അഭിനയത്തിൽ പുതുവഴികൾ തേടുകയാണ് മലയാളത്തിന്റെ സ്വന്തം നായിക നമിതാ പ്രമോദ്. ക്യൂട്ട് പെൺകുട്ടിയുടെ ഇമേജിൽ നിന്ന് പക്വതയുള്ള നായികയാവാൻ സമയമായെന്ന് നമിത പറയുന്നു. സിനിമകളുടെ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് ഉറപ്പിച്ചു പറയുകയാണ് താരസുന്ദരി.
''അതെ. ഇനി അങ്ങോട്ട് നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്യണമെന്നുണ്ട്. എന്നുകരുതി ഇതുവരെ ചെയ്തതൊന്നും മോശമാണെന്നല്ല. ഇത്രയും കാലത്തെ അനുഭവ പരിചയത്തിന് അനുസരിച്ചുള്ള ആഴമുള്ള കഥാപാത്രങ്ങൾ ലഭിക്കണം. പതിനഞ്ചോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞാലും ആളുകൾ നമ്മുടെ സിനിമകൾ ഓർത്തിരിക്കണം. വലിയ ലക്ഷ്യങ്ങളോടെ സിനിമയിലേക്ക് വന്നൊരാളല്ല ഞാൻ."" നമിത മനസു തുറക്കുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തിൽ അഭിനയിക്കുകയാണിപ്പോൾ നമിത.
പുതിയ തീരുമാനം നിലനില്പിന്റെ കൂടി ഭാഗമാണോ?
തീർച്ചയായും. ഒരു നായികയെ സംബന്ധിച്ച് കരിയറിലെ ആദ്യ കുറച്ച് വർഷം എളുപ്പമാണ്. നമ്മളെ തേടി വരുന്ന സിനിമകൾ ചെയ്താൽ മതി. പിന്നീട് നിലനിൽക്കണമെങ്കിൽ കുറച്ചുകൂടി ശ്രദ്ധയോടെ സിനിമകൾ തിരഞ്ഞെടുക്കേണ്ടി വരും.
'അൽ മല്ലു" എന്ന സിനിമ ചെയ്യുമ്പോൾ അതിന്റെ ടെൻഷനുണ്ടായിരുന്നു. സ്ത്രീകൾ പ്രധാന റോളിലെത്തുമ്പോൾ മാർക്കറ്റിംഗ് പോലെയുള്ള കാര്യങ്ങൾ പ്രയാസമാണ്. നല്ല സിനിമയാണെങ്കിൽ അത്തരം വിഷമതകൾ മറികടക്കാൻ കഴിയുമെന്നതിന് നിരവധി ഉദാഹരണങ്ങൾ മലയാളത്തിൽ തന്നെയുണ്ടല്ലോ.
അത്തരം പരീക്ഷണങ്ങൾക്ക് പറ്റിയൊരു സാഹചര്യമാണോ മലയാളത്തിൽ. ഒരുപാട് പുതിയ നടികൾ വരുന്നുണ്ടല്ലോ?
തീർച്ചയായും മലയാളത്തിൽ ഒരുപാട് നല്ല സിനിമകളുണ്ടാവുന്നുണ്ട്. ഒരുപാട് പുതിയ നടിമാരും കടന്നുവരുന്നു. ഒരു സിനിമയിൽ കാണുന്നവരെ പിന്നീട് കാണാത്ത അവസ്ഥയുമുണ്ട്. അതിനിടയിൽ ഒമ്പതുവർഷം നിൽക്കാനായത് ഭാഗ്യവും ദൈവാനുഗ്രഹവും തന്നെയാണ്.
സഹതാരങ്ങളോട് ഒരു മത്സരബുദ്ധിയുണ്ടോ?
എനിക്ക് ആരോടും മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാൻ. ആർക്കെങ്കിലും എന്നോട് മത്സരമുണ്ടോന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോൾ സ്ഥിരം നായികമാരായി ആരും നിൽക്കുന്നില്ലല്ലോ. കുറച്ചു നാൾ അവസരം കിട്ടും. അതുകഴിയുമ്പോഴേക്കും പുതിയ ആളുകൾ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണൽ ആക്ടേഴ്സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണ്.
ഇത്രയും വർഷത്തെ സിനിമാജീവിതം പഠിപ്പിച്ചത് എന്തൊക്കെയാണ്?
ജീവിതത്തിൽ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാൻ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം.
സിനിമകൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ് ?
കഥ പറയാൻ വരുന്നവർ പുതിയ ആളുകളാണെങ്കിൽ ആ ചിത്രത്തെ കുറിച്ച് നല്ല ധാരണയുണ്ടോയെന്ന് ഞാൻ നോക്കാറുണ്ട്. ചിലർക്ക് അതിനെ പറ്റി ഒരു ധാരണയുമുണ്ടാകണമെന്നില്ല. ഒരു സംവിധായകനെ സംബന്ധിച്ച് എല്ലാ കാര്യത്തിലും നല്ല ഗൃഹപാഠം വേണം. അങ്ങനെയുള്ളവരുടെ കൂടെ ജോലി ചെയ്യാനാണ് കൂടുതൽ സുഖം. തുടക്കത്തിൽ അതേ കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ ശ്രദ്ധിക്കും.
സിനിമ സ്വഭാവത്തെ മാറ്റിയോ?
പെട്ടെന്ന് കൂട്ടാവുകയും നിറയെ സംസാരിക്കുകയും ചെയ്യുന്ന പ്രകൃതമാണെന്റേത്. എന്റെ ടീനേജ് സമയത്താണ് സിനിമയിലെത്തുന്നത്. ഇപ്പോൾ പ്രായം കൂടുന്നതിനനുസരിച്ച് പക്വതയും കൂടുന്നുണ്ട്. മിക്ക ആളുകളും സ്വഭാവ രൂപീകരണമൊക്കെ കഴിഞ്ഞാവും സിനിമയിലെത്തുന്നത്. അതുകൊണ്ടു തന്നെ ജീവിതത്തിൽ വന്ന മാറ്റമെന്നൊക്കെ ചോദിച്ചാൽ അവർക്ക് അറിയാൻ പറ്റും. സിനിമ കാരണം കൃത്യനിഷ്ഠ വന്നു എന്നൊന്നും പറയാനില്ല. കാരണം, വീട്ടിൽ വളരെ നിർബന്ധമുള്ള കാര്യമാണ് കൃത്യനിഷ്ഠ. സിനിമയിൽ വരുന്നതിനു മുമ്പ് കൈവശമുള്ള ഗുണമാണ് അത്.
നമിതയെ എപ്പോൾ കണ്ടാലും മുഖത്ത് ഒരു ചിരിയുണ്ടാകും?
എപ്പോഴും പോസിറ്റീവായിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അതായിരിക്കാം എപ്പോഴും എന്റെ മുഖത്ത് ഒരു ചിരിയുള്ളത്. എന്നെ അമ്മയും അച്ഛനും പഠിപ്പിച്ചത് അങ്ങനെയാണ്. ഒരിക്കലും ദേഷ്യപ്പെട്ട മുഖവുമായി ഞാൻ ആരോടും ഇടപഴകാറില്ല. ഇതുകാരണം എന്നോട് സംസാരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ലഭിക്കുമെന്ന് പലരും പറയാറുണ്ട്. എങ്കിലും ഞാൻ പൊതുവേ റിസർവ്ഡാണ്. അടുത്തു കഴിഞ്ഞാൽ ഭയങ്കര കമ്പനിയാകും. ചില നേരത്ത് തനിച്ചിരിക്കാനാണ് എനിക്കിഷ്ടം. സ്വതന്ത്രമായി ഇഷ്ടമുള്ളിടത്തൊക്കെ കറങ്ങാൻ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം ഇടയ്ക്ക് തോന്നാറുണ്ട്. എന്നാൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന താരമാകുകയെന്നത് വലിയൊരു ഭാഗ്യമല്ലേ. ഒരുപാട് പേർ കൊതിച്ച് വളരെ ചുരുക്കം പേർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അതെനിക്ക് കിട്ടുന്നുണ്ടല്ലോ. പിന്നെ ഇത്തരം ചെറിയ കാര്യങ്ങളോർത്ത് വിഷമിക്കേണ്ടതില്ലെന്ന് സ്വയം ആശ്വസിക്കും. പിന്നെ പാട്ട് കേൾക്കും, ആസ്വദിക്കും. നമ്മളെ എനർജെറ്റിക്ക് ആയിട്ട് നിറുത്താൻ സംഗീതത്തിന് കഴിയും. സംഗീതം പോലെ നൃത്തവും എനിക്കേറെ ഇഷ്ടമാണ്. ശാസ്ത്രീയ നൃത്തം ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ട്. ആ പിൻബലത്തിലാണ് സിനിമകളിലെ ഡാൻസർ വേഷം ചെയ്തത്. നൃത്തം പഠിക്കാൻ വളരെ ഇഷ്ടമാണ്. വീണ്ടും തുടങ്ങണമെന്നുണ്ട്. പക്ഷേ അത് ആഗ്രഹമായി തന്നെ നിൽക്കുകയാണ്. സമയം വലിയൊരു പ്രശ്നമാണ്
അഭിനയം അല്ലാതെ എന്തൊക്കെയാണ് ആഗ്രഹങ്ങൾ?
എനിക്ക് എഴുതാൻ ഇഷ്ടമാണ്. ചെറുപ്പം മുതലേ മനസിൽ ഒരു സ്റ്റോറി ലൈനുണ്ട്. ഒരു റിയൽ ലൈഫ് സ്റ്റോറി. എനിക്കറിയാവുന്ന ഒരാളെ പറ്റിയാണ്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മനസിലുള്ള കഥയാണ്. ഞാൻ വളരും തോറും ആ കഥയുടെ ഇന്റൻസിറ്റി കൂടിയിട്ടേയുളളൂ. അതുകൊണ്ടാണ് പുസ്തകമാക്കാമെന്ന് ചിന്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |