ന്യൂഡൽഹി : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്ക് സംസ്ഥാന സർക്കാരിന് ചെലവായ 11.7 കോടി രൂപ തൽക്കാലം തിരികെ നൽകാനാകില്ലെന്ന് ക്ഷേത്രത്തിന്റെ താൽക്കാലിക ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലായ് 13ന് ജസ്റ്റിസ് യു.യു.ലളിതിന്റെ ബെഞ്ച് ക്ഷേത്രഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അവകാശം ശരിവച്ചിരുന്നു. നിലവറകൾ കണ്ടെത്തിയശേഷം ഏർപ്പെടുത്തിയ അധിക സുരക്ഷയ്ക്ക് സർക്കാരിന് ചെലവായ തുക നൽകണമെന്നും വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് തിരുവനന്തപുരം ജില്ലാ ജഡ്ജി സമർപ്പിച്ച റിപ്പോർട്ടിലെ വാദത്തിലാണ് ഭരണസമിതി ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പ്രതിസന്ധിയിൽ ക്ഷേത്ര വരുമാനം വളരെ കുറഞ്ഞു. തൽക്കാലം പണം തിരികെ നൽകാനാകില്ലെന്നും അധികസമയം അനുവദിക്കണമെന്നും സമിതിയുടെ അഭിഭാഷക ഉത്തര ബബ്ബാർ കോടതിയിൽ അറിയിച്ചു. സർക്കാരും ഭരണസമിതിയും ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാൻ കോടതി നിർദ്ദേശിച്ചു.
25 വർഷമായി നിറുത്തിവച്ചിരുന്ന ക്ഷേത്ര ഓഡിറ്റ് പുനരാരംഭിച്ചെന്ന് അഭിഭാഷകൻ ജി.പ്രകാശ് വ്യക്തമാക്കി. സെപ്തംബറിലായിരിക്കും ഓഡിറ്റ് റിപ്പോർട്ടിൽ കോടതിയുടെ പരിശോധന. ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിനാണെന്ന് കോടതി വിധിച്ചെങ്കിലും ക്ഷേത്രം പൊതുസ്വത്താണെന്ന് രാജകുടുംബം അറിയിച്ച പശ്ചാത്തലത്തിൽ രൂപീകരിച്ച, തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ താൽക്കാലിക കമ്മിറ്റി ക്ഷേത്ര ഭരണത്തിൽ തുടരാമെന്ന് കോടതി അറിയിച്ചു.
മാസവരുമാനം ഒന്നരക്കോടി
മാസം ഒന്നരക്കോടി രൂപയാണ് ക്ഷേത്രത്തിന്റെ വരുമാനം. 250തിലേറെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, പൂജയുൾപ്പെടെയുള്ള ചെലവുകൾ തുടങ്ങി എല്ലാം ഈ പണത്തിൽ നിന്നാണ് വിനിയോഗിക്കുന്നത്. സുരക്ഷാ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ ചെലവുകളും ഏറ്റെടുക്കേണ്ടിവന്നാൽ വലിയ ബാദ്ധ്യതയാകും.
രാജ്യാന്തരസുരക്ഷ
നിലവറകളിൽ അമൂല്യ നിധിശേഖരം കണ്ടെത്തിയതോടെ 2011 മുതൽ ക്ഷേത്രത്തിന്റെ സുരക്ഷ സംസ്ഥാന പൊലീസിനാണ്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അൻപതോളം പൊലീസ് കമാൻഡോകളും നൂറോളം പൊലീസുകാരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |