ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങളെ പിന്തുണച്ച് മലയാളിയും അന്താരാഷ്‌ട്ര നാണയനിധിയുടെ മുഖ്യസാമ്പത്തിക വിദഗ്‌ദ്ധയുമായ ഗീത ഗോപിനാഥ്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ ഉതകുന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളുമെന്ന് ഗീത ഗോപിനാഥ് പ്രതികരിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമഗ്രമായ മാറ്റം വരേണ്ട മേഖലകളിൽ ഒന്നാണ് കാർഷികരംഗം. സാമൂഹിക സുരക്ഷ കർഷകർക്ക് ഉറപ്പാക്കിയേ തീരൂ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ ഇതിന് പിൻബലമേകുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. കർഷകർക്ക് വിപണിയുടെ വലിയൊരു വാതായനം തുറക്കാൻ അവസരം നൽകുന്നതാണ് പുതിയ നിയമങ്ങളെന്നും, മണ്ഡികളെ ഒഴിവാക്കി, നികുതിഭാരമില്ലാതെ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കർഷകർക്ക് നിയമം സഹായകമാകുമെന്നും ഗീത വ്യക്തമാക്കി.
കഴിഞ്ഞ സെപ്‌തംബറിലാണ്കേന്ദ്രസർക്കാർ കർഷകനിയമം കൊണ്ടുവന്നത്. എന്നാൽ ഇതിനെതിരെ രാജ്യത്തെ ഒരുവിഭാഗം കർഷകരിൽ നിന്ന് വ്യാപകപ്രതിഷേധമാണ് ഉയർന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ നിയമങ്ങൾക്കെതിര ആരംഭിച്ച സമരം ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവുമൊടുവിൽ ഇന്നലെ റിപ്പബ്ളിക് ദിനത്തിൽ വൻ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |