ആലപ്പുഴ: ഇരുചക്രവാഹനം ഓടിക്കുന്ന ആളും പുറകിൽ ഇരിക്കുന്ന യാത്രക്കാരും ഹെൽമെറ്റ് ധരിക്കണം. നാല് വയസിന് മുകളിൽ പ്രായം ഉള്ള കുട്ടികളും ഹെൽമെറ്റ് ധരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. എന്നാൽ ഇത് പാലിക്കാൻ പൊതുവേ വിമുഖത കാണിക്കുകയാണ് രക്ഷിതാക്കൾ. കുട്ടികൾക്കിടയിൽ ഹെൽമറ്റ് ഉപയോഗം വ്യാപകമാക്കാൻ വിവിധ പദ്ധതികളുമായി വരുകയാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം.
സാമദാന ഭേദ ദണ്ഡം എന്ന ക്രമത്തിലാണ് അധികൃതർ നിയമം നടപ്പിലാക്കുന്നത്.ആദ്യഘട്ടത്തിൽ ബോധവത്കരണം. മുന്നറിയിപ്പ്. എന്നിട്ടും വഴങ്ങാത്തവർക്ക് പിഴ ഈടാക്കും. 4 വയസു മുതലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യാത്തവർക്ക് കേരളത്തിൽ 500 രൂപയാണ് പിഴ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ജൂനിയർ ഹെൽമറ്റ് ധരിപ്പിച്ച് ശീലിപ്പിച്ച് ഗതാഗത നിയമ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നു അധികൃതർ.
കാർട്ടൂൺ ഹെൽമറ്റും റെഡി
കുട്ടി ഹെൽമറ്റുകളുടെ ആവശ്യക്കാർ ഏറിയിട്ടുണ്ട്. അതോടെ ഇതിന്റെ ഉത്പാദനവും വർദ്ധിച്ചിട്ടുണ്ട്. നീല, പിങ്ക്, പച്ച തുടങ്ങി കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന നിറങ്ങളിൽ ഹെൽമറ്റുകളുണ്ട്. കുട്ടികൾക്ക് പ്രിയപ്പെട്ട കാർട്ടൂൺ പ്രിന്റ് ചെയ്ത ഹെൽമെറ്റുകളും കമ്പനികൾ ഇറക്കുന്നുണ്ട്. 520 മുതൽ 550 വരെ വ്യാസമുള്ള ഹെൽമറ്റുകളാണിവ. 900 രൂപ മുതലാണു വില. രക്ഷിതാക്കൾ കുട്ടികൾക്ക് പാകമാകാത്ത മുതിർന്നവരുടെ ഹെൽമെറ്റ് ധരിപ്പിക്കുന്നുണ്ട്. എന്നാൽ അത് കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
വാങ്ങാം ശ്രദ്ധയോടെ
കുട്ടികൾക്കു തലവേദന അനുഭവപ്പെടാതിരിക്കാൻ ഭാരം കുറഞ്ഞത് തിരഞ്ഞെടുക്കാം
ബി.ഐ.എസ് മുദ്ര യുള്ള സുരക്ഷിതവുമായ ഹെൽമെറ്റാണ് സുരക്ഷിതം
മുഖം പൂർണമായി ആവരണം ചെയ്യുന്ന ഹെൽമറ്റ് തിരഞ്ഞെടുക്കാം.
തലയിൽ പാകമാകുന്ന ഹെൽമറ്റ് വാങ്ങണം.
ഇളം നിറത്തിലുള്ള ഹെൽമറ്റ് ധരിച്ചാൽ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഹെൽമറ്റ് ധാരിയെ കാണാൻ കഴിയും
ഹെൽമറ്റ് ധരിക്കുമ്പോൾ
ചിൻ സ്ട്രാപ്പ് ശരിയായി ധരിക്കണം. അല്ലെങ്കിൽ അപകടമുണ്ടായാൽ ഹെൽമറ്റ് ഊരിത്തെറിക്കും
ക്ഷതമേറ്റ ഹെൽമെറ്റിന് പ്രവർത്തന ക്ഷമത കുറയും. ഇതു മാറ്റണം.
ഒരു ഹെൽമറ്റ് ഒരാൾ ഉപയോഗിക്കുന്നതാണു നല്ലത്.
നാല് വർഷത്തിൽ കൂടുതൽ ഒരു ഹെൽമെറ്റ് ഉപയോഗിക്കതുത്
എന്തിന്
ചെറിയ വീഴ്ച്ചകളിൽ നിന്നും ചെറിയ ആഘാതങ്ങളിൽ നിന്നും രക്ഷപെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിർമ്മിതി. എന്നാൽ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെയാണ് സഞ്ചരിക്കുന്നത് എന്ന് കരുതി ഹെൽമെറ്റ് വയ്ക്കാതിരിക്കുന്നത് ശരിയല്ല. കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തിൽ നിന്ന് തല അടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്.
കവചം
തലയുടെ സംരക്ഷിത കവചമാണ് ഹെൽമെറ്റ്. തലച്ചോറിനെ ആഘാതങ്ങളിൽ നിന്ന് എങ്ങനെ തലയോട്ടി സംരക്ഷിക്കുന്നുവോ അങ്ങനെയാണ് ഹെൽമെറ്റ് തലയെയും സംരക്ഷിക്കുന്നത്. ഹെൽമെറ്റുകൾ പല തരത്തിലുണ്ടെങ്കിലും അവയുടെയെല്ലാം ഘടന ഏകദേശം ഒരേപോലെയാണ്. ഹെൽമെറ്റിനു മൂന്ന് ആവരണങ്ങളുണ്ട്. തെർമോപ്ലാസ്റ്റിക് അല്ലെങ്കിൽ ഫൈബർ ഗ്ലാസ് നിർമിതമായ കട്ടികൂടിയ പുറംചട്ട (ഷെൽ) യാണ് ആദ്യത്തേത്. തലയ്ക്കും പുറംചട്ടയ്ക്കുമിടയിലുള്ളത് ഇടിയുടെ ആഘാതം വലിച്ചെടുക്കുന്ന ആവരണമാണ് രണ്ടാമത്തേത്.
'' ലോക്ഡൗണിന് ശേഷം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന നാല് വയസിന് മുകളിൽ ഉള്ള കുട്ടികൾ ഹെൽമെറ്റ് ധരിക്കുന്നില്ല. ഇത് അപകടത്തിന് വഴി ഒരുക്കും. റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്കിടയിൽ ഹെൽമറ്റ് ഉപയോഗം വ്യാപകമാക്കാൻ മോട്ടർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം വിവിധ പദ്ധതികൾ നടപ്പാക്കും.
(മോട്ടോർ വാഹന വകുപ്പ് അധികൃതർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |