തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതികളുടെ നേട്ടങ്ങളെ ബഡ്‌ജറ്റിൽ സ്വന്തം നേട്ടമായി ഉയർത്തിക്കാട്ടുകയാണ് ധനമന്ത്രി തോമസ് ഐസക് ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ..സുരേന്ദ്രൻ ആരോപിച്ചു.. നരേന്ദ്ര മോദി ഡിജിറ്റൽ ഇന്ത്യ കൊണ്ടുവന്നപ്പോൾ പട്ടിണി മാറുമോ എന്ന് ചോദിച്ച് പരിഹസിച്ചവർ ഇപ്പോൾ മോദിയുടെ പദ്ധതി വികൃതമാക്കി അനുകരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കമ്പ്യൂട്ടറൈസൈഷൻ ജനങ്ങളെ കാർന്നു തിന്നുവെന്നും കമ്പ്യൂട്ടർ ബകനാണെന്നും പറഞ്ഞ ഐസക് തന്നെയാണ് ലാപ്‌ടോപ്പ് എല്ലാ വീട്ടിലും എത്തിക്കുമെന്ന് പറയുന്നത്. ഡിജിറ്റൽ ഇന്ത്യ വൻവിജയമാണെന്ന് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റുകാർ അംഗീകരിക്കണം. കേന്ദ്രസർക്കാർ തൊഴിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ തൊഴിൽ നിയമങ്ങളുടെ ലംഘനം, തൊഴിലാളിവിരുദ്ധത എന്ന് പറഞ്ഞ് ഘോരഘോരം പ്രസംഗിച്ചവരാണ് ഇടതുപക്ഷക്കാർ. എല്ലാ വീട്ടിലും തൊഴിൽ എത്തിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. ഇപ്പോൾ എന്താ തൊഴിൽ നിയമങ്ങൾ മറന്നുപോയോ എന്നും സുരേന്ദ്രൻ ചോദിച്ചു.
ഈ ബഡ‌്ജറ്റിൽ എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ അത് കേന്ദ്രസർക്കാരിന്റെ പദ്ധതികൾ മാത്രമാണ്. കെ.എസ്.ഇ.ബിയുടെ എൽ.ഇ.ഡി ബൾബും അങ്കണവാടി ടീച്ചേഴ്സിനും ആശാവർക്കർമാർക്കും ശമ്പളം കൂട്ടിയതും തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും കേന്ദ്രസർക്കാരിന്റേതാണ്. 10 വർഷത്തെ കേന്ദ്രസഹായംവച്ച് ധവളപത്രം ഇറക്കാൻ തോമസ് ഐസക്കിന് ധൈര്യമുണ്ടോ? 4 വർഷം ഭരിച്ച യു.പി.എ. സർക്കാർ ഓരോ വർഷവും കേരളത്തിന് അനുവദിച്ച പണവും 6 വർഷമായി ഭരിക്കുന്ന മോദി സർക്കാർ അനുവദിക്കുന്ന പണവും എത്രയെന്ന് ജനങ്ങൾ അറിയട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബഡ്ജറ്റെന്നും സുരേന്ദ്രൻ പറഞ്ഞു. മൂന്ന് ലക്ഷം കോടി പൊതുകടത്തിൽനിന്നും അഞ്ച് ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ സാമ്പത്തികനയമാണ് തോമസ് ഐസകിന്റേത്. സമ്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തിൽനിന്നുമോചിപ്പിക്കാനുള്ള ഒരു ശ്രമവും ബഡ്ജറ്റിൽ ഇല്ല. കർഷകർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന ഇടതുസർക്കാരിൽനിന്ന് കേരളത്തിലെ കർഷകർക്ക് പ്രതീക്ഷിക്കാനൊന്നുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയുള്ള ദീർഘകാല നിക്ഷേപങ്ങൾ ഒന്നും ബഡ‌്ജറ്റിൽ ഇല്ല
സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കാനോ നികുതി തിരിച്ചുപിടിക്കാനോ ഒരു ശ്രമവും ബഡ്‌ജറ്റിൽ കൊണ്ടുവന്നിട്ടില്ല. വൻകിട വാറ്റ് കുടിശ്ശിക തിരിച്ചുപിടിക്കാൻ ഒരു നീക്കവും ഇല്ല. വൻകിട മുതലാളിമാരെ പ്രീണിപ്പിക്കാനാണ് നികുതി പിരിക്കാത്തത്. കേന്ദ്രസർക്കാർ കൃത്യമായി നികുതി പിരിക്കുന്നത് കൊണ്ടാണ് സംസ്ഥാനങ്ങൾക്ക് ഇത്രയും പണം നൽകാനാവുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |