ന്യൂഡൽഹി: ബലാക്കോട്ട് മിന്നലാക്രമണത്തെപറ്റിയുള്ള റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ വിവാദ ചാറ്റുകളിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. സൈനിക ഓപ്പറേഷനുകളെ കുറിച്ചുള്ള ഔദ്യോഗിക രഹസ്യം ചോർത്തുന്നത് രാജ്യദ്രോഹമാണെന്ന് മുൻ പ്രതിരോധമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശസുരക്ഷയെയും സൈനികരുടെ സുരക്ഷയെയും ബാധിക്കുന്ന വിഷയമാണിത്. കേന്ദ്രസർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അർണബ് ഗോസ്വാമിയും ബാർക്ക് മുൻ സി.ഇ.ഒയുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകൾ രാജ്യസ്‌നേഹികളെ ഞെട്ടിക്കുന്നതും ആശങ്കയുണർത്തുന്നതുമാണ്.
ഇത്തരം നിർണായക സൈനിക ഓപ്പറേഷനുകളെപ്പറ്റി സർക്കാരിലെ തന്നെ മൂന്നോ നാലോ പേർ മാത്രമേ അറിയുകയുള്ളൂ. അങ്ങനെയൊരു വിവരം ദിവസങ്ങൾക്ക് മുൻപ് ഒരു മാദ്ധ്യമപ്രവർത്തകൻ എങ്ങനെ അറിഞ്ഞു. ഒരു സൈനിക ഉദ്യോഗസ്ഥനും ഈ വിവരം ചോർത്തില്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. സർക്കാരിൽ തന്നെയുള്ള ആരോ ആണ് പിന്നിൽ. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. അർണബിനെതിരെയും നടപടി വേണം. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവരം ചോർത്തുന്നത് ക്രിമിനൽ കുറ്റം മാത്രമല്ല ദേശവിരുദ്ധ പ്രവർത്തനം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |