സൂര്യകിരണങ്ങളുടെ തള്ളിക്കയറ്റം അധികരിച്ചതുകൊണ്ട് ഇരുട്ടിന്റെ ആക്രമണം ഏതാണ്ട് അവസാനിച്ചുകൊണ്ടിരുന്നപ്പോൾ ശൈലജ പുതപ്പിൽനിന്നും കട്ടിലിൽ നിന്നും ഏറെക്കുറെ വിമുക്തയായി. തുറന്നുകിടന്ന ജാലകത്തിലൂടെ അലസയായി വെളിയിലേക്ക് നോക്കി അല്‌പനേരം കൂടി ചരിഞ്ഞുകിടന്നു.അയൽപക്കത്തെ വാടകവീട്ടിൽ താമസിയ്‌ക്കുന്ന അരവിന്ദൻ എന്ന മനുഷ്യൻ തന്റെ പതിവ് വ്യായാമമുറകളുമായി റോഡിൽ തലങ്ങും വിലങ്ങും നടക്കുന്ന പതിവ് കാഴ്‌ചയും കണ്ട് പുതിയൊരു പ്രഭാതത്തിലേയ്‌ക്ക് ഒരനുഷ്‌ഠാനം പോലെ ശൈലജ നടന്നു കയറി.
അടുക്കളയിലേക്ക് നടക്കുമ്പോഴും അരവിന്ദന്റെ ചലനങ്ങൾ മനസിലെവിടെയോ പ്രകമ്പനങ്ങൾ സൃഷ്‌ടിച്ചു. യൗവനം ഓരോ നിമിഷവും തന്നിൽ നിന്ന് കലഹിച്ച് പിരിഞ്ഞുകൊണ്ടിരിക്കുന്നു എന്ന സത്യം മുപ്പത്തഞ്ചിൽ എത്തി നിൽക്കുന്ന ശൈലജയുടെ മനസിന്റെ ഭാരമായി മാറുന്ന അവസ്ഥയിലും ജീവിതത്തിനെപ്പോഴെങ്കിലും ഒരു ടേണിംഗ് പോയിന്റ് ഉണ്ടാകുമെന്ന സ്വപ്‌നം ശൈലജ, ശൈലജയോടൊപ്പം എന്നും കൊണ്ടു നടന്നു.
അച്‌ഛന്റെ അനവസരത്തിലുള്ള മരണം വീടിന്റെ താളം തെറ്റിച്ചപ്പോൾ ശൈലജ സ്വയം അറിഞ്ഞുകൊണ്ട് തന്നെ വീടിന്റെ ഭാരിച്ച ഉത്തരവാദിത്തം തോളിലേറ്റി നടന്നു. അച്‌ഛൻ ജീവിച്ചിരുന്നപ്പോൾ സമ്പാദിച്ചു തന്ന എയ്ഡഡ് ഹൈസ്‌കൂളിലെ ടീച്ചറുദ്യോഗം വീടിന്റെ ദാരിദ്ര്യനിവാരണത്തിന് നല്ലൊരു കുടയായി നിവർത്തിപ്പിടിച്ച് മറ്റെല്ലാ മോഹങ്ങളും മനസിലിട്ട് ഭസ്‌മമാക്കി നടന്നു. ജോലിയില്ലാത്ത അമ്മയ്‌ക്ക് എങ്ങനെ കുടുംബത്തെ ചാരിനിർത്താനാകും. അച്‌ഛൻ ജീവിച്ചിരുന്നപ്പോൾ സജീവമായിരുന്ന ഒന്നുരണ്ടുവിവാഹാലോചനകളും അച്‌ഛനോടൊപ്പം അകാലചരമമടഞ്ഞു.
എല്ലാം മനസിൽ അടക്കിപ്പിടിച്ച് ഇളയവൾ സ്വപ്‌നയെ മതിയാവോളം പഠിപ്പിച്ചു. അവളുടെ സ്വപ്‌നം പോലെ അവളെ തൊട്ടടുത്ത കളക്‌ട്രേറ്റിലെ റവന്യൂ സെക്ഷനിൽ ഉദ്യോഗസ്ഥയാക്കുകയും ചെയ്‌തു. നോക്കി നിൽക്കുമ്പോൾ വളർന്നു കയറുന്ന അവളുടെ ശ്വാസം മുട്ടിയ്‌ക്കുന്ന യൗവനം ശൈലജയുടെയും അമ്മയുടെയും സ്ഥായിയായ വീർപ്പുമുട്ടലായി. തനിയ്‌ക്കായി ഒരു ജീവിതം ദൈവം നീക്കിവച്ചിട്ടില്ല എന്ന തിരിച്ചറിവ് കാലം ധൃതിയിൽ ചുവടുവച്ചകലുമ്പോഴേയ്‌ക്കും മനസിന്റെ സ്ഥായിയായ വികാരമായി മാറിയപ്പോൾ സ്വപ്‌നയെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കണം എന്ന ഇച്‌ഛാശക്തിയിൽ ഒന്നുരണ്ടുചിട്ടികൾക്ക് കൂടി ചേർന്നു. സ്വന്തം ചെലവുകളിൽ ഗണ്യമായ കുറവുകൾ സ്വയം വരുത്തി വിലകുറഞ്ഞ വസ്ത്രങ്ങളും ആഭരണം ഉപേക്ഷിക്കലും ഒക്കെ സ്വന്തം ഐഡന്റിറ്റിയാക്കി മാറ്റി ഇടിവുണ്ടാക്കിയെങ്കിലും സമൂഹത്തിന്റെ തുറിച്ചുനോട്ടം ശ്രദ്ധിക്കാതെ ജീവിതം തള്ളി നീക്കാൻ അനുഭവങ്ങൾ ശൈലജയെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. സ്വപ്‌നങ്ങൾ നെയ്‌തുകൂട്ടിയ യൗവനകാലത്തിന്റെ നടുവിൽ വച്ച് അച്‌ഛൻ അനന്തതയിലേക്ക് ഓടി മറഞ്ഞു. പിന്നെ എനിയ്‌ക്കിത്രയൊക്കയേ ദൈവം നീക്കി വച്ചിട്ടുള്ളൂ എന്ന സമാധാനത്തിൽ ജീവിതം പൂട്ടിയിട്ടു.
എല്ലാം അടക്കി ഒരു സന്യാസിനിയെപ്പോലെ ജീവിയ്‌ക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ശൈലജയുടേയും അമ്മയുടെയും നടുവിൽ സ്വപ്‌ന വല്ലാത്തൊരു ഭീതിയുമായി നടന്നു കയറാൻ തുടങ്ങി. അഞ്ചാറുജില്ലകൾക്ക് അപ്പുറത്തുനിന്നും പ്രെമോഷൻ ലഭിച്ച് അവളുടെ ഓഫീസിലെത്തിയ അരവിന്ദൻ എന്ന സീനിയർ സൂപ്രണ്ടിനെ തൊട്ടടുത്ത വീട്ടിലെ വാടകക്കാരനായി അവൾ ആനയിച്ച് കൊണ്ടു വന്നതു മുതൽ ശൈലജയുടേയും അമ്മയുടേയും മനസ്സുകളിൽ പേരിടാനാവാത്ത ഭീതികൾ ഫണം വിടർത്തിയാടാൻ തുടങ്ങി.
ആദ്യം കരുതിയിരുന്നത് അയാൾക്ക് കുടുംബം ഉണ്ടായിരിക്കുമെന്നാണ്. അയാൾ വിഭാര്യനാണെന്നും ഭാര്യ മരിച്ചുപോയി എന്നും മക്കളൊന്നും ഇല്ലെന്നും അറിഞ്ഞപ്പോൾ ആ സത്യമൊക്കെ ഇരുവരുടേയും മനസുകളിലേക്ക് കയറി അസ്വസ്ഥതയോടെ പുളഞ്ഞു. ഈ പെണ്ണിതെന്തു ഭാവിച്ചാ മദ്ധ്യവയസ്‌കനായ ഒരാളുമായി ഇങ്ങനെ അടുത്തിടപഴകുന്നത്. സൗന്ദര്യവും ആരോഗ്യവും ആവശ്യത്തിലധികം അയാളെ അനുഗ്രഹിച്ചിട്ടുണ്ടെങ്കിലും ഒരു പതിനഞ്ചു വയസിന്റെയെങ്കിലും അകലത്തിൽ നിൽക്കുന്ന അയാളുമായുള്ള ചങ്ങാത്തത്തിന്റെ ഭാവമെന്താണ്.
മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളുടേയും പ്രേരകശക്തി സാമ്പത്തികമാണെന്ന് മാർക്‌സ് പ്രഖ്യാപിക്കുന്നതുപോലെ എല്ലാ പ്രവർത്തനങ്ങളുടേയും അടിസ്ഥാനഹേതു യൗവനകാലത്ത് ലൈംഗികമാണെന്ന് ഫ്രോയിഡ് പറയുന്നുണ്ട്. ഈ പെണ്ണിന്റെ മനസ് എങ്ങനെയാണ് ഒന്ന് സ്‌കാൻ ചെയ്‌തു നോക്കുക. ചെറുപ്പത്തിന്റെ വെറുമൊരു ചപലതമാത്രമാണോ ഇത്. രാവിലേയും വൈകുന്നേരവും അയാളോടൊപ്പം ഒരുമിച്ച് ഓഫീസിൽ പോകുകയും വരുകയും ചെയ്യുക. ഒരു കൂസലുമില്ലാതെ അതൊരു റൊട്ടീൻ ചടങ്ങാക്കിയിരിക്കുന്നു. അവൾക്ക് വേണ്ടുന്ന പക്വത വന്നിട്ടില്ലെങ്കിൽ അയാൾക്കെങ്കിലും ഒരുളുപ്പ് ഉണ്ടാകേണ്ടതല്ലേ. ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റുകൾക്ക് പഠിക്കുവാനുള്ള ശ്രമത്തിനായി അയാളുടെ റൂമിൽ ഒഴിവുദിവസങ്ങളിൽ പോയിരുന്നു എം.ഒ.പിയും ഡി.ഒ.എം.ഉം പഠിക്കാൻ ഒരു മടിയും കാണിയ്‌ക്കാത്ത അവളെ എങ്ങനെയൊക്കെ ശാസിച്ചിരിക്കുന്നു.
ഒക്കെ അവഗണിച്ച് സ്വയം ഒരു നിഷേധിയുടെ പരിവേഷത്തിൽ അവൾ വീട്ടിലും നാട്ടിലും നിറഞ്ഞു. അതും താനൊരു സർക്കാരുദ്യോഗസ്ഥയാണെന്നും സ്വന്തം കാലിൽ നില്‌ക്കാനുള്ള കെല്‌പ് ഉണ്ടെന്നും ഉള്ള ഭാവത്തിൽ. അവളുടെ ദിവസങ്ങളുടെ മുഴുവൻ സമയവും അരവിന്ദന്റെ വിശേഷങ്ങൾ പറയുവാനും അയാളെക്കുറിച്ചുള്ള വീരഗാഥകളൊക്കെ പാടിനടന്ന് വടക്കൻപാട്ടിലെ പുത്തൂരം വീട്ടിലെ പാണനാരുടെ ഭാവഹാവാദികൾ പ്രകടിപ്പിക്കാനും ചെലവഴിയ്‌ക്കാൻ തുടങ്ങി.
സ്‌കൂളിൽ നിന്ന് വരുമ്പോഴൊക്കെ ചില അവസരങ്ങളിൽ അവരൊന്നിച്ചു നടന്നുവരുന്നതും തന്നോടൊന്ന് സംസാരിക്കാനുള്ള അവസരത്തിനായി അയാൾ ശ്രമിക്കുന്നുണ്ടെന്ന തോന്നലും ശൈലജയെ പലപ്പോഴും വീർപ്പുമുട്ടിയ്‌ക്കാൻ തുടങ്ങി. ഭൂമിയ്‌ക്ക് വെളിയിൽ നില്‌ക്കാൻ ഒരിടം തരികയാണെങ്കിൽ ഭൂഗോളത്തെ ചെറുവിരൽ കൊണ്ട് പൊക്കിയെടുക്കാമെന്ന് വീമ്പുപറഞ്ഞ ആർക്ക്മിഡീസിന്റെ ഭാവം അയാളിൽ ഉരുണ്ടുകളിച്ചു. അയാൾക്കൊരു താക്കീത് കൊടുത്താലെന്താണെന്നൊരു തോന്നൽ പലപ്പോഴും മനസ്സിലുണർന്നു. പക്ഷേ പൊതുനിരത്തിൽ വച്ച് അതു വേണ്ടെന്ന ഒരു വീണ്ടുവിചാരം മനസിനെ വിലക്കുന്നതായി ശൈലജയ്‌ക്ക് തോന്നി.
അയാൾക്കെന്താ സ്വപ്‌ന ഒരു കൊച്ചുകുട്ടിയാണെന്ന ബോധം ഉണ്ടാകാത്തത് എന്ന കാര്യത്തിൽ ശൈലജ എപ്പോഴും ഉൽക്കണ്‌ഠ പ്രകടിപ്പിച്ചു. അവർക്കിടയിൽ ഉരുണ്ടുകൂടിയിരിക്കുന്ന അനാകർഷണമായ ബന്ധത്തെപ്പറ്റി അമ്മയോടും ഭീതിപങ്കുവച്ചു. മദ്ധ്യവയസ്‌ക്കനായ അയാളുടെ മനസിന്റെ മാലിന്യങ്ങളിലേയ്‌ക്ക് സ്വപ്‌നയുടെ ശ്രദ്ധ പലതവണ പിടിച്ചു വലിയ്‌ക്കാൻ ശ്രമിച്ചിട്ടും അവളെന്തൊക്കയോ തീരുമാനങ്ങളിൽ തന്നെ ഉറച്ചു നിന്നു. ഉൽക്കണ്‌ഠയുടെ എരിഞ്ഞുതീരാത്ത ഉൽക്കകൾ പലയാവർത്തി മനസിൽ വീണ് പൊട്ടിയമർന്ന അവസരത്തിൽ മറ്റൊരറിയിപ്പ് അവളുടെ ഭാഗത്തുനിന്ന് പൊടുന്നനെ ഉണ്ടായപ്പോൾ ശൈലജയും അമ്മയും അക്ഷരാർത്ഥത്തിൽ തളർന്നു.
''അമ്മേ അരവിന്ദൻ സാർ നാളെ അമ്മയെ കാണാൻ വരും.''
അവളുടെ വെളുത്തു തുടുത്ത മുഖത്ത് ഉരുണ്ടുകൂടിയ നാണവും സന്തോഷവും ഒക്കെ ശൈലജ കണ്ടില്ലെന്ന് നടിച്ചു. പറഞ്ഞതുപോലെ ഞായറാഴ്‌ച രാവിലെ അയാൾ വീട്ടിലെത്തി. മനസിൽ വെറുപ്പുണ്ടായിരുന്നെങ്കിലും വീട്ടിൽ വരുന്നവരെ സ്വീകരിക്കേണ്ട രീതിയിലൊക്കെ സ്വീകരിച്ചിരുത്തി. അയാളുടെ ജീവിതത്തിന്റെ നേട്ടങ്ങളും തിരിച്ചടികളും ഒക്കെ അയാൾ ഭംഗിയായി വിളമ്പിനിരത്തി. ഒടുവിൽ വല്ലാത്തൊരു പരുങ്ങലോടെ അയാൾ പ്രധാന വിഷയത്തിലേക്ക് നടന്നു കയറി.
''ഞാനൊരു വിവാഹാലോചനയുമായി വന്നിരിക്കുകയാണ്. എന്റെ പ്രായവും കഴിഞ്ഞകാല ജീവിതവുമൊക്കെ നിങ്ങൾക്ക് ഉൾക്കൊള്ളാനാവുമെങ്കിൽ ശൈലജ ടീച്ചറെ എനിക്ക് വിവാഹം കഴിക്കണമെന്നുണ്ട്. ഒക്കെ ഞാൻ സ്വപ്‌ന മുഖേന മനസിലാക്കിയിരിക്കുന്നു. സ്വപ്‌നയാണ് ഇങ്ങനൊരാശ എന്നിൽ വളർത്തിയത്. സ്വപ്‌നയെപ്പോലൊരു പെങ്ങൾ എനിയ്‌ക്കുമുണ്ട്. ഏതാണ്ട് സ്വപ്‌നയെപ്പോലെ തന്നെയാണ് അവളുടെ മുഖവും. സ്വപ്‌നമുഖേന എല്ലാ കാര്യങ്ങളും അറിഞ്ഞ സ്ഥിതിയ്‌ക്കാണ് ഞാൻ ഇങ്ങനൊരാലോചന മുന്നോട്ടുവയ്‌ക്കുന്നത്. കഴിഞ്ഞ കുറേ ഏറെ നാളുകളായി സ്വപ്‌നയിലൂടെ ഞാൻ ശൈലജയിലേക്ക് നടന്നടുക്കുകയായിരുന്നു. മനസിൽ ശൈലജയെ മാത്രം ചുമന്നുകൊണ്ട് ഞാൻ ഏറെ നാൾ നടന്നു. ആഭരണങ്ങളോടുള്ള ശൈലജയുടെ വിമുഖതയും വിലകുറഞ്ഞ വസ്ത്രങ്ങൾക്കുള്ളിലെ വിലയേറിയ ശൈലജയേയും ഞാൻ അപഗ്രഥിക്കുകയായിരുന്നു. പെട്ടെന്നൊരു മറുപടി വേണമെന്നില്ല. എന്നെപ്പറ്റി അന്വേഷിച്ച് എന്നെ ഇഷ്‌ടപ്പെടാനുള്ള താല്‌പര്യം ശൈലജ ടീച്ചറുക്കുണ്ടാകുമെങ്കിൽ മാത്രം ഈ ആലോചന പ്രൊസീഡ് ചെയ്‌താൽ മതി. ഇല്ലെങ്കിൽ ഇങ്ങനൊരു ജീവിതം ഇത്രയും നാൾ ചുമന്നുകൊണ്ടുനടക്കാമെങ്കിൽ ഇനിയും അതിനെ ഇങ്ങനെതന്നെ മരണം വരെ വലിച്ചുനീട്ടാനും എനിയ്‌ക്കൊരുമടിയുമില്ല. ഞാനിറങ്ങുന്നു.''
നാളിതുവരെ മനസിൽ സംശയങ്ങളുടെ പുക മറയ്‌ക്കുള്ളിൽ ഒളിച്ചു കളിച്ചിരുന്ന ആ മനുഷ്യൻ വലിയൊരാദർശമായി മനസിനകത്തേയ്‌ക്ക് ഇടിച്ചു കയറുകയാണെന്നൊരു തോന്നൽ ശൈലജയെ പൊടുന്നെ വല്ലാതെ വല്ലാതെ വീർപ്പുമുട്ടിച്ചു. നഷ്‌ടപ്പെട്ടതൊക്കെ വീണ്ടും തന്റെ ജീവിതത്തിലേക്ക് ഇരച്ചു കയറുകയാണെന്നൊരു തോന്നലിൽ അമ്മയോടും സ്വപ്‌നയോടും ഏതു രൂപത്തിലുള്ള മുഖമാണ് പ്രദർശിപ്പിക്കേണ്ടത് എന്നറിയാതെ ഒരു നിമിഷം പതറി. മനുഷ്യന്റെ മനസുകളിലെ അന്തർവ്യാപാരങ്ങൾ മനസിലാക്കാനുള്ള ഒരു വിദ്യയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലല്ലോ എന്ന കാര്യം സ്വപ്‌നയോടും അമ്മയോടും പറഞ്ഞിട്ട് അന്ന് രാത്രി എല്ലാം മറന്ന് ശൈലജ ടീച്ചർ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി.
പതിവിലും നേരത്തെ അടുത്ത ദിവസത്തെ സൂര്യൻ ഉദിച്ചുയർന്നപ്പോൾ പുതിയൊരുന്മേഷവുമായി ശൈലജ ടീച്ചർ പുതിയൊരു പ്രഭാതത്തിലേയ്‌ക്ക് നടന്നു കയറി. സ്വപ്‌നയുടെയും അരവിന്ദന്റെയും ഒക്കെ മനസുകൾ ഒന്ന് അപഗ്രഥിക്കാനായില്ലല്ലോ എന്ന ദുഃഖവും വീണ്ടും മനസിൽ കയറി വല്ലാതെ വീർപ്പുമുട്ടിച്ചു. 'ഒരു തത്വശാസ്ത്രവും ഇന്നോളം കണ്ടില്ല മനമെന്ന പ്രതിഭാസം പൂർണമായി' എന്നെഴുതിയ മലയാളകവിയെ ഒരാവർത്തി കൂടി മനസിൽ പിടിച്ചിരുത്തി ശൈലജ ടീച്ചർ പുതിയൊരു ജീവിതത്തിലേക്ക് ചേക്കേറാനുള്ള തത്രപ്പാടിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |