തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് സെക്രട്ടേറിയറ്റിൽ ജീവനക്കാരും അതിഥികളും തീരെ കുറവായിരുന്നെങ്കിലും ചായകുടി കെങ്കേമമായി നടന്നു. 9 മാസത്തിനിടെ കുടിച്ചുതീർത്തത് 14.11ലക്ഷം രൂപയുടെ ചായ. ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ലിസ്റ്റിൽപ്പെട്ട ചായകുടിയുടെ മാത്രം കണക്കാണിത്.
പുറത്തുനിന്നുള്ളവർക്ക് സെക്രട്ടേറിയറ്റിൽ പ്രവേശനം നിഷേധിച്ചിരുന്നപ്പോഴും ചായകുടി ആചാരം മുറപോലെ നടന്നു!
ലോക്ക്ഡൗണിനു തൊട്ടുമുമ്പുള്ള ജനുവരിയിൽ 2,80,291 രൂപയും ഫെബ്രുവരിയിൽ 2,66,235 രൂപയുമായിരുന്നു ചായ ബിൽ. ലോക്ക് ഡൗൺ തുടങ്ങിയ മാർച്ചിൽ അത് 1,98,439 ആയി. തുടർന്നുള്ള ഒൻപത് മാസത്തെ മാത്രം കണക്കിലാണ് 14 ലക്ഷം കടന്നത്.
ഏപ്രിലിൽ 1,58,747 രൂപയായി താഴ്ന്നു. പിന്നെ ലൈറ്റായിട്ടും കടുപ്പത്തിലും ബിൽ നിന്നു. മീഡിയത്തിൽ നിന്ന മാസ ബില്ലുകളുമുണ്ട്. ലോക്ക്ഡൗൺ മൂത്തുനിന്ന ജൂണിൽ സ്ട്രോങ്ങായി നീട്ടിയടിച്ചു-2,16,542 രൂപയായി. സെപ്തംബറിൽ കുടിച്ചത് 1,50,529 രൂപയ്ക്ക്, ഒക്ടോബറിൽ 1,50,570 രൂപയ്ക്കും. ഡിസംബറിൽ കുടിച്ചത് 2,10,985 രൂപയ്ക്ക്. അങ്ങനെ ചായ സെക്രട്ടേറിയറ്റിൽ ലോക്ക് ഡൗണിലെ താരമായി.
ചീഫ് സെക്രട്ടറി, 41സെക്രട്ടറിമാർ
ചീഫ് സെക്രട്ടറിയും 41 സെക്രട്ടറിമാരും സെക്രട്ടേറിയറ്റിലുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ പതിനഞ്ചോളവും സെക്രട്ടറിമാരുടെ ഓഫീസുകളിൽ അഞ്ചിലധികവും ഉദ്യോഗസ്ഥർ. കൊവിഡ് അവലോകന യോഗങ്ങളാണ് പൊതുവേ നടന്നിരുന്നത്. മീറ്റിംഗ് ഇല്ലാതെയും ഉദ്യോഗസ്ഥർ ചായ കുടിച്ച വകയിലെ ബില്ലാണിത്.
സെക്രട്ടേറിയറ്റ് വളപ്പിലെ ഇന്ത്യൻ കോഫി ഹൗസിൽ വിളിച്ചു പറയുന്നതിനനുസരിച്ച് ചായയും വടയും പഴം പൊരിയും കട് ലറ്റുമെല്ലാം മേശപ്പുറത്ത് എത്തും. ഇന്ത്യൻ കോഫിഹൗസ് സമർപ്പിച്ച ബിൽ വിശദമായി പരിശോധിച്ച് അദർ എെറ്റംസ് എന്ന ഇനത്തിൽ നിന്നുള്ള തുക ഇന്ത്യൻ കോഫി ഹൗസിന്റെ എസ്.ബി.എെ അക്കൗണ്ടിലേക്ക് നൽകിയതിന്റെ ഉത്തരവും പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഇറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |