സമഗ്ര മനുഷ്യശേഷി വിനിയോഗത്തിൽ അധിഷ്ഠിതമായി കാൽനൂറ്റാണ്ട് മുമ്പ് രൂപപ്പെടുത്തിയ ബദൽ വികസന തന്ത്രമാണ് 'യൂണിഫൈഡ് ഡെവലപ്മെന്റ് സ്ട്രാറ്റജി". തകർച്ചകളെ നേരിടുന്ന ലോക സമ്പദ് ഘ ടനകൾക്ക് തൊഴിലവസരങ്ങൾ നഷ്ടമാകുമ്പോഴും എങ്ങനെ അതിജീവനം സാദ്ധ്യമാക്കാം എന്നതാണ് ഈ വികസന തന്ത്രത്തിലൂടെ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത്.ഇനിയുള്ള കാലം ലോകമാകെത്തന്നെ സമഗ്ര മനുഷ്യശേഷി വിനിയോഗവുമായി ബന്ധപ്പെട്ട ഒന്നായിരിക്കും. സമഗ്ര മനുഷ്യശേഷി വിനിയോഗവുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങൾ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഇതിലൊന്ന് മനുഷ്യശക്തിയുടെ നാനാ ഉറവിടങ്ങളെ കണ്ടെത്തി വർഗീകരിക്കൽ (categorisation) ആണ്. മറ്റൊന്ന് ഇങ്ങനെ വർഗീകരിക്കപ്പെട്ട ഓരോ വിഭാഗങ്ങൾക്ക് ഇണങ്ങുന്നതും സാമൂഹ്യമെച്ചങ്ങൾക്കിടയാക്കുന്നതുമായ കർമ്മമേഖലകൾ കണ്ടെത്തിയുള്ള ചുമതലയേൽപ്പിക്കലും (delegation). പ്രധാനമായും അഞ്ചിനം വർഗ്ഗീകരണമാണ് ഇക്കാര്യത്തിൽ 'യൂണിഫൈഡ് െഡവലപ്മെന്റ് സ്ട്രാറ്റജി" നടത്തിയിട്ടുള്ളത്.
സൈനികർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, റിട്ടയർ ചെയ്തവർ, തൊഴിൽരഹിതർ, വിദ്യാർത്ഥികൾ എന്നിവരാണിവർ. ഇതിനോട് മറ്റുപലരേയും കൂട്ടിച്ചേർക്കാനാകുമെങ്കിലും സമഗ്ര മനുഷ്യശേഷിയുടെ അടിസ്ഥാന സ്രോതസ്സുകളായി ഈ അഞ്ചു വിഭാഗങ്ങളെ കാണാം.എന്താണ് ഇത്തരമൊരു വർഗീകരണത്തിന്റെ ആവശ്യകത? . ഓരോരോ പ്രശ്നത്തിനുമുള്ള സന്നദ്ധസേവകരെ കണ്ടെത്തുന്നതിനും ഓരോരോ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായുള്ള സന്നദ്ധസേവന ആസൂത്രണത്തിനും ഇത് പരമപ്രധാനമാണ്. ഇതിന്റെ അഭാവത്തിൽ സന്നദ്ധ സേവനത്തിന് അതിന്റെ യഥാർത്ഥ ശക്തി സൗന്ദര്യങ്ങളോടെ വെളിപ്പെടാൻ കഴിയുകയുമില്ല. മനുഷ്യശേഷിയുടെ വിവിധ സ്രോതസ്സുകളെ തരംതിരിച്ചതുകൊണ്ടുമാത്രമാവില്ല. ഓരോ വിഭാഗത്തിനും ഏറ്റെടുക്കാവുന്ന കർമപരിപാടികൾ എന്തൊക്കെ എന്നതിനെ സംബന്ധിച്ചും വ്യക്തത ഉണ്ടാകണം. അതായത് മനുഷ്യവിഭവശേഷിയുടെ രജിസ്റ്റർ ഉണ്ടാക്കിയത്കൊണ്ട് മാത്രം കാര്യമില്ല. ഈ ശ്രമം അർത്ഥപൂർണമാകണമെങ്കിൽ ശരിയായ ഒരു വികസനദർശനം മുന്നിലുണ്ടാകണം.ഇവിടെയാണ് ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികളെ കണക്കിലെടുക്കേണ്ടി വരിക. വേണ്ടത്ര മനുഷ്യശേഷി ലഭ്യമായാൽ പോലും അതുമുഴുവൻ വിനിയോഗിക്കേണ്ട ആവശ്യകത ഉണ്ടായാൽ പോലും സന്നദ്ധ സേവനത്തെ വ്യാപകമാക്കാൻ കഴിയാത്ത സ്ഥിതിവിശേഷമുണ്ടാകാം.
ഉദാഹരണത്തിന് വ്യാപകമായ നിലയിലുള്ള കായികമായ സന്നദ്ധസേവനം കൂലിവേലക്കാരുടെ തൊഴിലവസരങ്ങൾ ഹനിച്ചുവെന്ന് വരാം. അവരിൽ നിരവധിപേർക്ക് പലദിവസങ്ങളിൽ ലഭിക്കുമായിരുന്ന തൊഴിലവസരങ്ങളാകും വ്യാപകമായ സന്നദ്ധ സേവനത്തിലൂടെ ഏതാനും മണിക്കൂറുകൾ കൊണ്ട് അപ്രത്യക്ഷമാകുക. തൊഴിലവസരങ്ങൾ ഭീകരമായി ചുരുങ്ങിവരുന്ന ഒരുകാലത്ത് ഇതെങ്ങനെ അനുവദിക്കാനാവും? ഇത്തരത്തിലുള്ളവയാണ് വെല്ലുവിളികൾ. ഇത്തരം വെല്ലുവിളികളെ ഏറ്റെടുക്കാൻ പാകത്തിൽ സമഗ്രവും തെളിമയാർന്നതും ആർക്കും ബോദ്ധ്യമാകുന്നതുമായ ഒരു വികസനദർശനം ഉണ്ടായാൽ മാത്രമേ സന്നദ്ധ സേവനത്തെ പരിമിതപ്പെടുത്തുന്ന ഘടകങ്ങളിൽ നിന്നും മോചിപ്പിച്ച് അതിനെ ഒരു മഹാമോചന കർമ്മമേഖലയാക്കാൻ കഴിയൂ. ഇതെങ്ങനെ സാധിക്കാം?തീർത്തും അർത്ഥവത്തായ സാമൂഹ്യക്ഷേമം കൈവരിക്കാനാവും വിധം വേണ്ട പുന:സംഘടനകൾ ആണ് മുഖ്യമായും വേണ്ടത്. ഇതിന്റെ പരമപ്രധാന തലമെന്നത് കാർഷികമേഖലയിലെ ഭക്ഷ്യോത്പാദന ശ്രമങ്ങളിൽ നല്ലൊരുഭാഗം പങ്കാളിത്ത അടിസ്ഥാനത്തിൽ സാമൂഹ്യവൽക്കരിച്ചുകൊണ്ടുള്ള പുനഃസംഘാടനമാണ്. ഒപ്പം അവയുടെ ഉത്പാദന വിതരണ തലങ്ങൾ കമ്പോളരഹിതമാക്കുകയും വേണം. അങ്ങനെ ഈ ശ്രമങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ പ്രധാനമായും ഉത്പാദനത്തിൽ പങ്കാളികളായവരുടെ സ്വന്തം ഉപയോഗത്തിനായി വീതിച്ചെടുക്കാം. അതുകഴിഞ്ഞ് മിച്ചമുണ്ടെങ്കിൽമാത്രം വിപണിയിൽ വിറ്റ് കാശ് വീതം വയ്ക്കുകയും ആവാം. പോകെപ്പൊകെ അവശ്യവസ്തുക്കളുടെ കാര്യത്തിൽ മാത്രമല്ല അവശ്യ സേവനങ്ങളുടെ മേഖലയിലേക്കും മനുഷ്യശേഷി വിനിയോഗത്തെ വ്യാപിപ്പിക്കാം. അതുവഴി കെടുതികളുടെ കാലത്ത് ഒരു അതിജീവന വ്യവസ്ഥ രൂപപ്പെടുത്താം.
ജനകീയാസൂത്രണത്തിൽ വരേണ്ട മാറ്റങ്ങൾ സമഗ്ര മനുഷ്യശേഷി വിയോഗത്തിലൂടെ ഉള്ള മുന്നേറ്റങ്ങൾക്ക് പാകമായ ഒരവസ്ഥയിലാണ് കേരളം. അധികാരവികേന്ദ്രീകരണത്തിന്റെ മറുപേരായ ജനകീയാസൂത്രണ പ്രസ്ഥാനം ഇവിടെ രജതജൂബിലിയിലേക്ക് കടക്കുമ്പോൾ വിശേഷിച്ചും ഇക്കാര്യത്തിൽ പുന:രാലോചനകൾ ഉണ്ടാവേണ്ടതാണ്. നേട്ടങ്ങൾ ഇല്ലെന്നല്ല. പക്ഷേ കാൽനൂറ്റാണ്ടുകൊണ്ട് കൈവരിക്കേണ്ടത് കൈവരിക്കാനായോ? ദുരന്തനിവാ രണ പ്രവർത്തനങ്ങൾ ഒഴിച്ചുനിറുത്തിയാൽ ജനശേഷി വിനിയോഗത്തിന്റെ ഉജ്ജ്വല തലങ്ങളിലൂടെ കടന്നുപോകാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.
കാരണം തുടക്കം മുതൽ തന്നെ ഇതിൽ ഉൾച്ചേർത്തിരിക്കേണ്ട ഒന്നായിരുന്നു സമഗ്രമനുഷ്യശേഷി വിനിയോഗവും പുത്തൻ പരീക്ഷണങ്ങളും. സമഗ്രമനുഷ്യശേഷി വിനിയോഗത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമാക്കിക്കൊണ്ടാണെങ്കിലും ആ പ്രസ്ഥാനത്തെ കഴിയുംപോലെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇനിയെങ്കിലും തുടക്കം കുറിക്കപ്പെടട്ടെ. ഇതിനു മുന്നോടിയായി ഭക്ഷ്യോത്പാദന മേഖല പങ്കാളിത്തടിസ്ഥാനത്തിൽ സാമൂഹ്യവത്കരിക്കേണ്ടത്തിന്റെ ആവശ്യകത മറക്കരുത്. ഇതുപക്ഷേ തുടക്കത്തിൽ വലിയ നിയമ നിർമാണത്തിലൂടെയൊന്നും സാധിക്കേണ്ട കാര്യമല്ല. ആദ്യം കൊച്ചു കൊച്ചു മാതൃകകൾ അവിടവിടെ ഉണ്ടാവട്ടെ. ഒരു സ്ഥലത്തു ഒട്ടേറെ പേർ കൃഷിക്കായി താല്പര്യപ്പെടുമ്പോൾ എന്ത് ചെയ്യണം എന്നതുപോലുള്ള ചോദ്യങ്ങൾക്കു ശരിയായ ഉത്തരം കാണാൻ ശ്രമിക്കട്ടെ. അപ്പോൾ പാട്ട വ്യവസ്ഥിതിയുടെ കൊച്ചു വൃത്തിനപ്പുറം കടക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാവും. ഈ ഒരു ബോദ്ധ്യത്തിൽ നിന്നുമാണ് നാം യാത്ര തിരിക്കേണ്ടത്. ആ യാത്ര ശരിയായ ദിശ യിലുള്ളതാണെങ്കിൽ ചെന്നെത്തുക സമഗ്ര ജനശക്തി വിനിയോഗത്തിന്റെ മഹാ ശാസ്ത്രത്തിലേക്കും അതിന്റെ പ്രയോഗവത്കരണ ശ്രമങ്ങളിലേക്കുമായിരിക്കും. അതുപിന്നെ ആരും മുൻകൈ എടുക്കാതെ തന്നെ സംസ്ഥാനമാകെ പടർന്നുകയറിക്കൊള്ളും.
ഇനിയും തകർച്ചകളിലേക്ക് കൂപ്പുകുത്താൻ ഇടയുള്ള സമ്പദ്ഘടനകളിൽ തൊഴിലില്ലായ്മ ഭീകരമായ ഒരു ചോദ്യചിഹ്നമായി മാറുമ്പോൾ സ്ഥായിയായ അതിജീവനം തെളിച്ചെടുക്കേണ്ടത് ഈ വഴിയിലൂടെയാണ്. അതിലൂടെ ഭക്ഷ്യസുരക്ഷ സുസ്ഥിരമായി ഉറപ്പാക്കാം. മറ്റു ഘട്ടങ്ങളിൽ ആവശ്യമെന്നു കണ്ടാൽ ജനശേഷി വിനിയോഗത്തെ അവശ്യസേവന രംഗങ്ങളിലേക്കും വ്യാപിപ്പിക്കാം.
(ഓർഗനൈസേഷൻ ഫോർ സയന്റിഫിക് പാർട്ടിസിപ്പേറ്ററി ഡെവലപ്മെന്റ് പ്രസിഡന്റാണ് ലേഖകൻ. ഫോൺ: 9961454386)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |