ന്യൂഡൽഹി: മൂന്നാംഘട്ട പരീക്ഷണം തുടരുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ കുത്തിവയ്പെടുക്കാൻ വിസമ്മതം പ്രകടിപ്പിച്ച് ഡോക്ടർമാർ.. പരീക്ഷണ ട്രയലുകൾ പൂർത്തിയാക്കാത്തതിനാൽ കൊവാക്സിനെ ഭയപ്പെടുന്നുവെന്ന് ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലെ റസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷനാണ് അധികൃതരെ അറിയിച്ചത്. കൊവിഡ് വാക്സിനേഷൻ യജ്ഞം രാജ്യത്ത് ആരംഭിച്ച ദിവസം തന്നെയാണ് ഡോക്ടർമാർ ആശുപത്രി സൂപ്രണ്ടിന് ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയത്.
പരിശോധനകൾ പൂർത്തിയാകാത്തതിനാൽ ഡോക്ടർമാർ കൊവാക്സിനെ ഭയപ്പെടുന്നുവെന്നും പകരം സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിനാണ് താത്പര്യമെന്നും കത്തിൽ പറയുന്നു.
അതേസമയം, ആർ.എം.എൽ ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. എ കെ സിംഗ് റാണ ശനിയാഴ്ച കൊവാക്സിൻ കുത്തിവയ്പ്പെടുത്തു.
ഡൽഹിയിലെ 81 കേന്ദ്രങ്ങളിലാണ് സർക്കാർ വാക്സിനേഷൻ നടത്തിയത്. എയിംസ്, സഫ്ദർജംഗ് ഹോസ്പിറ്റൽ, ആർ.എം.എൽ ഹോസ്പിറ്റൽ, കലാവതി സരൺ ചിൽഡ്രൻ ഹോസ്പിറ്റൽ, രണ്ട് ഇ.എസ്.ഐ ആശുപത്രികൾ എന്നീ ആറ് കേന്ദ്ര സർക്കാർ ആശുപത്രികളാണ് ഡൽഹിയിലെ വാക്സിനേഷൻ യജ്ഞത്തിൽ പങ്കാളികളായത്.
അതേസമയം . കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ തുടരുകയാണെന്നും ഇത് മതിയായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ പറഞ്ഞു. വിദഗ്ദ്ധർ ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. രണ്ട് വാക്സിനുകളും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല. രണ്ടും സുരക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |