രോഗപ്രതിരോധശേഷിയുള്ളവർ, നല്ല ഭക്ഷണം കഴിക്കുന്നവർ, നല്ല ശീലങ്ങൾപാലിക്കുന്നവർ എന്നിവരിലൊന്നും വിരരോഗങ്ങൾക്ക് അധികനാൾ നിലനിൽക്കാനാവില്ല. അതുകൊണ്ടുതന്നെ വിരകളെ ഒഴിവാക്കാൻ ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഭക്ഷണമുണ്ടാക്കുന്നതിനും കഴിക്കുന്നതിനും മുമ്പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കൈകൾ കഴുകണം. ടോയ്ലറ്റിലേക്ക് പോകുന്നതിനു മുമ്പും ശേഷവും ഇപ്രകാരം തന്നെ കൈകൾ ശുചിയാക്കുക.
മത്സ്യമാംസാദികൾ നന്നായി പാകം ചെയ്ത് മാത്രം കഴിക്കുക.
ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ തണുപ്പ് കൂടുതൽ ലഭിക്കുന്ന അറയായ ഫ്രീസറിൽ തന്നെ വയ്ക്കുക. പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴുകിയും തൊലി കളഞ്ഞും പരമാവധി പാകപ്പെടുത്തിയും ഉപയോഗിക്കുക.
തറയിൽ വീണ ഭക്ഷണപദാർത്ഥങ്ങൾ നന്നായി കഴുകാതെയോ വീണ്ടും ചൂടാക്കാതെയോ ഭക്ഷിക്കരുത്. പുറത്തു പോയി ഭക്ഷണം വാങ്ങിക്കഴിക്കുമ്പോൾ ഇത്തരം ചിന്തകൾ കൂടി മനസ്സിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
വെളിച്ചെണ്ണ ഒരു ടീസ്പൂൺ വീതം രാവിലെ കുടിക്കുകയും രാത്രി കിടക്കാൻ നേരം മലദ്വാരത്തിൽ പുരട്ടുകയും ചെയ്യുന്നത് കൃമിശല്യം ഒഴിവാക്കും. പ്രഭാതഭക്ഷണത്തിന്റെ കൂടെ ഒരു ടേബിൾ സ്പൂൺ ചുരണ്ടിയ തേങ്ങ കഴിക്കുന്നതും ഫലപ്രദമാണ്. ആവണക്കെണ്ണ ഉപയോഗിച്ച് വയറിളക്കുന്നതും നല്ലതാണ്. തേങ്ങയിലുള്ള അണുനാശക ശക്തിയാണ് ഇതിനു കാരണം.
വെളുത്തുള്ളി, മത്തൻ വിത്ത്, മാതളം, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ധാരാളമായി കഴിക്കുന്നത് എല്ലാ വിരരോഗങ്ങളെയും ശമിപ്പിക്കും.
തുമ്പയിലച്ചാറ് കുടിക്കുന്നതും തുമ്പപ്പൂവ് കുടമായി തന്നെ മലദ്വാരത്തിൽ വയ്ക്കുന്നതും കുട്ടികളിലെ വിരശല്യം കുറയ്ക്കും.
പപ്പായയുടെ കുരു പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും വെള്ളം ധാരാളം കുടിക്കുന്നതും കൃമികളെ കുറയ്ക്കും. മഞ്ഞൾ, ഇഞ്ചി, വേപ്പില, പൈനാപ്പിൾ എന്നിവയും വിരകളെ ഒഴിവാക്കാൻ നല്ലതാണ്. ഉഴുന്ന്, പായസം, പഴകിയ ആഹാരം, അധികം പഴുത്ത പഴങ്ങൾ, മധുരപലഹാരങ്ങൾ, പുളിച്ച ഭക്ഷണം, പാകം ചെയ്യാത്ത ഭക്ഷണം എന്നിവയെല്ലാം കൃമി ഉൾപ്പെടെയുള്ള വിരരോഗങ്ങളെ വർദ്ധിപ്പിക്കും.
ആയുർവേദ മരുന്നുകൾ വിരരോഗങ്ങൾക്ക് ഫലപ്രദവും പ്രത്യേകിച്ച്, കുട്ടികളിൽ സുരക്ഷിതവുമാണ്. സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ഇവ സൗജന്യമായി ലഭിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |