പ്രവേശനം ഓൺലൈൻ രജിസ്ട്രേഷനിലൂടെ
ഭക്തർക്ക് വീടുകളിൽ പൊങ്കാലയിടാം
പൊങ്കാല സമയം
രാവിലെ 10.50ന് തീ പകരും
നിവേദ്യം വൈകിട്ട് 3.40ന്
തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്ര വളപ്പിൽ മാത്രമായി പരിമിതപ്പെടുത്തും. 27നാണ് പൊങ്കാല. ഓൺലൈൻ രജിസ്ട്രേഷനിലൂടെയാവും പ്രവേശനം. പൊതു നിരത്തുകളിൽ പൊങ്കാല അനുവദിക്കേണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഓൺലൈൻ രജിസ്ട്രേഷൻ എത്ര പേർക്കെന്ന് തീരുമാനിച്ചിട്ടില്ല. ഭക്തർക്ക് സ്വന്തം വീടുകളിൽ പൊങ്കാലയിടാം. ഫെബ്രുവരി 19നാണ് ഉത്സവം ആരംഭിക്കുന്നത്.
ചടങ്ങുകൾ ആൾക്കൂട്ടം പരമാവധി ഒഴിവാക്കി നടത്തും. ക്ഷേത്രപരിസരത്തെ കോർപറേഷൻ വാർഡുകൾ മാത്രമായിരിക്കും ഉത്സവമേഖല. ഗ്രീൻ പ്രോട്ടോക്കോളും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് അന്നദാനം ഉണ്ടാകും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ ഒഴിവാക്കും.
പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾ നടത്തേണ്ട മുന്നൊരുക്കങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നല്‍കി. വി.എസ്. ശിവകുമാൽ എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർമാർ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |