മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യശത്രു ആരാണെന്നത് കോൺഗ്രസ് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയോട് അയഞ്ഞ നിലപാടാണ് കോൺഗ്രസിന്റേത്. നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസ് ശിഥിലമാവും. യു.ഡി.എഫ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. വർഗ്ഗീയതയുടെ മറുതലയായ ജമാഅത്തെ ഇസ്‌ലാമിയുമായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ കൂട്ടുകെട്ട് നിയമസഭയിലും തുടരാനാണ് യു.ഡി.എഫ്.ഉദ്ദേശിക്കുന്നത്. കാസർകോട് ബി.ജെ.പി ജാഥയിൽ യോഗി ആദിത്യനാഥിന്റെ തീവ്ര അജൻഡയാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ അധികാരത്തിൽ വന്നാൽ ലൗ ജിഹാദിനെ തടയാൻ നിയമനിർമ്മാണം നടത്തുമെന്നാണ് വാഗ്ദാനം. ന്യൂനപക്ഷത്തെ വേട്ടയാടാൻ നിയമമുണ്ടാക്കുന്ന രീതി കേരളത്തിലില്ല. ഉത്തർപ്രദേശിൽ പശുവിന്റെ പേരിൽ ദളിതരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. ഇത് കേരളത്തിൽ നടക്കില്ലെന്ന കാര്യം ബി.ജെ.പി നേതാക്കൾ ഒഴിവുള്ള സമയത്ത് യോഗിയോട് പറഞ്ഞുകൊടുക്കുന്നത് നല്ലതാണെന്നും വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |