ഡോ.പല്പുവിന്റെ പേരിൽ ആരോഗ്യ സർവകലാശാലയിൽ പഠനവകുപ്പ്
തിരുവനന്തപുരം: സർവകലാശാലകൾ കിഫ്ബിയിൽ നിന്നടക്കം രണ്ടായിരം കോടി ചെലവിട്ട് നവീകരിക്കുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപനം. സാങ്കേതിക, ആരോഗ്യ, ഓപ്പൺ സർവകലാശാലകൾക്ക് ആസ്ഥാനം നിർമ്മിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവച്ച 1175കോടിയിൽ 392കോടി 15 സർവകലാശാലകൾക്കാണ്.
വ്യവസായ- ഉന്നതവിദ്യാഭ്യാസ മേഖലകളുടെ ഏകോപനത്തിന് ഡിജിറ്റൽ വാഴ്സിറ്റിക്ക് ഇരുപത് കോടിയുണ്ട്. സംരംഭക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ മിഷൻ ഡിജിറ്റൽ സർവകലാശാല നടപ്പാക്കും. അഞ്ചു വർഷത്തിനകം സർവകലാശാലകൾ നാക് 3.5ഗ്രേഡ് നേടണം.
ആരോഗ്യ സർവകലാശാലയെ സ്വന്തമായി വകുപ്പുകളും ഗവേഷണവുമുള്ള സർവകലാശാലയാക്കും. ആദ്യം സ്ഥാപിക്കുന്ന സ്കൂൾ ഒഫ് എപ്പിഡമോളജിക്കൽ സ്റ്റഡീസ് ഡോ.പല്പുവിന്റെ പേരിലായിരിക്കും. തൃശൂർ മെഡിക്കൽ കോളേജിനെ കാമ്പസ് മെഡിക്കൽ കോളേജാക്കും.
*അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസ് മുറികൾ ഡിജിറ്റലാക്കാൻ കിഫ്ബിയുടെ 150 കോടി. ഗവ.കോളേജുകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി 594കോടി അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ 56കോടി വിഹിതവുമുണ്ട്. റൂസയിൽ നിന്ന് 144കോടി കോളേജുകൾക്ക് ലഭിക്കും. നാക് അക്രഡിറ്റേഷൻ നേടിയെടുക്കാൻ 28കോടി.
*നൂറു വർഷം പിന്നിടുന്ന ആലുവ യു.സി കോളേജിൽ പി.ജിയുടെയും പി.കെ.വിയുടെയും സ്മരാകമായി ലൈബ്രറി കെട്ടിടം നിർമ്മിക്കാൻ അഞ്ചുകോടി. രജതജൂബിലി ആഘോഷിക്കുന്ന കണ്ണൂർ വാഴ്സിറ്റിക്ക് 20കോടി
*ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് 131കോടി, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50കോടി, ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 16കോടി, കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് അഞ്ചുകോടി, ഐ.എച്ച്.ആർ.ഡിക്ക് ഇരുപത് കോടി, സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് 19കോടി
*ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ഇ-ജേർണൽ കൺസോർഷ്യത്തിനായി പത്തുകോടി. ഉന്നതവിദ്യാഭ്യാസ കൗൺസിന് ആസ്ഥാനമന്ദിരം വാങ്ങാൻ അഞ്ചുകോടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |