''തിരുവിതാംകോട്ടെ ജനസംഖ്യ 25 ലക്ഷം ആകുന്നു. ഇതിൽ അഞ്ചുലക്ഷം പേർ ഈഴവർ അല്ലെങ്കിൽ തീയന്മാരാകുന്നു. ജനസംഖ്യ കൊണ്ടു നോക്കുന്നതായാൽ ഇവർ ഇവിടുത്തെ രണ്ടാമത്തെ ജാതിക്കാരാകുന്നു.'' എന്ന് പറഞ്ഞാണ് സവർണ മേധാവിത്വത്തിനെതിരെ ഡോ. പല്പു നൽകിയ നിവേദനങ്ങളുടെയും കത്തുകളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ തിരുവിതാംകോട്ടെ ഈഴവർ എന്ന പുസ്തകം തുടങ്ങുന്നത്. കുറച്ച് വരികൾക്ക് ശേഷം അദ്ദേഹം പറയുന്നു. '' ഇവരിൽ (ഈഴവർ) നൂറ്റിനു 13 വീതം ആളുകൾ വിദ്യാഭ്യാസം ചെയ്തിട്ടുള്ളവരാകുന്നു. ബ്രാഹ്മണരോടും നായന്മാരോടും താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഇവർ വിദ്യാഭ്യാസ വിഷയത്തിൽ വളരെ താഴെയാണ് നിൽക്കുന്നത്. ഇതിന് കാരണം സർക്കാർ പള്ളിക്കൂടങ്ങളിൽ ഗവൺമെന്റ് ഇവർക്ക് സ്വതന്ത്രമായി പ്രവേശനം അനുവദിക്കാത്തതും സർക്കാരുദ്യോഗം ഇവർക്കു കൊടുക്കാത്തതും ആകുന്നു.""
അവർണരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ല ഡോ. പല്പു ശബ്ദമുയർത്തിയത്. ഉദ്യോഗം അടക്കമുള്ള എല്ലാ തലങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യമായിരുന്നു അദ്ദേഹം എപ്പോഴും മുന്നോട്ടുവച്ച ആവശ്യം. അക്കാലത്ത് പരദേശി ബ്രാഹ്മണർ കൈയടക്കിവച്ചിരുന്ന ഉയർന്ന ഉദ്യോഗങ്ങളിൽ ഇവിടുത്തുകാർക്ക് നിയമനം നൽകണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ മഹാരാജാവിന് നൽകിയ മലയാളി മെമ്മോറിയലിലെ മൂന്നാം പേരുകാരനായി ഒപ്പിട്ടത് ഡോ. പല്പുവായിരുന്നു. മലയാളി മെമ്മോറിയലിന്റെ അണിയറ ശില്പികൾ മുന്നാക്ക സമുദായക്കാരായിരുന്നു. അതുകൊണ്ട് അതിന്റെ നേട്ടം ലഭിച്ചതും അവർക്കായിരുന്നു. ഈഴവർക്ക് സമ്മാനിച്ചത് തെങ്ങ് ചെത്തിയും കയർ പിരിച്ചും ഇപ്പോഴത്തേത് പോലെ ഇനിയും ജീവിച്ചാൽ മതിയെന്ന പരിഹാസവും. ഈ പരിഹാരത്തിന് മുന്നിൽ പല്പു നിരാശനായില്ല. പരിഹാസത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകി. പക്ഷേ പ്രതികരണമുണ്ടായില്ല. അങ്ങനെയാണ് 1896ൽ 13176 ഈഴവരുടെ ഒപ്പ് ശേഖരിച്ച് ഈഴവ മെമ്മോറിയൽ തിരുവിതാംകൂർ രാജാവിന് നൽകിയത്.
ഈഴവ മെമ്മോറിയലിലൂടെ പല്പു അപേക്ഷിച്ചത് പള്ളിക്കൂടങ്ങളിൽ പ്രവേശനവും ഉദ്യോഗങ്ങളിൽ കേവല പ്രാതിനിദ്ധ്യവും മാത്രമായിരുന്നില്ല. ഈഴവ മെമ്മോറിയലും കാര്യമായ മാറ്റം സൃഷ്ടിച്ചില്ല. എന്നിട്ടും അദ്ദേഹം നിരന്തരം നിവേദനങ്ങൾ വിവിധ അധികാര കേന്ദ്രങ്ങൾക്ക് നൽകി. പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി. ഒടുവിൽ സംഘടിതമായ പരിശ്രമത്തിലൂടെ മാത്രമേ നീതി ലഭിക്കൂ എന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. പിന്നീട് കേരളത്തിൽ നിർണായകമായ സാമൂഹ്യ പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എസ്.എൻ.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ ഗുരുദേവന് ശക്തമായ പിന്തുണ നൽകിയത് ഡോ. പല്പുവായിരുന്നു. അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് 71 ആണ്ട് തികയുന്നു. പക്ഷേ അദ്ദേഹത്തിന്റെ ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം വിദ്യാഭ്യാസ മേഖലയിൽ പോലും ഇതുവരെ പൂർണമായും നടപ്പായിട്ടില്ലെന്ന് മാത്രമല്ല ജനസംഖ്യയിൽ പിന്നിൽ നിൽക്കുന്നവർ കൂടുതൽ ആനുകൂല്യങ്ങളും അവസരങ്ങളും തട്ടിയെടുക്കുന്ന ദയനീയ സ്ഥിതിയാണിപ്പോൾ.
കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമായതിനാൽ അവസര, അവകാശ നിഷേധങ്ങൾ പത്താംക്ലാസ് വരെയില്ല. മുന്നാക്കത്തിലെ പിന്നാക്കത്തിന് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയതോടെ ഹയർസെക്കൻഡറി പ്രവേശനം മുതൽ നീതിരാഹിത്യം തുടങ്ങുകയാണ്. ജനസംഖ്യയിൽ കേവലം 15 ശതമാനം മാത്രമുള്ള മുന്നാക്ക സമുദായത്തിന് 10 ശതമാനം സംവരണം കിട്ടിയിരിക്കുന്നു. എന്നാൽ ജനസംഖ്യയുടെ 27 ശതമാനം വരുന്ന ഈഴവ സമുദായത്തിന് കേവലം എട്ട് ശതമാനം മാത്രമാണ് സംവരണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഭീകരമായ അനീതിയാണ് നിലനിൽക്കുന്നത്.
സാമ്പത്തിക സംവരണത്തിലൂടെ മുന്നാക്ക സമുദായക്കാർക്ക് എം.ബി.ബി.എസ് പ്രവേശനത്തിന് പത്തുശതമാനം സംവരണം ലഭിച്ചു. പക്ഷേ ഈഴവർക്ക് അവിടെ ഒൻപത് ശതമാനം മാത്രമാണ്. മെഡിക്കൽ പി.ജി പ്രവേശനത്തിന് ഈഴവർക്ക് മൂന്ന് ശതമാനം സംവരണമേയുള്ളൂ. പക്ഷേ മുന്നാക്കക്കാർക്ക് അവിടെയും പത്ത് ശതമാനമുണ്ട്. ഇത് ചാതുർവർണ്യത്തിന്റെ പുതിയ രൂപമാണ്. പല ഉന്നത ഉദ്യോഗങ്ങളിൽ നിന്നും പിന്നാക്കക്കാർ ഒഴിവാക്കപ്പെടുമ്പോൾ യോഗ്യരായവർ ഇല്ലെന്നാണ് അധികൃതർ നൽകുന്ന മറുപടി. ഉയർന്ന വിദ്യാഭ്യസ യോഗ്യതകളാണ് ഉയർന്ന ഉദ്യോഗങ്ങൾക്കുള്ള യോഗ്യത. ഉയർന്ന കോഴ്സുകൾക്ക് അർഹതപ്പെട്ട സംവരണം അനുവദിക്കാതെ അവഗണിക്കുമ്പോൾ എങ്ങനെ പിന്നാക്കക്കാർ ഉയർന്ന ഉദ്യോഗങ്ങൾക്കുള്ള യോഗ്യത നേടും. പി.എസ്.സിയിലേത് പോലെ എല്ലാ വിദ്യാഭ്യാസ കോഴ്സുകൾക്കും ഈഴവ സമുദായത്തിന് 14 ശതമാനം സംവരണം ഏർപ്പെടുത്തണം. ദേവസ്വം ബോർഡിൽ ഉയർന്ന ശമ്പളമുള്ള ഗ്രേഡ് വൺ തസ്തികയിൽ സംവരണം ഇതുവരെ നടപ്പായിട്ടില്ല. ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും മാത്രമല്ല ജനാധിപത്യവേദികളിലും പിന്നാക്കക്കാർ അവഗണിക്കപ്പെടുക്കപ്പെടുകയാണ്. മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്ന 103-ാം ഭരണഘടന ഭേദഗതി അതിവേഗം നടപ്പായി. എന്നാൽ തദ്ദേശസ്ഥാപനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്ന 73-ാം ഭരണഘടനാ ഭേദഗതി മറ്റ് പല സംസ്ഥാനങ്ങളിലും നടപ്പായി. പക്ഷേ കേരളത്തിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ സ്ഥിതി മാറണം. ഡോ.പല്പു തുടങ്ങിവച്ച ജനസംഖ്യാനുപാതിക സംവരണത്തിന് വേണ്ടിയുള്ള പോരാട്ടം വരുനാളുകളിൽ കൂടുതൽ ശക്തിപ്പെടുത്തണം...
അർഹമായ പ്രൗഢസ്മാരകം വേണം
കേരള നവോത്ഥാനത്തിൽ നിർണായക പങ്കുവഹിച്ച ഡോ. പി. പല്പുവിന് അർഹമായ സ്മാരകം ഇനിയും ഒരുങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ജന്മഗൃഹം സംസ്ഥാന സർക്കാർ പൈതൃകകേന്ദ്രമായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. അതുപോര, ഡോ. പല്പുവിന്റെ സാമൂഹ്യ സംഭാവനകളെക്കുറിച്ച് ആഴത്തിൽ പഠനവും ഗവേഷണവും നടക്കുന്ന കേന്ദ്രം ഉയരണം. അതിന് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടി വേഗത്തിൽ ഉണ്ടാകണം.
ആരോഗ്യസർവകലാശാലയിൽ സ്ഥാപിക്കുന്ന പകർച്ചാവ്യാധി പഠനകേന്ദ്രമായ സ്കൂൾ ഒഫ് എപ്പിഡെമിയോളജിക്കൽ സ്റ്റഡീസിന് ഡോ. പി. പല്പുവിന്റെ പേരിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് എത്രയും വേഗം യാഥാർത്ഥ്യമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |