തിരുവനന്തപുരം: കെ പി സി സി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കെ മുരളീധരനെ സജീവമായി രംഗത്തിറക്കണമെന്ന് ഹൈക്കമാൻഡിനോട് മുസ്ലീം ലീഗിന്റെ ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് മുരളീധരന് അതിയായ താത്പര്യമുണ്ടായിരുന്നു. അതിനിടെയാണ് സിറ്റിംഗ് എം പിമാരൊന്നും മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും തീരുമാനമെടുത്തത്. ഇതോടെ കടുത്ത നിരാശയിലാണ് അദ്ദേഹം.
മുരളീധരന്റെ പിണക്കം മാറ്റി തിരികെ കൊണ്ടുവരാൻ രാഹുൽ ഗാന്ധി അടക്കമുളളവർ ഇടപെടുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ആവേശം കാണിച്ചെങ്കിൽ ഇപ്പോൾ മുരളീധരൻ നിശബ്‌ദനാണ്. ജനപ്രീതിയിൽ മലബാർ മേഖലയിൽ എല്ലാവരെക്കാളും മുരളീധരൻ മുന്നിലാണ്. അതുകൊണ്ട് അദ്ദേഹം ഇറങ്ങിയാൽ മാത്രമേ സി.പി.എമ്മിനെ നേരിടാനാവൂ എന്നാണ് ലീഗിന്റെ നിലപാട്.
വടകര മണ്ഡലത്തിൽ മാത്രമേ പ്രചാരണത്തിന് ഇറങ്ങൂ എന്നാണ് മുരളീധരന്റെ തീരുമാനം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയാണ്. ഇതോടെയാണ് അദ്ദേഹത്തിന് വേണ്ടി ലീഗ് തന്നെ കളത്തിലിറങ്ങിയത്. മലബാറിൽ കെ മുരളീധരൻ പ്രചാരണ രംഗത്തില്ലെങ്കിൽ യു ഡി എഫിന് ജയിക്കാനാവില്ലെന്ന് ലീഗ് നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. പാർട്ടി അണികൾക്ക് ഇത്രയേറെ ആവേശം പകരുന്ന നേതാവ് മലബാറിൽ കോൺഗ്രസിന് വേറെയില്ലെന്നും ലീഗ് പറയുന്നു.
കോൺഗ്രസിനോട് കലിപ്പിലാണെങ്കിലും ലീഗിനോട് മുരളീധരൻ സൗഹൃദത്തിലാണ്. ഇ അഹമ്മദ് അനുസ്‌മരണത്തിന് അദ്ദേഹം എത്തുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ അടക്കമുണ്ടായ കെ പി സി സിയുമായിട്ടുളള മുരളീധരന്റെ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശമുളളതിനാൽ തന്നെ പരസ്യ പ്രതികരണം നടത്താനാകാത്ത സ്ഥിതിയിലാണ് അദ്ദേഹം. ആയതിനാൽ തത്ക്കാലം നിലവിലെ നിസഹകരണ രീതി പിന്തുടരാനാണ് മുരളീധരന്റെ ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |