തോണിയിലെ വെള്ളം ഒരു ചിരട്ടകൊണ്ട് മുക്കികളഞ്ഞ് പഴയ ലുങ്കിയുടെ കഷണം കൊണ്ട് തോണിപ്പടികളും അടിവശവും തുടച്ച് പാഞ്ചാലി വരുണഭഗവാനെയും സൂര്യഭഗവാനേയും വായുഭഗവാനേയും വണങ്ങി അമരത്ത് ഒരു കഷണം മുല്ലമാല ചാർത്തി. അതോടെ തോണിയിലെങ്ങും സുഗന്ധം നിറഞ്ഞു. മുല്ലമാല പൊതിഞ്ഞു കൊണ്ടുവന്ന ഇലക്കീറ് തനിക്ക് പതിച്ചുകിട്ടിയ ഇത്തിരി മണവുമായി ഓളങ്ങളെ തഴുകി താഴോട്ടൊഴുകി. അച്ഛന്റെ മരണശേഷം പാഞ്ചാലി കടവുകടത്തൽ ഏറ്റെടുത്തതാണ്. ജീവിക്കാൻ വേറെ മാർഗങ്ങളില്ല. കുടിലിൽ അമ്മ വർഷങ്ങൾ ആയി കിടപ്പുരോഗിയാണ്. ആദ്യമൊക്കെ ആളുകള്‍ ഭയന്നിരുന്നു.
''ഈ പെണ്ണ് സുരക്ഷിതമായി അക്കരെ എത്തിക്കുമോ?""
''അക്കരയ്ക്കുണ്ടോ.... പൂ... ഹോയ്""
അവൾ ഉച്ചത്തിൽ കൂവി. അന്ന് ഒരു പുതിയ ചെറുപ്പക്കാരൻ കടവത്ത് നിന്ന് മറ്റുള്ളവരോടൊപ്പം തോണിയിൽ കയറി.
''ആരാ? ഇവിടെ എങ്ങും കണ്ടിട്ടില്ല്യാലോ മുമ്പ്.""
അക്കരെ നിന്ന് തന്റെ മാടക്കടയിലേക്ക് സാമാനം വാങ്ങിക്കാൻ കുട്ടിയുമായി ഇരിക്കുന്ന ബാപ്പുട്ടിക്കാ ചോദിച്ചു.
''ഞാൻ പുതിയ പോസ്റ്റ്മാനാണ്. അക്കരെ പോയി തപാലെടുത്തു വരണം.""
''ന്നാ വേഗം തപാലും എടുത്തു പോന്നോളിൻ. അരമണിക്കൂറ് കയിഞ്ഞാ പാഞ്ചാലി തോണിതിരിക്കും. പിന്നെ ഉച്ചക്കേ വരൂ.""
''അയ്യോ ഞാൻ വരണവരെ ഒന്നു നിക്കണേ. ഉച്ചക്ക് മുമ്പ് കൊടുക്കേണ്ട ഉരുപ്പടികൾ ഉണ്ടാകും.""
അയാൾ പാഞ്ചാലിയെ നോക്കി അപേക്ഷിച്ചു. അവൾ തലകുലുക്കിയതല്ലാതെ തിരിഞ്ഞു നോക്കിയില്ല. ആളുകൾ ഇറങ്ങി. കടത്തുകൂലി കൊടുത്തു എല്ലാവരും നടന്നകന്നപ്പോൾ അയാൾ വീണ്ടും പറഞ്ഞു.
''ഞാൻ വേഗം വരാം.""
ധൃതിപിടിച്ച് നടക്കുന്നതുകണ്ടപ്പോൾ അവൾക്കു ചിരിയൂറി. അമരത്തേക്ക് ചാരി പടിയിലിരുന്ന് കണ്ണടച്ചതേ അവൾ ഒന്നു മങ്ങിപ്പോയി. അയാൾ ഓടിപിടിച്ച് വന്നപ്പോൾ തോണിക്കാരി തോണിപ്പടിയിൽ ഉറക്കം. പഴകി നിറം മങ്ങിയ പാവാടയും തോളത്തിട്ട തോർത്തുമുണ്ടും കാറ്റിനോട് കിന്നാരം പറഞ്ഞു സ്ഥാനം മാറി കിടക്കുന്നു. അപ്പോഴാണയാൾ അവളെ ശ്രദ്ധിച്ചത്. ഇരുപതു വയസ്സ് കാണും. സാമാന്യം സുന്ദരിയാണ്. കഴുത്തിലെ കറുത്ത ചരടും കാതില്‍ കമ്മലിനുപകരം ഇട്ട ഈർക്കിൽ കഷണങ്ങളും നരച്ച ഉടുപ്പും അവളുടെ ദാരിദ്ര്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ടായിരുന്നു. ഇവളുടെ ഉറക്കം തീരും വരെ നിന്നാൽ സമയം വൈകുമോ...? ഉണർത്തിയേ പറ്റൂ. അയാൾ ഒരു കൊച്ചുകല്ല് പെറുക്കി അവളുടെ കൈകളിലേക്ക് എറിഞ്ഞു. അവൾ ചാടി എണീറ്റു പങ്കായം ഓങ്ങി.
''എന്താടാ..""
''അയ്യോ... ഞാൻ ഉണർത്താൻ വേണ്ടി ഒരു കല്ല്.....""
ആളെ തിരിച്ചറിഞ്ഞ പാഞ്ചാലി അടങ്ങി. പോസ്റ്റ്മാൻ പതിയെ തോണിയിലേക്ക് കയറി.
''എന്നാല്‍ പോകാം..""
''ഇനീം ആള് വരാണ്ട്.""
അവൾ മുറുമുറുത്തു.
''എന്താ കുട്ടീടെ പേര്""
''കുട്ട്യോ ഏതു കുട്ടി""
''അല്ല ഇയാടെ പേര്?""
''തോണീക്കേറ്യാ അക്കരെ ഇക്കരെ എറങ്ങാ.... കടത്തുകൂലി കടം പറയാതെ തര്യാ. അതിലപ്പുറം കൊഞ്ചാനൊന്നും വരണ്ട. തിരിഞ്ഞോങ്ങക്ക്.""
അവൾ അയാളെ നോക്കി. അപ്പോഴേക്ക് ബാപ്പുട്ടിക്ക നിറഞ്ഞ കുട്ടിയുമായി എത്തി. കൈനോട്ടക്കാരി കറുകതള്ളയും വളക്കാരൻ മജീദും ഉണക്കമീനുമായി ഔസേപ്പ് മാപ്ലയും തട്ടകത്തെ പൂജകഴിഞ്ഞ് എമ്പ്രാന്തിരിയും വന്നു തോണിയിൽ കയറി. എല്ലാവരും പുതിയ തപാൽ ശിപായിയെ പരിചയപ്പെട്ടു. വിശേഷങ്ങൾ പങ്കുവെച്ച് തമാശകൾ പറഞ്ഞ് കലപില കൂട്ടുന്ന അവരേയും കൊണ്ട് തോണി ഓളങ്ങളിൽ സാന്ദ്രമായ ആലോലമാടി മുന്നോട്ടു നീങ്ങി. അമരത്ത് കാറ്റുപിടിച്ച ശിലപോലെ അവളും പങ്കായം തുഴഞ്ഞു കൊണ്ട്. പുഴയിൽ വെള്ളം കുറവായിരുന്നു.
''മഴക്കാലത്ത് ഈ പൊഴ കാണണം. കെഴക്കൻ മലേന്ന് ഒരു വരവാ വെള്ളം. നുരയും പതയും മണ്ണും ഒക്കെ ആയിട്ട്. ചെലദിവസം കടത്ത് കടക്കാൻ പറ്റില്ല. ന്നാലും മഴക്കാലത്ത് ചമ്രവട്ടത്തൂന്ന് ഒരു ബാസിക്ക എന്ന തൊഴച്ചിലുകാരൻ വരും. പാഞ്ചാലീടെ അച്ഛൻ രാരുവിന്റ തുണ തൊഴയലുകാരനാണ്. ഇപ്പോ ഇവളേം സകായിക്കാൻ മിഥുനം കർക്കടകം ചിങ്ങം മാസങ്ങളില്‍ ബാസിക്ക വരും.""
''ആരാ പാഞ്ചാലി?""
പോസ്റ്റ്മാൻ ചോദിച്ചു. ഒരു കൂട്ടച്ചിരി ഉയർന്നു. എമ്പ്രാന്തിരി പറഞ്ഞു
''ദാ നമ്മടെ തുഴക്കാരി തന്നെ. അവള്ഭാരതകഥയിലെ സത്യവതി തന്നെ ആണ് ട്ടോ. അല്ലാ ഇവിടെ എന്താണാവോ പേര് ""
അയാൾ ചോദിച്ചതിനുത്തരമായി പോസ്റ്റുമാൻ പറഞ്ഞു.
''എന്റെ പേര് വിജയൻ. ഒരുപാട് ദൂരെ കോട്ടയം ആണ് സ്വദേശം. ജോലികിട്ടിയത് ഇവിടെ ആണ്. ഒരു പരിചയക്കാരന്റെ കൂടെ ആണ് താമസം.""
ദിവസങ്ങളും മാസങ്ങളും പിന്നിട്ടു. ചമ്രവട്ടം പുഴയോടൊപ്പം പാഞ്ചാലിയുടെയും വിജയന്റെയും അനുരാഗനദി കൂടി ഒഴുകാൻ തുടങ്ങി. നാട്ടുകാർ അത്ഭുതപ്പെട്ടു. ഈ പെണ്ണിന് പ്രേമിക്കാനറിയോ? നാട്ടിലെ ചെറുപ്പക്കാര്‍ പഠിച്ച പണി പലതും നോക്കിയതാണ്. അവളുടെ ദാരിദ്ര്യമോ നിരക്ഷരതയോ വിജയനെ നിരുത്സാഹപ്പെടുത്തിയില്ല. ഒരു കുടുംബത്തിന്റെ ഒരുമയും വിശ്വാസവും അവളുടെ കയ്യിൽ ഭദ്രമായിരിക്കും എന്ന് അയാള്‍ മനസിലാക്കി. കൂടെ തന്റെ വീട്ടുകാർ ഒരിക്കലും അനുവദിക്കില്ലെന്ന സത്യവും. മിഥുനമഴ ചാറ്റാനും ആകാശത്ത് മേഘങ്ങൾ മുറുമുറുക്കാനും തുടങ്ങിയിരുന്നു. പുഴക്കരയിൽ നിന്നും അകന്ന് വിജയൻ ഒരു വാടകവീട് എടുത്തു.
''ഞാൻ നാട്ടിൽ പോയി അടുത്ത ഞായറാഴ്ച തിരിച്ചു വരും. തിങ്കളാഴ്ച അക്കരെ തട്ടകത്തിൽ നമ്മുടെ വിവാഹം. താലിയും പുടവയും എല്ലാം ഞാൻ കൊണ്ടുവരും. എന്നിട്ട് പുതിയ വീട്ടിലേക്ക് അമ്മയേയും കൊണ്ട് നമ്മള് താമസം മാറുന്നു.""
ഇരുവരും തോണിയിലായിരുന്നു. അപ്പോഴും അവൾ അയാളിൽ നിന്നും ഒരു കൈപാടകലത്തിലായിരുന്നു.
''ഞാൻ പോയിവരാം. നീ ഒരു നിമിഷം എന്റെ കൈകളിലെങ്കിലും ഒന്നു സ്പർശിക്കാമോ""
അയാൾ കെഞ്ചി.
''ഇല്ല, ന്റെ കഴുത്തില്‍ താലി വെക്കുമ്പോ ന്നെ തൊട്ടാ മതി.""
അവൾ ഒരടി കൂടി പിറകോട്ട് നീങ്ങി. വിജയൻ അഭിമാനത്തോടെ തീരത്തിറങ്ങി. അവളെ ഒന്ന് നോക്കി.
''വേഗം പോയിക്കോളൂ. മഴക്കോളുണ്ട്.""
അവളും ഓർമ്മപ്പെടുത്തി.
''ഇപ്പോ പോയാ പത്തരേന്റെ മയിൽവാഹനം കിട്ടും. തീവണ്ടി പയിനൊന്നിനല്ലേ. വണ്ടി വടക്കോട്ട് പോയിട്ടുണ്ട്.""
അവൾ അയാളെ യാത്രയയച്ചു. മിഥുനമഴ ഭ്രാന്തിയെ പോലെ പെയ്തു തുടങ്ങി. ആദ്യം തെക്ക് കിഴക്കൻ കേരളം അപ്രതീക്ഷിതമായി വെള്ളത്തിനടിയിലായി. മഴ ശക്തിയോടെ വടക്കോട്ടും പടനയിച്ചു. തണുപ്പും കാറ്റും കൂടിവരുന്നു. കടവുകയറി പുഴ നിരത്തിലേക്ക് കാലുകുത്തി. കടലുപോലെ പാലം മുട്ടേ ഒഴുകുന്ന പുഴകാഴ്ചയിലേക്ക് കണ്ണും നട്ട് പാഞ്ചാലി കുടിലിന്റെ തിണ്ണയിലിരുന്നു. എത്രയെത്ര നിറഞ്ഞാലും ഈ കുന്നിൻ ചെരുവിലേക്ക് പുഴ കൈനീട്ടില്ല. ആ ഇരിപ്പിൽ അവൾ ഒന്നു മയങ്ങി. അകം നിറഞ്ഞ് രണ്ടടി ഉയരത്തിലെ തിണ്ണയിലിരുന്ന പാഞ്ചാലിയുടെ മടിയിലേക്ക് പുഴ കയറിവന്നു. കാറി കരഞ്ഞുകൊണ്ട് അവൾ അകമുറിയിലേക്ക് കയറിയപ്പോഴേക്കും അകത്തുകൂടി പുഴ കുത്തൊഴുക്ക് തുടങ്ങിയിരുന്നു. വീടിന്റെ പിറകുവശവും തറയിൽ കിടന്നിരുന്ന അമ്മയും അപ്രത്യക്ഷമായിരിക്കുന്നു. പെട്ടെന്നാണ് അമ്പമുറ്റത്തെ കൂറ്റനിലഞ്ഞിമരം അടിമറഞ്ഞ് ആ കുടിലിനുനേരെ ഒഴുകി എത്തിയത്. ഒരു മാസം കഴിഞ്ഞാണ് വിജയൻ വീണ്ടും ആ ഗ്രാമത്തിൽ എത്തിചേരാനായത്. തകർന്ന റെയിൽവേ ലൈനുകളും റോഡുകളും വഴിമാറി ഒഴുകി തുടങ്ങിയ പുഴകളും നാടുനീളെ.... പുഴ കയറി നിക്ഷേപിച്ച ചളികൊണ്ട് പാഞ്ചാലിയുടെ കുന്നിൻ ചെരുവ് ചതുപ്പ് നിലമായിരിക്കുന്നു. മനുഷ്യവാസമില്ല. പരിചയപ്പെട്ടിരുന്ന ഗ്രാമവാസികൾ പലരും നഷ്ടപ്പെട്ടിരിക്കുന്നു. അയാൾ ഒരു പാട് അന്വേഷിച്ചലഞ്ഞു അവളെ. അവസാനം വിജയൻ പുഴയിലെ പതിവു കടത്തോണി കടവിലെത്തി. സന്ധ്യയുടെ നനഞ്ഞ ഇത്തിരി വെട്ടത്തിൽ അയാളവിടെ പാഞ്ചാലിയുടെ കടത്തുതോണി കണ്ടു. അമരത്ത് ഒരു പൊന്മാനും വാടി തുടങ്ങിയ ഒരു മുല്ലമാലയും...അയാൾ അടുത്തു ചെന്നു. അമരപ്പടിയിൽ തുഴയുമായി അവളുണ്ട്.
''അക്കരക്കാ?... കേറിക്കോ.""
അവൾ വിളിക്കുന്നു. അയാൾ തോണിയിലേക്ക് കയറി. അവൾ പങ്കായം വെള്ളത്തിലേക്ക് താഴ്ത്തി.
''നീ എവിടെ ആയിരുന്നു പാഞ്ചാലി. എവിടെ എല്ലാം ഞാൻ അന്വേഷിച്ചു. ആർക്കും നിന്നെപ്പറ്റി അറിവില്ല. നീ എന്തെങ്കിലും ഒന്ന് പറയ്.""
നിശബ്ദയായി അവൾ തുഴഞ്ഞു. തോണി അക്കരെ എത്തി. അയാൾ ഇറങ്ങുമ്പോൾ അവളെ വിളിച്ചു.
''വാ... നീയും ഇറങ്ങ്. ഒരു പാട് പറയാനുണ്ട് എനിക്ക്.""
ആദ്യമായി അവളുടെ ചിലമ്പിച്ച ശബ്ദം അയാൾ കേട്ടു.
''വേണ്ട പൊയ്ക്കോളൂ. ഇനി ന്നെ വിളിക്കേം ഓർക്കേം ചെയ്യരുത്.""
ഒരുനിമിഷം ഒരു മൂടൽമഞ്ഞല വന്നകന്ന പ്രതീതി. അവളെവിടെ? തോണി എവിടെ?
''ഇങ്ങളെങ്ങിന്യാ പോസ്റ്റ് മാനേ ഇക്കരെ എത്തിയേ ഈ പെരുവെള്ളത്തിക്കൂടെ?""
മുന്നിൽ എമ്പ്രാന്തിരി.
''ഞാൻ കടത്തുകടന്നു വന്നു. പാഞ്ചാലി ഇക്കരെ വന്ന് എന്നെ ഇറക്കി... പിന്നെ.. പെട്ടെന്ന് തുഴഞ്ഞു പോയീന്ന് തോന്നുണു.""
''ഭഗവതീ.... എന്തായി പറേണേ. പാഞ്ചാലി കടത്തു കടത്തീന്നോ. പോസ്റ്റ് മാനേ അക്കുട്ടി മലവെള്ളത്തിൽ ഒലിച്ചുപോയിട്ട് സൈതാലിക്കാന്റെ കല്ലുവെട്ടാം കുഴീന്ന് നാലാം ദിവസാ ശവം കിട്ടീത്.... പിന്നെ.... ഈ നിറപുഴ നിങ്ങള്‍ എങ്ങിനെ കടന്നുന്നാ അറിയാത്തത്.""
നനഞ്ഞ മണലിൽ ഒരു പൊട്ടിക്കരച്ചിലോടെ വിജയൻ തളർന്നിരുന്നു. അവൾ ഇവിടെ എവിടെയോ ഉണ്ട്.
''അക്കരക്കുണ്ടോ.... പൂ.. ഹോയ്.. എന്നു വിളിച്ചുകൊണ്ട് അവളുണ്ട് ""
എമ്പ്രാന്തിരി അർത്ഥമറിയാതെ പുഴയിലേക്ക് നോക്കി നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |