ഒൻപതു മാസമായി തടഞ്ഞുവച്ചിരുന്ന, ചൈനയുടെ നേരിട്ടുള്ള വിദേശനിക്ഷേപം പരിമിതമായ തോതിൽ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു. ഗാൽവൻ താഴ്‌വരയിലെ സൈനിക സംഘർഷത്തിനു ശേഷം ചൈനക്കെതിരെ സാമ്പത്തികരംഗത്ത് ഇന്ത്യ പല നടപടികളും കൈക്കൊണ്ടിരുന്നു. ഏതു നിമിഷവും ഒരു യുദ്ധത്തിന്റെ പുറപ്പാടുണ്ടാകാമെന്ന് തോന്നിയ സന്ദർഭത്തിലാണ് ഇന്ത്യ ശക്തമായ നടപടികൾ കൈക്കൊണ്ടത്. അതിൽപ്പെട്ട ഒന്നിനാണ് ഇപ്പോൾ ഇളവ് നൽകുന്നത്. സംഘർഷത്തിൽ അയവ് വന്നതിന്റെയും ചൈനീസ് സൈനികർ ഏറെക്കുറെ അവരുടെ അതിർത്തിയിലേക്ക് പിന്മാറിയതിന്റെയും പശ്ചാത്തലത്തിലാണ് ചൈനയുടെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് വീണ്ടും കേന്ദ്രം അനുമതി നൽകിയത്. വൻകിട നിക്ഷേപങ്ങൾ പരിഗണിച്ചിട്ടില്ല. ചെറുകിട നിക്ഷേപങ്ങൾ ഓരോന്നും പ്രത്യേകമായി അവലോകനം ചെയ്ത ശേഷമാവും അനുമതി നൽകുക. ഇതിനായി ഒരു കമ്മിറ്റിക്കും രൂപം നൽകി. ആഭ്യന്തരം, വിദേശകാര്യം, വ്യവസായം എന്നീ മന്ത്രാലയങ്ങളുടെയും നീതി ആയോഗിന്റെയും ഉദ്യോഗസ്ഥ പ്രതിനിധികൾ അടങ്ങുന്നതാണ് കമ്മിറ്റി. ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡ് (എഫ്.ഐ.പി.ബി) മാതൃകയിലല്ല പുതിയ കമ്മിറ്റി. ചൈനയുടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും തള്ളിക്കളയുന്നതിനും മുൻപ് കമ്മിറ്റി അവലോകനം നടത്തും. ഗൂഢലക്ഷ്യത്തോടെയുള്ള ചൈനയുടെ നിക്ഷേപങ്ങൾ തടയാൻ ഉദ്ദേശിച്ചാണ് കമ്മിറ്റി രൂപീകരണം. കഴിഞ്ഞ ഏപ്രിലിന് മുമ്പ് ഓട്ടോമാറ്റിക് അപ്രൂവൽ ലഭിക്കുന്ന ചൈനീസ് കമ്പികൾക്ക് സർക്കാരിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങേണ്ട ആവശ്യമില്ലായിരുന്നു. ഓട്ടോമാറ്റിക് അപ്രൂവൽ ഒഴിവാക്കിയത് ചൈനീസ് നിക്ഷേപകർക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാൽ കൊവിഡ് ബാധയെത്തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായി ഈ നിയമത്തിൽ സർക്കാർ ഇളവ് അനുവദിച്ചിരുന്നു. സൈനിക സംഘർഷം ഉടലെടുത്തതിനാൽ ചൈനയ്ക്ക് മാത്രം ഇളവ് നൽകിയിരുന്നില്ല. അതിലാണ് ഇപ്പോൾ വരുത്തിയിരിക്കുന്ന ഇളവ്. സൈനിക സംഘർഷത്തിന് ശേഷം ചൈനക്കെതിരെ ഇന്ത്യ എടുത്ത പ്രധാന സാമ്പത്തിക നടപടികളിലൊന്ന് ടിക് ടോക് ഉൾപ്പെടെയുള്ള അമ്പതോളം ചൈനീസ് ആപ്പുകൾ നിരോധിച്ചതായിരുന്നു. സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ഇത് ചൈനയ്ക്ക് നൽകിയത്. ഇന്ത്യയുടെ പണം വാരിക്കൊണ്ടുപോകുന്ന പല ആപ്പുകളും നിരോധിക്കപ്പെട്ടു. പകരം സമാനമായ ഇന്ത്യൻ ആപ്പുകൾ രംഗത്തു വരാനും ഇതിടയാക്കി. പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യ എന്ന് തെളിയിച്ചു കൊടുക്കാൻ ഇത്തരം നടപടികൾക്കായി. ഇപ്പോൾ ചില്ലറ നഷ്ടങ്ങൾ സംഭവിക്കുമെങ്കിലും ഭാവിയിൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഉതകുന്നതാണ് മോദി സർക്കാർ കൈക്കൊണ്ട സാമ്പത്തിക നടപടികൾ. ചൈന അത് പ്രതീക്ഷിച്ചിരുന്നതല്ല. ഇന്ത്യയെ വിരട്ടി വരുതിക്ക് നിറുത്താനാണ് ചൈന ശ്രമിച്ചത്. ഒപ്പം കൊവിഡ് മഹാമാരിയുടെ ഉത്‌ഭവസ്ഥാനമെന്ന ചീത്തപ്പേരിൽ നിന്ന് ശ്രദ്ധതിരിക്കാനും. ഇത് രണ്ടും നടന്നില്ലെന്ന് മാത്രമല്ല സാമ്പത്തികമായി ചൈനയ്ക്ക് കൈപൊള്ളുകയും ചെയ്തു. എന്നാൽ എല്ലാ ചൈനീസ് നിക്ഷേപങ്ങളും ഒറ്റയടിക്ക് തടയാൻ ഇന്ത്യയ്ക്കെന്നല്ല ഏഷ്യൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യത്തിനും കഴിയില്ല. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ചൈന. ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല വൻകിട കമ്പനികളും അസംസ്‌കൃത വസ്തുക്കൾക്ക് ആശ്രയിക്കുന്നത് ചൈനയെയാണ്. ഇന്ത്യയുടെ സ്‌റ്റാർട്ട് അപ്പുകളിലും ടെക്നോളജികളിലും മറ്റുമുള്ള ചൈനീസ് നിക്ഷേപം ചെറുതല്ല. 2019 - 20ൽ ഇന്ത്യയുടെ ഇറക്കുമതിയുടെ 14 ശതമാനവും ചൈനയിൽ നിന്നായിരുന്നു. കയറ്റുമതി അഞ്ച് ശതമാനവും. അതായത് ചൈനയെ അപേക്ഷിച്ച് വലിയ വ്യാപാരക്കമ്മിയിലാണ് ഇന്ത്യ. ഇതെല്ലാം ഒറ്റയടിക്ക് നിറുത്താനാകില്ല. അതിനാൽ ഇന്ത്യൻ കമ്പനികളുടെ വളർച്ചയും നേട്ടവും കൂടി കണക്കിലെടുത്താണ് വീണ്ടും ചൈനീസ് നിക്ഷേപങ്ങൾക്ക് അനുമതി നൽകിയതെന്ന് വേണം കരുതാൻ.
സ്‌മാർട്ട് ഫോണുകൾ, ഇലക്ട്രിക്കൽ സാധനങ്ങൾ, പവർ പ്ളാന്റിന്റെ ഘടകങ്ങൾ, വളം, ആട്ടോമൊബൈൽ ഘടകങ്ങൾ, ഉരുക്ക് സാമഗ്രികൾ, മരുന്ന് നിർമ്മാണത്തിനാവശ്യമായ ഘടകങ്ങൾ, എൻജിനിയറിംഗ് സാധനങ്ങൾ തുടങ്ങിയവയാണ് ചൈന പ്രധാനമായും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
2018 - 19ൽ 70 ബില്ല്യൺ ഡോളർ വരുന്ന ഇന്ത്യൻ ഇറക്കുമതി അടുത്ത ഒരു വർഷത്തിനുള്ള 45 ഇരട്ടിയായാണ് വർദ്ധിച്ചത്. ഇന്ത്യയെ സാമ്പത്തികമായി പിടിച്ചടക്കാനുള്ള ഒരു പുറപ്പാടിലായിരുന്നു ചൈന. നേരിട്ടുള്ള നിക്ഷേപത്തിന് പുറമെ പല രീതികളിലും ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താറുണ്ട്. സിംഗപ്പൂർ, ഹോങ്കോംഗ്, മൗറീഷ്യസ് തുടങ്ങിയ സ്ഥലങ്ങളിൽ ആസ്ഥാനമുള്ള കമ്പനികൾ ഇന്ത്യയിൽ പണം മുടക്കും. ഇത് ചൈനീസ് നിക്ഷേപമായി പരിഗണിക്കാറില്ല. എന്നാൽ ഈ കമ്പനികളുടെ ഉടമകൾ ചൈനീസ് പൗരന്മാരായിരിക്കും. ഉദാഹരണത്തിന് ആലിബാബ ഗ്രൂപ്പ് ഇന്ത്യയിലെ പേടിഎം കമ്പനിയിൽ മുതൽമുടക്കിയത് ആലിബാബ സിംഗപ്പൂർ ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. ഇത് ചൈനീസ് നിക്ഷേപമായി ഗവൺമെന്റ് ഡേറ്റയിൽ വരില്ല.
എല്ലാ രംഗത്തും അതിവേഗം കുതിക്കുന്ന ഇന്ത്യയുടെ വളർച്ച തടയുക ചൈനയുടെ ആവശ്യമാണ്. കാരണം കച്ചവടക്കണ്ണ് മാത്രമുള്ള രാജ്യമല്ല ഇന്ത്യ. അതിവേഗം ഇന്ത്യ വളർന്നാൽ, മറ്റ് പല രാജ്യങ്ങളും, കൂടുതൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഇന്ത്യയെ ആശ്രയിക്കും. ഇത് വെല്ലുവിളി ഉയർത്തുക സാമ്പത്തികരംഗത്ത് അപ്രമാദിത്വം സ്ഥാപിച്ചിരിക്കുന്ന ചൈനയ്ക്കായിരിക്കും. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് ആയുധങ്ങൾക്ക് മൂർച്ചകൂട്ടി ഇന്ത്യയ്ക്കെതിരെ തിരിഞ്ഞത്. പക്ഷേ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പതർച്ചയില്ലാത്ത നിലപാടും പ്രതിരോധ, വിദേശകാര്യ വകുപ്പുകളുടെ സമയോചിതമായ നടപടികളും നമ്മുടെ യശസുയർത്താനും ചൈനയുടെ ഗൂഢലക്ഷ്യങ്ങൾക്ക് തടയിടാനും ഉതകുന്നതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |