ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ പാട്ടെഴുതി ശ്രദ്ധേയയായ മൃദുലദേവിയുടെ വിശേഷങ്ങൾ
''ഒരു കൊടം പാറ് ...ഒല്ലിയെടുത്താൽ ചൊല്ലാം
ഒരു മിളിന്തിയിൽ കാളിയാക്ക് ..മറുമിളിന്തിയിൽ മനമുട്ട് ...''
പാളുവാ ഭാഷയിൽ രചിച്ച അടുക്കളയുടെ, പെണ്ണിന്റെ രാഷ്ട്രീയം പറഞ്ഞ പാട്ട് ഇന്ന് മലയാള സിനിമയിൽ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. ശക്തമായ രാഷ്ട്രീയം പറയുന്ന ഓരോ വരികളും ഒരുപക്ഷേ ഒരുകൂട്ടർക്ക് ദഹിച്ചില്ലെങ്കിലും ഇത് ഏറ്റെടുത്തവരുടെ എണ്ണമാണ് കൂടുതൽ. ജിയോ ബേബിയുടെ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ 'ഒരു കൊടം പാറി"ലൂടെ പൊള്ളുന്ന രാഷ്ട്രീയമാണ് മൃദുല ദേവി എസ് മുന്നോട്ട് വച്ചിരിക്കുന്നത്.
''ഞാൻ ദളിതാണ് ..ദളിത് ആക്ടിവിസ്റ്റാണ്. പറയ സമുദായത്തിൽ ജനിച്ച എനിക്ക് ചെറുപ്പം മുതൽ പാട്ടും താളവും ഒപ്പമുണ്ട്. ഞങ്ങളുടെ കുടുംബങ്ങളിൽ എന്ത് വിശേഷം നടക്കുകയാണെങ്കിലും ഭക്ഷണം ഇല്ലേലും അവിടെപാട്ടും മേളവുമായി ഗാനമേള ഉണ്ടാവും.ഞങ്ങളുടെ കൂട്ടരുടെ വീടുകളിൽ വാതിൽ ഇല്ലെങ്കിലും ഹോം തിയേറ്ററും മ്യൂസിക് ബോക്സുകളും ഉണ്ടാവും. ഉറക്കെ വ്യക്തമായി പാട്ടുകൾ കേട്ടാണ് ശീലിച്ചത്. കൊവിഡ് കാലമാണ് എന്റെ വരികൾ പുറം ലോകം കാണാൻ ഇടയാക്കിയത്.പറയ വിഭാഗത്തിലെ പാളുവാ ഭാഷയിൽ ഭാഷ സാഹിത്യം ചേർത്ത് എഴുതിയതാണ് 'ഒരു കൊടം പാറ് " എന്ന ഗാനം . ഭാഷ സാഹിത്യം എന്ന രീതിയിൽ ചെങ്ങന്നൂരാതിപ്പാട്ടാണ് ഞാൻ എടുത്തിരിക്കുന്നത്. അത് കൂടാതെ ഈ ഗാനത്തിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ഭാഗമാണ് ''എന്ത് ചേല് ..പാട്ട് ചേല് ...എന്ത് പാട്ട് ..നിന്റെ പാട്ട് ...എന്ത് നീ ..എന്റെ നീ ..."" യെന്നത് . അത് തുന്തിരി പാട്ടാണ്. പണ്ട് കൈതമുള്ള് പറിക്കാൻ പോകുന്ന പറയ സമുദായത്തിലെ പെണ്ണുങ്ങൾ പാടുന്ന പാട്ടാണ് അത്. പയറ്റ് പാട്ട് എന്നും പറയും. മുള്ളിൽ കൈ തട്ടി മുറിയുമ്പോൾ വേദന മറക്കാൻ വേണ്ടി പെണ്ണുങ്ങൾ പാടുന്ന പാട്ടാണ് പയറ്റ് പാട്ട്. ഒരാൾ പാടി തുടങ്ങിയാൽ അയാൾ നിറുത്തുന്ന ആശയത്തിൽ നിന്ന് അടുത്ത ആൾ പാടണം . അതിങ്ങനെ പാടി വരും. പയറ്റി പാടി തീർന്നു അതാണ് തുന്തിരിപാട്ട് . കൊവിഡ് കാലത്ത് പ്രമുഖ മ്യൂസിക് ഗ്രൂപ്പിൽ വരികൾ പങ്കുവച്ചു.ആ ഗ്രൂപ്പിലെ സജീവ അംഗമാണ് ജിയോ ബേബി. ജിയോയുടെ സിനിമയിലേക്ക് ഒരു ദളിത് പെണ്ണിന് പാടാൻ പറ്റിയ നാലു വരി പാട്ട് അന്വേഷിച്ചു നടക്കുകയിരുന്നു. അപ്പോഴാണ് എന്റെ പാട്ട് കാണുന്നത്. അങ്ങനെ ജിയോ ബന്ധപ്പെടുകയായിരുന്നു. എന്നാൽ ഈ ഭാഷയുടെ പ്രത്യേകത കാരണം ഞാൻ എഴുതിയ വരികൾക്ക് പുറമെ സിനിമ ഭാഷയിൽ കഥയോട് ചേർന്ന് നിൽക്കുന്ന വരികൾ എഴുതാൻ ജിയോ ആവശ്യപ്പെടുകയായിരുന്നു. അത് എഴുതി തീർന്നപ്പോൾ അഞ്ചു വർഷം മുൻപ് ഇടനാടൻ പാട്ടിന്റെ ഈണത്തിൽ എഴുതി ചിട്ടപ്പെടുത്തിയ ഒരു കുഞ്ഞുപാട്ടിന്റെ വീഡിയോ ജിയോയ്ക്ക് അയച്ചു കൊടുത്തു , ആ പാട്ട് പാചകവും ഒരു പെണ്ണിന്റെ സൗന്ദര്യമായും ബന്ധപ്പട്ടതാണ്. അതുകൊണ്ട് ജിയോ ആ പാട്ടും സിനിമയിലേക്ക് എടുത്തു. "" താൻ അടയാളപ്പെടുത്താൻ ആഗ്രഹിച്ച രാഷ്ട്രീയം തന്നെയാണ് പാട്ടിലൂടെ പറഞ്ഞതെന്ന് മൃദുല പറഞ്ഞു.
''മലയാള സിനിമയുടെ ആദ്യ നായികയായ പി .കെ റോസി ദളിതായിരുന്നു. സിനിമയുടെ ആദ്യ പ്രദർശന ദിവസം അവരെ അവിടെയുള്ള സവർണർ അടിച്ചോടിക്കുകയായിരുന്നു. അതാണ് നമ്മുടെ സിനിമ ചരിത്രം. ദളിതർക്ക് മലയാള സിനിമയിൽ വേണ്ടപോലെ അവസരങ്ങൾ കൊടുക്കുന്നില്ല . ദളിതരെ സിനിമയിലൂടെ കാണിക്കുമ്പോഴും അതിനോടും മലയാള സിനിമയ്ക്ക് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ലെന്ന് "" മൃദുല സാക്ഷ്യപ്പെടുത്തുന്നു.
പാഠഭേദം മാസികയുടെ എഡിറ്ററാണ് . കോട്ടയത്ത് അങ്ങാടി വയലിലാണ് മൃദുലയുടെ താമസം. ഭർത്താവ് ശശിധരൻ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നു. ഒരു മകളുണ്ട്. ഗാനരചിതാവ് എന്ന നിലയിൽ മാത്രം സിനിമയിൽ അറിയാൻ പെടാൻ ആഗ്രഹമില്ലെന്നും ദളിത് വിഷയങ്ങൾ സംസാരിക്കുന്ന തിരക്കഥകൾ ഒരുക്കണമെന്നും പറഞ്ഞ് മൃദുല സംഭാഷണം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |