ഇൻഷ്വറൻസ് കമ്പനികളെ സഹായിക്കാൻ ഐ.ആർ.ഡി.എയുടെ കള്ളക്കളി
തിരുവനന്തപുരം: വാഹന ഉടമകളെ കൊള്ളയടിച്ച് ഇൻഷ്വറൻസ് കമ്പനികൾക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാൻ ഇൻഷ്വറൻസ് നിയന്ത്രണ അതോറിട്ടിയായ ഐ.ആർ.ഡി.എയുടെ നീക്കം. ഗതാഗത നിയമം ലംഘിക്കുന്നവർക്ക് പിഴയ്ക്കു പുറമെ, കൂടിയ ഇൻഷ്വറൻസ് പ്രിമിയം തുകയും അടയ്ക്കേണ്ട തരത്തിൽ ഭേദഗതി കൊണ്ടു വരാനാണ് നീക്കം.ഇതിനായി നിയോഗിച്ച സമിതി കരട് റിപ്പോർട്ട് തയ്യാറാക്കി.
ഓരോ നിയമലംഘനത്തിനും പോയിന്റുകൾ നിശ്ചയിച്ച ശേഷം, പോയിന്റ് കൂടുന്നതനുസരിച്ച് പ്രിമിയം തുക കൂട്ടുന്നതാണ് തന്ത്രം. മദ്യപിച്ച് വാഹനമോടിക്കുന്നതിനാണ് കൂടുതൽ പോയിന്റ്. വാഹനത്തിനുണ്ടാകുന്ന നാശം, തേർഡ് പാർട്ടി ഇൻഷ്വറൻസ്, നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ് തുടങ്ങിയവയുടെ പ്രീമിയം തുകയിൽ വാഹന ഉടമ വരുത്തിയിട്ടുള്ള ഗതാഗതനിയമ ലംഘനങ്ങളുടെ ഗൗരവമനുസരിച്ച് പ്രീമിയം നിശ്ചയിക്കാനാണ് സമിതി ശുപാർശ. ഡ്രൈവർ നിയമലംഘനം നടത്തിയാലും ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും. ഗതാഗത നിയമലംഘനത്തിന് അടുത്തകാലത്താണ് കേന്ദ്രമോട്ടോർ വാഹന വകുപ്പ് പിഴത്തുക പതിന്മടങ്ങ് വർദ്ധിപ്പിച്ചത്.
വിവരം ചോരുന്നത് ഇങ്ങനെ
പുതിയസംവിധാനം ഏർപ്പെടുത്തുമ്പോൾ വിവരശേഖരണത്തിനും നിയന്ത്രണത്തിനും ഐ.ആർ.ഡി.എയുടെ കീഴിലുള്ള ഇൻഷ്വറൻസ് ഇൻഫർമേഷൻ ബ്യൂറോയെ ചുമതലപ്പെടുത്തും. ഇവർ സംസ്ഥാന ട്രാഫിക് പൊലീസും, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററുമായി ചേർന്ന് ജനറൽ ഇൻഷ്വറൻസ് കമ്പനികൾക്ക് വിവരങ്ങൾ ലഭ്യമാക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹിയിലാകും ആദ്യം പരിഷ്കാരം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലെത്തി നിയമലംഘനം നടത്തിയാലും പിന്നീടുള്ള ഇൻഷ്വറൻസ് പ്രീമിയത്തിൽ ഇതുൾപ്പെടും.
നിയമലംഘനവും പോയിന്റും
മദ്യപിച്ച് വാഹനമോടിക്കൽ ----- 100
അപകടകരമായ ഡ്രൈവിംഗ്------ 90
പൊലീസിനെ ധിക്കരിക്കൽ-------- 90
അമിതവേഗം------------ 80
ഇൻഷ്വറൻസും ലൈസൻസും ഇല്ലാതെയുള്ള ഡ്രൈവിംഗ്-----70
തെറ്റായ ട്രാക്ക്------ 60
അപകടകരമായ വസ്തുക്കൾ കയറ്റുന്നത്--------- 50
സിഗ്‌നൽ ലംഘനം ------50
അമിതഭാരം കയറ്റൽ -------40
സുരക്ഷാ നിയമ ലംഘനം------- 30
വാഹനം രൂപമാറ്റംവവരുത്തൽ--------- 20
പാർക്കിംഗ് നിയമലംഘനം ------10
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |