒരു പരസ്പരസഹായ സഹകരണസംഘം. സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പിലായിരുന്നു ഈ 'അപൂർവ"കൂട്ടുകൂടൽ അരങ്ങേറിയത്. മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികളിൽ ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷയിലാണ് തിങ്കളാഴ്ച എൽ.ഡി.എഫ് എത്തിയത്. എല്ലാ പ്രതീക്ഷകളും തകിടം മറിയുന്ന കാഴ്ചയാണ് കണ്ടത്.
കോൺഗ്രസ്- അഞ്ച്, ലീഗ്- അഞ്ച്, ജോസഫ് വിഭാഗം രണ്ട് എന്നിങ്ങനെയാണ് യു.ഡി.എഫിന്റെ കക്ഷിനില. ഇതിൽ ലീഗിലെ ഒരംഗം ഒഴികെ ബാക്കി എല്ലാ കൗൺസിലർമാരും ബി.ജെ.പിക്ക് അനുകൂലമായി വോട്ടുചെയ്തു. ലീഗിന്റെ അബ്ദുൽ കരീമാണ് വോട്ടുചെയ്യാത്ത അംഗം. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിച്ച അബ്ദുൽ കരീമിന് ബി.ജെ.പിയുടെ വോട്ടും ലഭിച്ചില്ല. ബാക്കി എല്ലാ ലീഗ് അംഗങ്ങൾക്കും ബി.ജെ.പി വോട്ടുചെയ്തു. ഇതോടെ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികളിൽ യു.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും ഭൂരിപക്ഷം നേടി. എൽ.ഡി.എഫിന് ഒരിടത്ത് പോലും ഭൂരിപക്ഷം നേടാനായില്ല. അട്ടിമറിയിലൂടെ നഗരസഭാ ഭരണം പിടിച്ചെടുത്ത എൽ.ഡി.എഫിന് ഇത് വലിയ തിരിച്ചടിയായി. മത്സരിച്ച എല്ലാ സീറ്റുകളിലേക്കും യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ ജയിച്ചു. വികസനം, ക്ഷേമകാര്യം, ആരോഗ്യം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികളിലാണ് യു.ഡി.എഫ്. ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുന്നത്. ആറംഗ കമ്മിറ്റികളിൽ യു.ഡി.എഫിന്റെ നാലംഗങ്ങൾ വീതമുണ്ട്. അഞ്ചംഗ കമ്മിറ്റികളായ പൊതുമരാമത്തിലും വിദ്യാഭ്യാസത്തിലുമാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. മൂന്നംഗങ്ങൾ വീതം ഇരുകമ്മിറ്റികളിലേക്കും വിജയിച്ചു. കൂടാതെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലെ വനിതാ സംവരണ സീറ്റിലേക്കും ബി.ജെ.പി. കൗൺസിലറാണ് ജയിച്ചത്. എൽ.ഡി.എഫിന്റെ നേട്ടം ക്ഷേമകാര്യ, ആരോഗ്യ കമ്മിറ്റികളിലെ രണ്ട് വീതവും വിദ്യാഭ്യാസത്തിലെ ഒരംഗത്തിലും ഒതുങ്ങി.
ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത 35 അംഗ കൗൺസിലിൽ എൽ.ഡി.എഫ്- 14, യു.ഡി.എഫ്- 12, ബി.ജെ.പി- എട്ട് എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് വിമതന്റെയും ലീഗിൽ നിന്ന് കൂറുമാറിയെത്തിയ അംഗത്തിന്റെയും പിന്തുണയോടെ എൽ.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്.
അന്ന് എൽ.ഡി.എഫ് രാജിവച്ചു
2015ലെ ഭരണസമിതിയിലേക്കുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ രണ്ട് വനിതാ അംഗങ്ങൾക്ക് ബി.ജെ.പി വോട്ട് ചെയ്തിരുന്നു. മിനി മധു, വിക്ടോറിയ ഷേർളിമെന്റിസ് എന്നിവർക്കാണ് ബി.ജെ.പിയുടെ വോട്ട് ലഭിച്ചത്. എന്നാൽ, ഇരുവരും അന്നുതന്നെ സ്ഥാനം രാജിവച്ചു. എന്നാൽ, എല്ലാ കൗൺസിലർമാരും ഒരു സ്റ്റാൻഡിങ് കമ്മിറ്റിയിലെങ്കിലും ഉൾപ്പെടണമെന്ന് നിർബന്ധമുള്ളതിനാൽ ഇവർ വീണ്ടും ഇതേ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് എൽ.ഡി.എഫ് വോട്ട് ചെയ്തിരുന്നില്ല. എൽ.ഡി.എഫ്- ബി.ജെ.പി. ബന്ധമാണ് ഈ സംഭവത്തിലൂടെ വെളിപ്പെട്ടതെന്ന് അന്ന് യു.ഡി.എഫ്. ആരോപിച്ചിരുന്നു എന്നതാണ് മറ്റൊരു തമാശ.
ഈ കൂട്ടുകെട്ട് തുടരുമോ
അഞ്ചുമാസങ്ങൾ കൂടി കഴിഞ്ഞാൽ എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവരും. 2019ൽ സി.പി.എമ്മിലെ മിനി മധുവിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ബി.ജെ.പി പിന്തുണയോടെ പാസായിരുന്നു. എന്നാൽ പിന്നീട് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ നിന്ന് ബി.ജെ.പി വിട്ടുനിന്നു. ഇത്തവണയും അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചേക്കും. എന്നാൽ തുടർന്ന് നടക്കുന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ ബി.ജെ.പി പിന്തുണയ്‌ക്കുമോ എന്നാണ് അറിയേണ്ടത്. എന്തായാലും കോൺഗ്രസ് വിമതന്റെയും ലീഗിൽ നിന്ന് കൂറുമാറിയെത്തിയ അംഗത്തിന്റെയും പിന്തുണയോടെ നഗരസഭാ ഭരണം പിടിച്ചെടുത്ത എൽ.ഡി.എഫിനെ തോല്‌പിക്കാൻ 'ജിലേബിയുടെ" രുചിയറിഞ്ഞ ബി.ജെ.പിയും യു.ഡി.എഫും വീണ്ടുമത് ആവർത്തിക്കുമോയെന്നാണ് തൊടുപുഴക്കാർ ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |