അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡനും പ്രഥമ വനിതയായി ജിൽ ബൈഡനും സ്ഥാനമേറ്റിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. വിജയത്തിന്റെ പരവതാനി വിരിച്ച വഴിത്താരയിലൂടെ ലോകനേതാവെന്ന പദം പ്രാപിച്ച ആളല്ല, 78 കാരനായ ജോസഫ് ആർ ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ. മറിച്ച് കല്ലുംമുള്ളും നിറഞ്ഞ പാതയിൽ കുടുംബത്തെയും ദൈവത്തേയും ചേർത്തുപിടിച്ച് മുന്നിലേക്ക് നടന്നുവന്നയാളാണദ്ദേഹം.
വർഷങ്ങളായി പൊതുപ്രവർത്തകനാണെങ്കിലും സ്വകാര്യ വ്യക്തിത്വം മറ്റുള്ളവർ അറിയണമെന്നില്ലെന്ന് കരുതുന്നയാളാണ് ബൈഡൻ.
'ചില സമയങ്ങളിൽ നിങ്ങൾ എന്നെ ടിവിയിൽ കണ്ടേക്കാം, മറ്റു ചിലപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ. പക്ഷേ എന്റെ യഥാർത്ഥ ജീവിതം കാണാൻ അവസരമുണ്ടായെന്നു വരില്ല ' എന്നാണ് ബൈഡൻ പറയുന്നത്.
ഫുട്ബോൾ പ്രേമിയായ, നായ്‌ക്കളെ വളർത്തുന്ന, തരംകിട്ടിയാൽ രണ്ട് ഐസ്ക്രീം ഒരേസമയം കഴിക്കുന്ന പ്രസിഡന്റിന്റെ ജീവിതത്തിലെ ചില ഏടുകളൊന്ന് പരിശോധിക്കാം.
കുടുംബമാണ് ശക്തികേന്ദ്രം
അടിമുടി കുടുംബസ്ഥനാണ് ബൈഡൻ. ജീവിതത്തിലുടനീളം കുടുംബത്തെ സ്നേഹിക്കുകയും ഒപ്പംനിറുത്തുകയും ചെയ്തയാൾ. കുടുംബത്തെ വിട്ടൊരു കളിക്കു ബൈഡൻ നിന്നിട്ടില്ല. വിജയ പ്രഖ്യാപന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ ബൈഡൻ സ്വയം പരിചയപ്പെടുത്തിയത്
'ഞാൻ ജില്ലിന്റെ ഭർത്താവാണ്' എന്നാണ്. അദ്ദേഹം ഭാര്യയെ എത്രമാത്രം വില മതിക്കുന്നുവെന്നതിന് ഉദാഹരണമാണിത്.
കോളജ് കാലത്ത് ഹൃദയം കവർന്ന നെയ്ലിയയായിരുന്നു ബൈഡന്റെ ആദ്യപ്രണയം. 1966ലാണ് സിറാക്യൂസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്ന നെയ്ലിയയെ ബൈഡൻ വിവാഹം കഴിച്ചത്. ബ്യൂ, ഹണ്ടർ, നവോമി എന്നിങ്ങനെ മൂന്നു മക്കളുണ്ടായി. 1972ൽ ബൈഡൻ സെനറ്റിലേക്കു വിജയിച്ച് ഏതാനും ആഴ്ച കഴിഞ്ഞപ്പോൾ നെയ്ലിയയും മക്കളും ക്രിസ്‌മസ് ഷോപ്പിംഗിനു പോകുന്നതിനിടെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി. നെയ്ലിയയും മകൾ നവോമിയും കൊല്ലപ്പെട്ടു. ബ്യൂവും ഹണ്ടറും പരുക്കുകളോടെ രക്ഷപ്പെട്ടു. 'ദൈവം എന്റെ ജീവിതത്തിൽ ഭയാനകമായൊരു ചതി നടത്തിയെന്നാണ് ബൈഡൻ അന്ന് പറഞ്ഞത്.
ദുരന്തത്തിൽ തകർന്നുപോയ ബൈഡൻ മക്കളെ ശുശ്രൂഷിക്കാനായി സെനറ്റ് അംഗത്വം രാജിവയ്ക്കാനൊരുങ്ങി. പാർട്ടി നേതൃത്വമാണ് പിന്തിരിപ്പിച്ചത്. ദുരന്തത്തിനുശേഷം ബൈഡന്റെ സ്വഭാവംതന്നെ മാറി. നിസാര കാര്യങ്ങൾക്ക് പൊട്ടിത്തെറിക്കുന്ന, ദൈവ വിശ്വാസം നഷ്ടപ്പെട്ട ആളായി അദ്ദേഹം. മക്കൾക്കൊപ്പമുണ്ടാകാൻ വേണ്ടി ബൈഡൻ ഡെലവെയർ– വാഷിംഗ്ടൻ ഡി.സി ട്രെയിനിൽ പതിവായി മൂന്നു മണിക്കൂർ യാത്ര ചെയ്തു. സെനറ്റ് അംഗമായിരുന്ന 36 വർഷവും ഇതു തുടർന്നു. ഡെലവെയറിന്റെ അറ്റോർണി ജനറലായി ബ്യൂ മസ്തിഷ്‌കാർബുദം ബാധിച്ച് 46–ാം വയസിൽ മരിച്ചു. മറ്റൊരു മകൻ ഹണ്ടർ മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. പിന്നീട് അതിൽ നിന്ന് മുക്തനായി ലൊസാഞ്ചലസിൽ കലാപ്രവർത്തനങ്ങൾ ആരംഭിച്ചു.
മാനസികമായി തകർന്ന ബൈഡനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റാൻ ദൈവം അയച്ച മാലാഖയായിരുന്നു ജിൽ.
ബൈഡന്റെ ജിൽ,
കുട്ടികളുടെ 'ഡോക്‌ടർ. ബി"
ഡെലവെയർ സർവകലാശാലയിലെ വിദ്യാർത്ഥിനി ജിൽ ട്രേസി ജേക്കബ്സിനെ 1975ലാണ് ബൈഡൻ പരിചയപ്പെടുന്നത്. ജിൽ അപ്പോഴേക്കും ഭർത്താവ് ബിൽ സ്റ്റീവൻസണുമായി പിരിഞ്ഞിരുന്നു.
ആദ്യ ഡേറ്റിന് എത്തിയ ബൈഡനെ കണ്ടപ്പോൾ, ഇയാൾ ശരിയാവില്ലെന്നാണ് തോന്നിയതെന്ന് ജിൽ പറഞ്ഞിട്ടുണ്ട്. 'ഞാൻ അതുവരെ ഡേറ്റ് ചെയ്തതു ജീൻസും ടീഷർട്ടുമിട്ട ചെറുപ്പക്കാരുമായാണ്. പക്ഷേ ഒരു സ്‌പോർട്സ് കോട്ടും ലോഫേഴ്സും ധരിച്ചെത്തിയ ബൈഡനെ കണ്ടപ്പോൾ തോന്നിയത്, ദൈവമേ ഇതു ശരിയാവാൻ പോകുന്നില്ല എന്നായിരുന്നു. എന്നെക്കാൾ ഒൻപതു വയസ് മുതിർന്നതായിരുന്നു അദ്ദേഹം' – 2016ൽ വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ ജിൽ പറഞ്ഞു.
'ഞങ്ങൾ സിനിമയ്ക്കു പോയി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ എനിക്കു കൈ തന്ന് അദ്ദേഹം ഗുഡ്‌നൈറ്റ് പറഞ്ഞു. ഞാൻ രാത്രി ഒരു മണിക്ക് എന്റെ അമ്മയെ വിളിച്ചു,. എന്നിട്ടു പറഞ്ഞു അമ്മേ, ഒടുവിൽ ഞാനൊരു ജന്റിൽമാനെ കണ്ടുമുട്ടി!' പതിയെപ്പതിയെ ബൈഡനുമായും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുമായും ജിൽ അടുപ്പമായി.
മക്കൾക്ക് ആറും ഏഴും വയസ്സുള്ളപ്പോഴാണ് ജില്ലിനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി ബൈഡൻ ആലോചിക്കുന്നത്. അപ്പോഴൊന്നും ജിൽ വിവാഹത്തിന് ഒരുക്കമല്ലായിരുന്നു. അഞ്ചു പ്രാവശ്യം വിവാഹാഭ്യർത്ഥന നടത്തിയ ശേഷമായിരുന്നു സമ്മതം മൂളിയത്. 1977 ജൂൺ 17ന് മക്കളെയും 40 അതിഥികളെയും സാക്ഷിയാക്കി ബൈഡൻ ജില്ലിനെ വിവാഹം കഴിച്ചു.
1981 ൽ ഇവർക്ക് ഒരു മകൾ പിറന്നു. ആഷ്ലി. ഇക്കാലത്തിലനിടെ 69 കാരിയായ ജിൽ രണ്ടു മാസ്റ്റർ ബിരുദങ്ങൾ നേടി. വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കി. ഇംഗ്ലീഷ് പ്രഫസറായ ജില്ലിനെ വിദ്യാർത്ഥികൾ 'ഡോ. ബി' എന്നാണു വിളിക്കുന്നത്.
പ്രിയപ്പെട്ട ചാംപും മേജറും
മൃഗസ്നേഹിയായ ബൈഡൻ രണ്ടു നായകളും ഒരു പൂച്ചയുമായാണ് വൈറ്റ് ഹൗസിന്റെ പടികയറുന്നത്. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ചാംപും മേജറും. പൂച്ചയുടെ ഇനവും പേരും പുറത്തുവിട്ടിട്ടില്ല.
2008 മുതൽ ചാംപ് ഒപ്പമുണ്ട്. 2018ലാണ് മേജറിനെ ദത്തെടുത്തു വളർത്താൻ തുടങ്ങിയത്. ബൈഡന്റെ ടീം പറയുന്നതുപ്രകാരം, വൈറ്റ് ഹൗസിൽ താമസിക്കുന്ന ആദ്യത്തെ ദത്ത് വളർത്തുമൃഗമാണ് മേജർ.
വിശ്വാസമാണ് എല്ലാം
ജിമ്മി കാർട്ടർക്ക് ശേഷം അമേരിക്കയെ നയിക്കുന്ന തികഞ്ഞ വിശ്വാസിയായ പ്രസിഡന്റാണ് ബൈഡൻ. യു.എസ് ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ പ്രസിഡന്റ്. കൈയിൽ സദാസമയവും ഒരു കൊന്തയുമായി നടക്കുന്ന ആദ്യ പ്രസിഡന്റും. 2015 മുതൽ ബൈഡന്റെ ഇടതുകൈയിൽ മെക്സിക്കോയിലെ ബസിലിക്ക ഒഫ് ഔർ ലേഡി ഒഫ് ഗ്വാഡലൂപെയിൽ നിന്ന് വെഞ്ചരിച്ച ഒരു കൊന്ത ചുറ്റിയിട്ടിട്ടുണ്ട്. 2015 ൽ മകൻ ബ്യൂ മസ്തിഷ്‌കാർബുദം ബാധിച്ച് മരിച്ചതോടെയാണ് ബൈഡൻ കൊന്തയെ മുറുകെപിടിച്ച് തുടങ്ങിയത്. ഡെലവെയറിലെ തന്റെ വീട്ടിലുള്ളപ്പോൾ നഗരത്തോടു ചേർന്നുള്ള ബ്രാൻഡിവൈൻ സെന്റ് ജോസഫ് പള്ളിയിലെ ഞായറാഴ്ച കുർബാനകളിൽ പതിവായി പങ്കെടുക്കാറുണ്ട് ബൈഡൻ. ഈ പള്ളിയുടെ സെമിത്തേരിയിലാണ് ബൈഡന്റെ മാതാപിതാക്കൾ, ബൈഡന്റെ ആദ്യ ഭാര്യ നെയ്ല, മകൾ നവോമി മകൻ ബ്യൂ എന്നിവർ അന്ത്യവിശ്രമം കൊള്ളുന്നത്.
19ാം നൂറ്റാണ്ടിൽ തയ്യാറാക്കിയ, കുടുംബത്തിനു പ്രിയപ്പെട്ട ബൈബിളിൽ തൊട്ടായിരുന്നു അദ്ദേഹം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പ്രസംഗത്തിലും ബൈഡൻ ബൈബിളിൽ നിന്നുള്ള പല കാര്യങ്ങളും ഉദ്ധരിച്ചു. കൊവിഡ് മൂലം മരിച്ചവർക്കായി നിശബ്ദനായി പ്രാർത്ഥിച്ചു.
വ്യാഴാഴ്ച വൈസ് പ്രസിഡന്റ് കമല ഹാരിസിനൊപ്പം നാഷണൽ കത്തീഡ്രലിലെ ഒരു കുർബാന വീഡിയോയിൽ കണ്ട ശേഷമായിരുന്നു ഔദ്യോഗിക ജോലികൾക്ക് അദ്ദേഹം തുടക്കമിട്ടത്.
വിക്കിനെ അതിജീവിച്ചയാൾ
കുറിക്കുകൊള്ളുന്ന വാക് ശരങ്ങൾകൊണ്ട് ട്രംപിനെ മുട്ടുകുത്തിച്ച ബൈഡന് ചെറുപ്പത്തിൽ വിക്കുണ്ടായിരുന്നു. യീറ്റ്സിനെയും എമേഴ്സണെയും ഉറക്കെ വായിച്ചാണ് വിക്ക് മറികടന്നത്. കവിതാപ്രേമിയായ ബൈഡൻ പ്രശസ്ത ഐറിഷ് കവി ഷീമസ് ഹീനി ഉൾപ്പെടെയുള്ളരുടെ കവിതകൾ ഉറക്കെ ചൊല്ലാറുണ്ട്. ഗ്രീക്ക് നാടകകൃത്ത് ഐസ്‌കലസിനെയും ഇഷ്ടമാണ്. അമേരിക്കൻ കവികളായ ലാങ്സ്റ്റൺ ഹഗ്സ്, റോബർട് ഹെയ്ഡൻ എന്നിവരുടെ കവിതകളും ആവർത്തിച്ചു വായിക്കാറുണ്ട്. അമേരിക്കയുടെ പ്രസിഡന്റ് എന്ന വലിയ പദവിയാണെങ്കിലും ഐസ്‌ക്രീം കൊതി മാറ്റിവയ്ക്കാനൊന്നും ബൈഡൻ ഒരുക്കമല്ല. ചോക്ലേറ്റ് ചിപ്പ് നുണയുന്നതാണ് ഏറ്റവുമിഷ്ടം.
ഹൈസ്‌കൂൾ ഫുട്‌ബോൾ ടീമിലെ അംഗമായിരുന്ന ബൈഡൻ, വൈഡ് റിസീവറും ഹാഫ്ബാക്കും ആയി കളിച്ചിട്ടുണ്ട്. വലിയ കാർ പ്രേമിയായ ബൈഡൻ പിതാവിൽനിന്ന് ലഭിച്ച '67 മോഡൽ കൊർവെറ്റ് സ്റ്റിംഗ്രേ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |