'' പൊലീസ് അന്വേഷിച്ചിട്ട് ഫലമുണ്ടായില്ല. സി.ബി.ഐ വരുന്നത് നല്ലതാണ് ", കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്‌ന മരിയ ജെയിംസിന്റെ തിരോധാനക്കേസ് സി.ബി.എെ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട ദിവസം ജസ്‌നയുടെ പിതാവ് ജെയിംസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ജസ്‌നയെ കാണാതായിട്ട് അടുത്തമാസം മൂന്ന് വർഷമാകുന്നു. ഒരു ദിവസം അവൾ വീട്ടിലേക്ക് കയറി വരുന്നത് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് ജെയിംസും ജസ്‌നയുടെ രണ്ട് സഹോദരങ്ങളും. ജസ്‌നയുടെ മാതാവ് മരിച്ചതിന്റെ വേദനയിൽ കഴിഞ്ഞിരുന്ന കടുംബത്തിന് പൊടുന്നനെയുണ്ടായ മറ്റൊരു ദുര്യോഗമാണ് ആ പെൺകുട്ടിയെ കാണാതായ സംഭവം.
റാന്നിയ്‌ക്കടുത്ത് വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജസ്‌ന(20)യെ കാണാതായെന്ന് 2018 മാർച്ച് 22നാണ് പിതാവ് വെച്ചൂച്ചിറ, എരുമേലി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഇപ്പോൾ സി.ബി.എെയ്‌ക്ക് കൈമാറുമ്പോൾ ജസ്‌നയ്‌ക്ക് എന്താണ് സംഭവിച്ചതെന്ന നാടിന്റെ ചോദ്യത്തിന് ഉത്തരം പ്രതീക്ഷിച്ചിരിക്കുന്നത് കേരളമാകെയാണ്.
തച്ചങ്കരിയുടെ തട്ട്
ജസ്‌ന ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തിയ ക്രൈംബ്രാഞ്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാതിരുന്നത് കുടുംബാംഗങ്ങളെ കൂടുതൽ അസ്വസ്ഥമാക്കിയിട്ടുണ്ട്. നിർണായക വിവരങ്ങൾ ലഭിച്ചെന്ന് കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ വാർത്താലേഖകരോട് തട്ടിവിട്ട ക്രൈംബ്രാഞ്ച് ഡി.ജി.പി ടാേമിൻ തച്ചങ്കരി തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ജസ്‌നയുടെ പിതാവ് പറയുന്നത്. തച്ചങ്കരിയുടെ പ്രസ്താവന അന്നത്തെ പത്തനംതിട്ട എസ്.പി കെ.ജി. സൈമൺ ആവർത്തിക്കുകയും ചെയ്തു. സംസ്ഥാനം ആകാംക്ഷയോടെ കാണുന്ന കേസിൽ വിവരങ്ങൾ ലഭിച്ചെന്ന് പറഞ്ഞ ക്രൈംബ്രാഞ്ച് പിന്നീട് മൗനം പാലിച്ചത് കൂടുതൽ അഭ്യൂഹങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
ജസ്‌ന ലവ് ജിഹാദിന്റെ പിടിയിലാണെന്ന് ചില സമൂഹ മാദ്ധ്യമങ്ങൾ വിളിച്ചു പറഞ്ഞത് ക്രൈംബ്രാഞ്ചിന്റെ അവകാശവാദത്തിന് പിന്നാലെയാണ്. പൊലീസ് ഇത് ന്യയീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ലവ് ജിഹാദ് സങ്കല്‌പ സൃഷ്ടിയാണെന്നും അങ്ങനെയൊന്ന് കേരളത്തിൽ ഇല്ലെന്നുമാണ് കോടതികളിൽ കേരള പൊലീസ് അറിയിച്ചിട്ടുള്ളത്. ജസ്‌നയെ കെണിയിൽ കുടുക്കി മതം മാറ്റിയിട്ടുണ്ടെങ്കിൽ ലവ് ജിഹാദ് സത്യമാണെന്ന് പൊലീസിന് സമ്മതിക്കേണ്ടിവരും. സമാനമായി മുൻപ് നടന്നിട്ടുള്ള സംഭവങ്ങളിൽ പൊലീസ് നിലപാട് മാറ്റേണ്ടിയും വരും.
തെളിവുകൾ ശേഷിപ്പിക്കാതെ യാത്ര
മകളെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായാണ് ജസ്‌നയുടെ പിതാവ് ജെയിംസ് 2018ൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ജസ്‌ന. പരീക്ഷയുടെ ഭാഗമായ പഠനാവധിയിലായിരുന്ന ജസ്‌ന പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കെന്ന് അയൽവാസിയോട് പറഞ്ഞ് മാർച്ച് 22 ന് രാവിലെ ഒൻപതരയോടെയാണ് കുടുംബത്തിന് പരിചയക്കാരനായ ഒരാളുടെ ഒട്ടോറിക്ഷയിൽ കയറി പോയത്. എന്നാൽ, മുണ്ടക്കയത്ത് എത്താതെ മുക്കൂട്ടുതറയിലിറങ്ങുകയായിരുന്നു. മൊബൈൽ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെ പോയതാണ് ജസ്‌നയെ കണ്ടെത്താൻ പ്രയാസമായത്. ഒാട്ടോഡ്രൈവർ, ജസ്‌നയുടെ ബന്ധുക്കൾ, സഹപാഠികൾ എന്നിവരിൽ നിന്ന് പൊലീസിന് അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ ലഭിച്ചില്ല. ജസ്‌ന ഇന്റർനെറ്റ് ഇല്ലാത്ത ഫോൺ ഉപയോഗിച്ചിരുന്നതും അന്വേഷണം ദുഷ്കരമാക്കി. ഫോണിലെ കോൾ ലിസ്റ്റിൽ നിന്നും മെസേജുകളിൽ നിന്നും സംശയിക്കത്തക്ക വിവരങ്ങൾ ലഭിച്ചില്ല. ഒരു ലക്ഷത്തിലേറെ ഫോൺ കോളുകൾ പരിശോധിക്കുകയും മുന്നൂറോളം പേരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. ജസ്‌ന മെസേജുകൾ അയച്ച ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നീണ്ടെങ്കിലും അയാൾ നിരപരാധയെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്.
ജസ്‌ന എരുമേലിക്കടുത്ത് കണ്ണിമലയിൽക്കൂടി ബസിലിരുന്ന് യാത്ര ചെയ്യുന്നത് ഒരു ബാങ്കിന്റെ നിരീക്ഷണ കാമറയിൽ കണ്ടെങ്കിലും പിന്നീട് കൂടുതൽ വ്യക്തത ലഭിച്ചില്ല. എരുമേലി ടൗണിലെ കടകളിലെ നിരീക്ഷണ കാമറകളിൽ ജസ്‌നയെപ്പോലെ പെൺകുട്ടിയെ കണ്ടെന്നുള്ള അഭ്യൂഹങ്ങൾക്കു പിന്നാലെയും പൊലീസ് അന്വേഷണം നീണ്ടിട്ടും ഫലമുണ്ടായില്ല. ജസ്‌നയെപ്പറ്റി വിവരം നൽകുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. തമിഴ്നാട് കാഞ്ചീപുരത്ത് യുവതിയുടെ കത്തിക്കരിഞ്ഞ ജഡം കണ്ട സ്ഥലത്തും പൊലീസെത്തി. പല്ലിലെ ക്ളിപ്പാണ് ജഡം ജസ്‌നയുടേതാണാേ എന്ന് സംശയിക്കാൻ കാരണം. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കൊക്കകളുള്ള കാടുകളിൽ പൊലീസ് പരിശോധന നടത്തി. ബംഗളുരുവിലും ഗോവയിലും ചെന്നൈയിലും തിരച്ചിൽ നടന്നു. ജസ്‌നയെപ്പറ്റി വിവരം അറിയിക്കാനായി കൊട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ച പെട്ടികളിൽ ആയിരത്തിലേറെ കത്തുകൾ ലഭിച്ചെങ്കിലും ഒന്നും അന്വേഷണത്തെ സഹായിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനിടെയിലാണ് കേസ് സി.ബി.എെയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരൻ ജയിസും കെ.എസ്.യു. നേതാവ് അഭിജിത്തും ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് കേസ് ഹൈക്കോടതി കഴിഞ്ഞയാഴ്ച സി.ബി.ഐയ്ക്ക് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |