ഇന്നലെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതിന് പിന്നാലെ ലോകമെമ്പാടുമുള്ള പ്രത്യേകിച്ച് മലയാളികളായ സിനിമാ പ്രേമികളുടെ സ്വീകരണമുറികളെ ഇളക്കിമറിച്ചുകൊണ്ടിരിക്കുകയാണ് ദൃശ്യം 2. നിരൂപണങ്ങളും, കമന്റുകളുമൊക്കെ വായിച്ച് ഞാനും അതേ ആവേശത്തോടെയാണ് ഈ സിനിമ കണ്ടത്.
ഞാൻ ഒരു സിനിമാ നിരൂപകനല്ല, നല്ല സിനിമകളുടെ ആരാധകനാണ്. ഛായാഗ്രഹണത്തെക്കുറിച്ച് എനിക്ക് സാങ്കേതിക അറിവില്ലെങ്കിലും, ദൃശ്യം 2 ന്റെ ഫ്രെയിമുകൾ അതിന്റെ ആദ്യ ഭാഗത്തെപ്പോലെതന്നെ ഇത്തവണയും വളരെ മികച്ചതായിരുന്നു. മോഹൻലാൽ പതിവുപോലെ ഗംഭീരവും, മുമ്പത്തേക്കാളും സുന്ദരനുമാണ്.
തുടക്കം മുതൽ ഒടുക്കം വരെ നിങ്ങളെ ആവേശത്തോടെ പിടിച്ചിരുത്തുന്ന രീതിയിലുള്ളതാണ് സിനിമ. ജോർജുകുട്ടിയെ മാനസികമായി പിന്തുണയ്ക്കാനും, അയാളെ നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കണമെന്ന് പ്രാർഥിക്കാനും പ്രേക്ഷകനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജോർജുകുട്ടിയും കുടുംബവും പൊലീസിന്റെയും നിയമത്തിന്റെയും മുന്നിൽ നിന്ന് രക്ഷപ്പെടുന്നു. വളരെ മനോഹരമായ രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്.
എന്നാൽ ചിത്രത്തിന്റെ രണ്ടാം പകുതി വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. സൈബർ കുറ്റകൃത്യങ്ങൾ വളരെ വേഗത്തിൽ കണ്ടെത്തി, അറസ്റ്റ് ചെയ്യുന്ന 2021ന് സിനിമയുടെ ഇതിവൃത്തം അനുയോജ്യമല്ല. മുരളിഗോപി അവതരിപ്പിച്ച ജാഗ്രതയുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് വിവാദമായ വരുൺ കൊലക്കേസ് അന്വേഷിക്കുന്നത്. അയാൾക്ക് വരുൺ കേസുമായി വൈകാരികമായ ബന്ധവുമുണ്ട്. ജോർജുകുട്ടിയേയും കുടുംബത്തേയും എന്തുവിലകൊടുത്തും കീഴ്‌പ്പെടുത്തുമെന്ന പ്രതിജ്ഞയെടുത്താണ് അന്വേഷണം നടത്തുന്നത്.കഴിഞ്ഞ ആറ് വർഷമായി ജോർജ്കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തുന്നതിലും വിജയിച്ചു. ഇതോടെ അന്വേഷണം ജോർജുകുട്ടിയിലേക്ക് എത്തിക്കാനും കഴിഞ്ഞു. ഇതുവരെ എല്ലാം പ്രേക്ഷകർക്ക് എളുപ്പത്തിൽ ദഹിക്കുന്നതായിരുന്നു.
എന്നാൽ അതിനുശേഷം ജോർജുകുട്ടി ഇടുക്കിയിൽ നിന്ന് കോട്ടയം വരെ യാത്ര ചെയ്യുകയും, ആ രാത്രി ഫോറൻസിക് ലാബിന്റെ സെക്യൂരിറ്റി ഗാർഡിന്റെ മുറിയിൽ തങ്ങുകയും, കുടുംബത്തെ രക്ഷിക്കാൻ ചില കാര്യങ്ങൾ ചെയ്യുകയും ചെയ്തു. തെളിവുകളെല്ലാം കിട്ടിയിട്ടും ജോർജുകുട്ടിയെപ്പോലൊരു അസാധാരണ ക്രിമിനൽ ബുദ്ധിയുള്ള ഒരാളെ നിരീക്ഷിക്കാൻ ഒരു കോൺസ്റ്റബിളിനെയെങ്കിലും നിയോഗിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നാണ് ആ ഘട്ടത്തിൽ എന്റെ സ്വാഭാവിക സംശയം.
അങ്ങനെയാണെങ്കിൽ, കഥയുടെ അവസാനം മറ്റൊന്നാകുമായിരുന്നു.ഒപ്പം ജോർജ്ജ്കുട്ടിയും മകളും ഭാര്യയും പൊലീസിന്റെ കസ്റ്റഡിയിലൊക്കെ ആയേനെ. ഇത് സ്‌ക്രിപ്റ്റ് എഴുതിയ ആളുടെ പരാജയമാണോ. അതോ സായ്കുമാറിന്റെ കഥാപാത്രത്തിലൂടെ മുൻകൂർ ജാമ്യം എടുത്ത് അദ്ദേഹം സുരക്ഷിതമായി കളിച്ചിട്ടുണ്ടോ? അന്വേഷണ ഉദ്യോഗസ്ഥൻ പോലും കേസിൽ തനിക്ക് ലഭിച്ച പിന്തുണയുടെ അഭാവത്തെക്കുറിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ കുറ്റസമ്മതം നടത്തുകയാണ്. സൈബർ സെല്ലിലേക്ക് വിളിച്ച് ജോർജ്കുട്ടി എവിടെയായിരുന്നെന്ന് കണ്ടെത്താൻ അദ്ദേഹത്തിന് എളുപ്പമായിരുന്നു, അതിന് മറ്റ് പിന്തുണയൊന്നും ആവശ്യമില്ല.
ടൊവിനോയുടെ ഫോറൻസിക് കണ്ടിരുന്നെങ്കിൽ ജോർജുകുട്ടി വരുണിന്റെ മാതാപിതാക്കൾക്ക് ചിതാഭസ്മം കൈമാറുമായിരുന്നില്ല. ചാരത്തിൽ നിന്നുപോലും ഡിഎൻഎ കണ്ടെത്താൻ കഴിയുമെന്ന് ചിത്രത്തിൽ ടൊവിനോ പറയുന്നുണ്ട്. തരുൺമൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്.സൈബർ കുറ്റകൃത്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.സൈബർ സെല്ലിന്റെ സഹായത്തോടെ മണിക്കൂറുകൾക്കുള്ളിൽ കുറ്റവാളികളെ പിടികൂടുന്ന പൊലീസിന്റെ അന്വേഷണത്തെക്കുറിച്ച് വളരെ മനോഹരമായിട്ടാണ് സിനിമയിൽ കാണിക്കുന്നത്. ജോർജ്കുട്ടി, ഒരു സിനിമാ പ്രേമിയായിരുന്നു.എന്റെ എളിയ അഭിപ്രായത്തിൽ 2019 ൽ ഓപ്പറേഷൻജാവ പുറത്തിറങ്ങിയെങ്കിൽ, ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |