ഗുരുവായൂർ: ഉത്സവനാളുകളിൽ ഭഗവൽ പ്രസാദമായി ഗുരുവായൂരിൽ നിന്നുകിട്ടുന്ന കഞ്ഞിയുടെയും പുഴുക്കിന്റെയും സ്വാദ് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയുന്നതല്ല. ഭക്തർ ഏറെ അനുഗ്രഹമായി കരുതി സേവിക്കുന്ന പ്രസാദം ഈ കൊവിഡ് കാലത്തും അവരുടെ വീടുകളിൽ ലഭ്യമാകും. കൊറോണ നിയന്ത്രണങ്ങൾ മൂലം കഞ്ഞിയും പുഴുക്കും വിതരണം ചെയ്യാൻ സാധിക്കാത്തതിനാൽ ഭക്ഷ്യകിറ്റുകളായി വീടുകളിൽ എത്തിക്കാനാണ് ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം,
തദ്ദേശീയരടക്കമുള്ള പതിനായിരം കുടുംബങ്ങൾക്കാണ് കിറ്റ് ലഭ്യമാവുക. അഞ്ച് കിലോ അരി, ഒരു കിലോ മുതിര, അരകിലോ ശർക്കര, നാളികേരം, അരക്കിലോ വെളിച്ചെണ്ണ, ഉപ്പ് എന്നിവ അടങ്ങുന്ന കിറ്റ് സ്പോൺസർ മുഖേനെയാണ് വീടുകളിൽ വിതരണം ചെയ്യുന്നത്. ഭക്തർക്ക് വിതരണം ചെയ്യാനുള്ള പതിനായിരം ഭക്ഷ്യകിറ്റുകൾ ഇന്ന് പുലർച്ചെ വിതരണകേന്ദ്രമായ കൗസ്‌തുഭം കോമ്പൗണ്ടിൽ എത്തുകയും ചെയ‌്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ അയ്യായിരം പേർക്കാണ് ഒരു ദിവസം ദർശനം അനുവദിച്ചിരിക്കുന്നത്.
ആനയോട്ടം കളക്‌ടറുടെ നിർദേശപ്രകാരം ഒരു ആനയെ ഉൾപ്പെടുത്തി നടത്തും. മൂന്ന് ആനയെ എങ്കിലും ഉൾപ്പെടുത്തണമെന്നും, ക്ഷേത്ര ദർശനത്തിനെത്തുന്നവർ ആർ.ടി.പി.സി.ആർ ടെസ്‌റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണെമെന്നുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ ശുപാർശ പുനപരിശോധിച്ച് ഒഴിവാക്കണമെന്ന് ജില്ലാ കളക്‌ടറോട് ആവശ്യപ്പെടാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |