തിരുവനന്തപുരം: നികുതി ഭാരങ്ങളും വിലക്കയറ്റവുമില്ലാതെ സാധാരണക്കാർക്ക് വാരിക്കോരി ആനുകൂല്യങ്ങൾ നൽകി പിണറായി സർക്കാരിന്റെ ആറാമത്തെ ബഡ്‌ജറ്റ്. സംസ്ഥാന ചരിത്രത്തിലെ ദൈർഘ്യമേറിയ ബഡ‌്‌ജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപന പെരുമഴയാണ് നിയമസഭയിൽ നടത്തിയത്.
ക്ഷേമപെൻഷനുകൾ ഉയർത്തിയും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിച്ചും കാർഷികവിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചും സാധാരണക്കാരുടെ കൈയടി നേടുന്ന പ്രഖ്യാപനങ്ങൾ ഉൾപ്പെടുന്ന ബഡ്‌ജറ്റായിരുന്നു തോമസ് ഐസക്കിന്റേത്. അഞ്ച് വർഷംകൊണ്ട് ഇരുപത് ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും ധനമന്ത്രി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു. വരുന്ന സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ ഇതെല്ലാം പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങുമോയെന്നാണ് കണ്ടറിയേണ്ടതെന്നാണ് ജനം പറയുന്നത്.
മഹാമാരിക്കെതിരെ പ്രതിരോധം തീർക്കാനുളള പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിന്റെ തുടക്കം മുതൽ ഒടുക്കം വരെയുണ്ടായിരുന്നു. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ ബദൽ ലോകം ഏറ്റെടുത്തെന്നാണ് ധനമന്ത്രി തന്റെ ബഡ്‌ജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ അവകാശപ്പെട്ടത്. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ ബഡ്‌ജറ്റിലൂടെ ലക്ഷ്യമിട്ടത്. കൊവിഡ് കാലമുണ്ടാക്കിയ ഇരുട്ടിനെ മറികടന്ന് ആനന്ദം നിറഞ്ഞ പുലരിയെ തിരിച്ചെത്തിക്കാൻ പ്രയത്നിക്കുന്ന ലോകത്തെ കുറിച്ച് പാലക്കാട് കുഴൽമന്ദം ജി എച്ച് എസിലെ സ്നേഹ എന്ന വിദ്യാർത്ഥിനിയുടെ കവിത ഉദ്ധരിച്ചാണ് ധനമന്ത്രി തിരഞ്ഞെടുപ്പ് ബഡ്‌ജറ്റിന് ആരംഭം കുറിച്ചത്.
കെ എസ് എഫ് ഇയുടെ സഹായത്തോടെ സ്‌മാർട്ട് കിച്ചൺ പദ്ധതി പ്രഖ്യാപിച്ച് വീട്ടമ്മമാർ മുതൽ ഡി എ കുടിശിക നൽകാമെന്ന് പറഞ്ഞ് സർക്കാർ ഉദ്യോഗസ്ഥരെ വരെ ഐസക്ക് തന്റെ ബഡ്‌ജറ്റിലൂടെ ചേർത്തുപിടിച്ചു. കുടുംബശ്രീകൾക്ക് അടക്കം വാരിക്കോരി പണം നൽകിയ ധനമന്ത്രി തന്റെ ബഡ്‌ജറ്റിനെ ഒരേസമയം പരിസ്ഥിതി സൗഹാർദവും സ്ത്രീ സൗഹാർദവുമാക്കി.
എല്ലാ ക്ഷേമ പെൻഷനുകളും 100 രൂപ വർദ്ധിപ്പിച്ച് 1600 രൂപയാക്കിയത് വലിയ ചലനമാകും സാധാരണക്കാർക്കിടയിൽ സൃഷ്‌ടിക്കുക. ഏപ്രിൽ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1500 രൂപ ആക്കിയത്. ഇതാണ് ഈ ബഡ്‌ജറ്റിൽ വീണ്ടും വർദ്ധിപ്പിച്ചത്. ഭക്ഷ്യ കിറ്റുകൾ തുടരുന്നതിനോടൊപ്പം അമ്പത് ലക്ഷം കുടുംബങ്ങൾക്ക് പത്ത് കിലോ അരി കൂടി നൽകാനുളള തീരുമാനം കൂടിയെടുക്കുക വഴി തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആവർത്തനമാണ് നിയമസഭയിലും എൽ ഡി എഫ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് വ്യക്തം.
പ്രവാസി ചിട്ടിയും പെൻഷനും മറ്റ് ക്ഷേമ പദ്ധതികളുമെല്ലാം പ്രവാസി വോട്ടുകളിലേക്കും സർക്കാർ കണ്ണ് വയ്‌ക്കുന്നുവെന്നതിന്റെ സൂചനയാണ്. കൊവിഡ് ആയതോടെ ധാരാളം പ്രവാസികളാണ് സംസ്ഥാനത്ത് ജോലി നഷ്‌ടപ്പെട്ടും മറ്റും എത്തിച്ചേർന്നിട്ടുളളത്. നിലവിലെ സാഹചര്യത്തിൽ നല്ലൊരു ശതമാനം വരുന്ന പ്രവാസികളെ ഒഴിവാക്കി കൊണ്ട് സർക്കാരിന് മുന്നോട്ട് പോകാനാകില്ല.
കണക്കു കൊണ്ടുളള കളികൾക്കിടയിൽ കേന്ദ്രത്തിനെതിരെ ശക്തമായ രാഷ്ട്രീയ വിമർശനം ഉന്നയിക്കാനും തോമസ് ഐസക്ക് മറന്നില്ല. കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് വ്യക്തമാക്കി രാഷ്ട്രീയ വിവാദങ്ങളൊന്നും സർക്കാരിന്റെ വികസന അജണ്ടയെ ബാധിക്കില്ലെന്നും ഐസക്ക് അടിവരയിടുന്നു. ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റനെറ്റ് ഉറപ്പാക്കുക വഴി സമ്പൂർണ ഇന്റർനെറ്റ് വിപ്ലവമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ലോട്ടറി വിൽപ്പനക്കാർക്കും തൊഴിലാളികൾക്കുമുളള ക്ഷേമാനുകൂല്യങ്ങളിൽ വലിയ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. എന്തു വില കൊടുത്തും ലോട്ടറി മാഫിയയെ പ്രതിരോധിക്കുമെന്നും ധനമന്ത്രി ധീരമായ പ്രഖ്യാപനം നടത്തി. പ്രതിസന്ധിക്കിടയിൽപ്പെട്ടുപോയ കർഷകർക്കും കെ എസ് ആർ ടി സിക്കും ഒരു കൈത്താങ്ങ് നൽകാനും ഐസക്ക് മറന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |