പെണ്ണാണെങ്കിൽ കണ്ണെഴുതണം, പൊട്ടു കുത്തണം, മുടി പിന്നിക്കെട്ടി സുന്ദരിയാകണം. ഇതൊക്കെ ഔട്ട് ഒഫ് ഫാഷനായിട്ട് കാലം കുറെയായി. നല്ല അടിപൊളി ഡ്രസിൽ, വ്യക്തമായ ആറ്റിറ്റ്യൂഡോടെ എത്രത്തോളം ട്രെൻഡിയാകാം എന്നാണ് ഇപ്പോഴത്തെ പെൺകുട്ടികൾ ചിന്തിക്കുന്നത്. മേക്കപ്പിന്റെ കാര്യത്തിലാണെങ്കിലും ഇതു തന്നെയാണ് കാര്യം. ദിവസവും ഒരുങ്ങി ഓഫിസിലേക്ക് ഓടുന്നവർക്ക് മേക്കപ്പിന്റെ കാര്യത്തിൽ പലപ്പോഴും ചില അബദ്ധങ്ങളൊക്കെ സംഭവിക്കാറുണ്ട്. സഹപ്രവർത്തകർ കളിയാക്കുമ്പോഴായിരിക്കും പലരും ഇത് തിരിച്ചറിയുന്നത്. ഈ കാര്യങ്ങളൊക്കെ നമുക്ക് തിരിച്ചറിയാം.
സ്‌കിൻ ടോണിന് അനുയോജ്യമല്ലാത്ത ഫൗണ്ടേഷൻ ഉപയോഗിച്ചുകഴിഞ്ഞാൽ ഗുണത്തേക്കാളേറെ അത് ദോഷം ചെയ്യും. ഓരോ ഫൗണ്ടേഷനും ഏതു സ്‌കിൻ ടോണിന് ചേരുന്നതാണെന്ന് കൃത്യമായി അതിനു പുറത്ത് എഴുതിയിട്ടുണ്ടാകും. വെളുത്ത നിറമുള്ളവർക്ക് 'വീറ്റിഷ് സ്‌കിൻ" എന്ന് പ്രത്യേകം എഴുതിയിട്ടുണ്ടാകും. നിറം കുറഞ്ഞവർ ഇത് ഉപയോഗിച്ചാൽ കൂടുതൽ മേക്കപ്പ് ഇട്ടതായി തോന്നും. അതപോലെ നിറം കുറഞ്ഞവർക്കുള്ള ഫൗണ്ടേഷൻ വെളുത്തവർ ഉപയോഗിച്ചാൽ കറുത്തിരുണ്ടതായി തോന്നും. എല്ലാത്തിനും പുറമെ മിതമായി വേണം ഫൗണ്ടേഷൻ ക്രീം ഉപയോഗിക്കാൻ. ദ്രവരൂപത്തിലുള്ള ഫൗണ്ടേഷനോ കൺസീലറോ ഉപയോഗിക്കുന്നതാണ് യഥാർത്ഥമായ തിളക്കം കിട്ടാൻ നല്ലത്.
കണ്ണ് കുഴിഞ്ഞവർ കണ്ണെഴുതമ്പോൾ ഐ ഷാഡോ ലൈറ്റ് ഷെയ്ഡായേ കൊടുക്കാവൂ. കണ്ണിന്റെ മുകളിൽ മാത്രം ഐ ജെല്ലോ ഐ ലൈനറോ ഇട്ടിട്ട്, മസ്‌കാരയിടുക. താഴെ ചെയ്യരുത്. വലിയ ഉണ്ടക്കണ്ണുള്ളവർ ഐ ലാഷിനോട് ചേർന്ന് വാലിട്ട് കണ്ണെഴുതുക. ഐ ബോളിന്റെ (കൃഷ്‌ണമണിയുടെ) നിറം അനുസരിച്ച് ഐ ജെൽ തിരഞ്ഞെടുക്കുക. പൂച്ചക്കണ്ണുള്ളവർ കറുപ്പ് ഐ ലൈനർ കൊണ്ട് എഴുതരുത്. ബ്രൗൺ ഐലൈനർ കൊണ്ട് എഴുതുന്നതാണ് നല്ലത്. പലതരം കളർ കാജൽ കിട്ടും. ഗ്രീൻ, ബ്രൗൺ തുടങ്ങിയ നിറങ്ങളിൽ. അത് വസ്ത്രത്തിന്റെ നിറമനുസരിച്ച് സെലക്ട് ചെയ്ത് കണ്ണിന്റെ കോണിൽ ചെറുതായി ഷെയ്ഡ് ചെയ്തു കൊടുത്താൽ ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ഭംഗിയേകും.
പാർട്ടി മേക്കപ്പിന് കവിളിൽ ബ്‌ളഷ് വേണം. ലിപ് ഗിറ്ററൻസ് ഉള്ള ബ്ളഷ് ഇട്ടാൽ കവിളിനു തുടിപ്പു തോന്നിക്കും. ലൈറ്റ് ബ്രൗൺ ഷെയ്ഡ്, ഐഷാഡോ ആയും ബ്ളഷ് ആയും ഇട്ടാൽ നാച്വറൽ ലുക്ക് തോന്നും.
ചുണ്ടുകളിൽ തിളക്കമില്ലാത്ത ലിപ്സ്റ്റിക് ഉപയോഗിക്കാം. നാച്ചുറൽ ലുക്ക് കിട്ടാൻ വേണ്ടിയാണിത്. കൂടുതൽ ഡ്രൈ ആയി തോന്നുകയാണെങ്കിൽ ആർഗൻ ഓയിൽ ഉപയോഗിക്കാം. ലാക്‌മെയുടെ ആർഗൻ ഓയിൽ ലിപ്പ് കളറുകൾ വിപണിയിൽ ലഭ്യമാണ്.
മേക്കപ്പിനൊപ്പം വേണം സൗന്ദര്യസംരക്ഷണവും
മേക്കപ്പ് കൊണ്ട് മാത്രം സൗന്ദര്യം കൈവരിക്കാനാവില്ല. അതിനൊപ്പം കൃത്യമായ പരിചരണത്തിലൂടെ സൌന്ദര്യം സംരക്ഷിക്കുകയും വേണം. ഇതിന് ബ്യൂട്ടിപാർലറിലെ ചെലവേറിയ ട്രീറ്റ്‌മെന്റുകൾ തന്നെ വേണമെന്നില്ല. സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങളെ കൂടുതലായി ആശ്രയിക്കുന്നതാണ് നല്ലത്. ഇവയ്ക്ക് അധികം പണച്ചെലവും ആവില്ല.
മുഖസൗന്ദര്യം കാക്കാൻ
പ്രായമനുസരിച്ച് മുഖചർമസംരക്ഷണത്തിനുള്ള മാർഗങ്ങൾ കൃത്യമായി ചെയ്യണം. ടീനേജ് കുട്ടികൾ തൊട്ട് 25 വയസിനു താഴെയുള്ളവർ വരെ മുഖം ക്ലീൻ അപ്പ് ചെയ്താൽ മതി. മൂന്ന് മാസം കൂടമ്പോൾ ക്ലീൻ അപ്പ് ചെയ്യാം. ഈ പ്രായക്കാർക്ക് മുഖത്ത് മസാജിംഗ് നൽകാറില്ല. 25-35 പ്രായത്തിൽ മാസത്തിലൊരിക്കലോ രണ്ടു മാസം കൂടമ്പോഴോ ഫേഷ്യൽ ചെയ്യണം. 35 കഴിഞ്ഞ് മാസത്തിൽ ഒരു ഫേഷ്യൽ നിർബന്ധമായും ചെയ്യുക. 45 കഴിഞ്ഞാൽ ടൈറ്റനിംഗ് പ്‌ളേസ് വൈറ്റനിംഗ് ഹെർബൽ ഫേഷ്യൽ ചെയ്യാം. ബ്ളീച്ച് പതിവായി ഉപയോഗിക്കരുത്. ചർമം കട്ടി കൂടിയതാകും. ബ്ലീച്ചിൽ അമോണിയ അടങ്ങിയിട്ടുണ്ട്. ബ്ളീച്ച് ചെയ്‌തിട്ട് വെയിലത്തിറങ്ങുന്നത് മുഖം കറുക്കാനും ഇടയാക്കും.
ആഴ്‌ചയിലൊരിക്കൽ സ്‌ക്രബ് ചെയ്യുക. ഓട്‌സ് പൊടിച്ചത്, അരിപ്പൊടി, ഓറഞ്ച് തൊലി ഉണക്കി പൊടിച്ചത് ഇവയിലേതെങ്കിലും മുട്ടവെള്ളയിൽ മിക്‌സ് ചെയ്‌ത് സ്‌ക്രബ്ബ് പോലെ ഉപയോഗിക്കാം. അതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. പുറത്തപോയി വരമ്പോൾ മുഖം വൃത്തിയാവാൻ ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക.
സൺ സ്‌ക്രീൻ ലേപനം എപ്പോഴും വാനിറ്റി ബാഗിൽ കരുതുക. എസ്.പി.എഫ് 30 എങ്കിലും വേണം. വീട്ടിലായാലും പുറത്ത് ആയാലും സൺ സ്‌ക്രീൻ ലേപനം ഉപയോഗിക്കുന്നത് പതിവാക്കുക. മുഖത്തും കഴുത്തിലും കൈത്തണ്ടയിലും (വെയിലേൽക്കുന്ന ശരീരഭാഗങ്ങളിൽ) പുരട്ടുക. കടകളിൽ കിട്ടുന്ന ഫേഷ്യലിംഗ് കിറ്റുകൾ ഉപയോഗിച്ച് മുഖം ഫേഷ്യൽ ചെയ്യാതിരിക്കുക. കാരണം, ഇവ നിങ്ങളുടെ മുഖചർമത്തിന് ഇണങ്ങുന്നതാണോ എന്നുറപ്പില്ല. അതിനു പകരം വീട്ടിൽ തന്നെ, പഴങ്ങളും പച്ചക്കറികളും ധാന്യപ്പൊടിയും മറ്റുമുപയോഗിച്ച് ഫേഷ്യൽ സ്വയം ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ബ്യൂട്ടി പാർലറിൽ പോയി വിദഗ്ദ്ധയായ ബ്യൂട്ടീഷ്യന്റെ മേൽനോട്ടത്തിൽ നിങ്ങളുടെ ചർമത്തിനിണങ്ങുന്ന ഫേഷ്യലിംഗ് ചെയ്യുക.
വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് മാറാൻ: ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരച്ച് അതിൽ അൽപം ഗോതമ്പു മാവ് കൂട്ടിക്കലർത്തി ഫേസ്‌പാക്ക് പോലെ ഇടുക. കുറച്ച് തേൻ കൂടി ചേർത്തിട്ടാൽ ഗുണമേറും. ഇത് ചർമത്തിന്റെ കരുവാളിപ്പ് മാറാൻ എല്ലാവർക്കും പതിവായി ചെയ്യാവുന്നതാണ്.
മുഖത്തിന്റെ ക്ഷീണം മാറ്റാൻ: ചെറിയ സാലഡ് വെള്ളരി അരച്ചിട്ട് അൽപം നാരങ്ങാനീരും ചേർത്ത് ഈ മിശ്രിതം ഫ്രിഡ്‌ജിൽ വച്ചു തണുപ്പിക്കുക. പിന്നീട് മുഖത്തിടുക. മുഖത്തിന് ഉണർവു ലഭിക്കും.
വീട്ടിൽ ഒരു ബ്ളീച്ച്: തൈര് പ്രകൃതി ദത്തമായ ബ്ളീച്ചിംഗ് ഏജന്റാണ്. ഇത് മുഖത്തെ കരുവാളിപ്പ് മാറാൻ ആർക്കും ഉപയോഗിക്കാം. വീട്ടിൽ ഒരു ബ്ളീച്ച് വേണമെങ്കിൽ തൈരിൽ ഓട്‌സോ പാൽപ്പൊടിയോ മിക്‌സ് ചെയ്ത് മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകി കളയുക. വരൾച്ച തോന്നിയാൽ അൽപം മോയിസ്ചറൈസർ മുഖത്ത് പുരട്ടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |