ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേക്കിൽ നായികയായി എത്തുന്നതിനുപുറമേ അഞ്ചു ചിത്രങ്ങളിൽ കൂടി െഎശ്വര്യ രാജേഷ്
ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേക്കിൽ ഐശ്വര്യ രാജേഷ് നായികയായി എത്തുന്നു. നിമിഷ സജയൻ അവതരിപ്പിച്ച പേരില്ലാ കഥാപാത്രത്തെയാണ് െഎശ്വര്യ അവതരിപ്പിക്കുന്നത്. ജയംകൊണ്ടേൻ , സേട്ടൈ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ കണ്ണനാണ് സംവിധാനം. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമായി ആരായിരിക്കുമെന്ന് വ്യക്തമല്ല. കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.'' അഭിനയജീവിതത്തിൽ മറ്റൊരു മികച്ച കഥാപാത്രം.നല്ല ഒരു കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ യഥാർത്ഥ്യമായി.അതിന്റെ സന്തോഷം വലുതാണ്.'' െഎശ്വര്യ രാജേഷ് പറഞ്ഞു.
തമിഴിലും തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച് ഐശ്വര്യ രാജേഷിന്റെ ജൈത്രയാത്ര തുടരുകയാണ്. കാക്കാമുട്ടൈ എന്ന തമിഴ് ചിത്രം െഎശ്വര്യയുടെ ജീവിതം മാറ്റി. ദേശീയ പുരസ്കാരം ഉൾപ്പടെ രാജ്യാന്തര അംഗീകാരങ്ങൾ വരെ കാക്കാമുട്ടൈ വാരിക്കൂട്ടി. വെട്രിമാരനും ധനുഷും ചേർന്ന് നിർമ്മിച്ച സിനിമ.മണിരത്നം സിനിമയിലേക്ക് വിളി വന്നതാണ് പിന്നത്തെ കഥ. വിജയ് സേതുപതിയുടെയും വിജയ് ദേവരകൊണ്ടയുടെയും സിനിമകളുടെ ഭാഗമായി. തമിഴ് സിനിമയിൽ െഎശ്വര്യ ഇപ്പോൾസൂപ്പർ നായികയാണ്. ജോമോന്റെ സുവിശേഷങ്ങളിലും സഖാവിലും നമ്മൾ െഎശ്വര്യയെ കണ്ടു.
'' വേദനയും വിജയവും സന്തോഷവും സ് നേഹവും നിറഞ്ഞതാണ് എന്റെ യാത്ര. ചെന്നൈയിലെ സൈദാപ്പേട്ടയിൽ കാക്കാമുട്ടൈ ഉൾപ്പെടുന്ന ചേരി പ്രദേശത്താണ് ജനിച്ചു വളർന്നത്. ഇപ്പോൾ കാക്കാമുട്ടൈ െഎശ്വര്യ രാജേഷ് എന്ന വിളി കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. അഭിനയിച്ച സിനിമയുടെ പേരിൽ നായിക അറിയപ്പെടുന്നത് ഭാഗ്യമായി കരുതുന്നു. തമിഴ് സിനിമയിൽ ഇതു ഒരു അപൂർവതയാണ്. ദൈവത്തിന്റെ അനുഗ്രഹം. ജോലിയോട് കാട്ടിയ പ്രതിബദ്ധതയുടെ ഫലം. ഇംഗ്ളീഷ് സംസാരിക്കുന്ന തെന്നിന്ത്യൻ നടിമാർ മത്സരിക്കുന്നിടമാണ് തമിഴ് സിനിമ. അവിടെ തമിഴ് മാത്രം സംസാരിക്കുന്ന ഒാട്ടോയിലും ബസിലും വന്നിറങ്ങുന്ന ചേരിയുടെ നിറവും മണവും മാത്രമുള്ള ഞാൻ പലർക്കും ചിരി ഉണർത്തുന്ന കാഴ്ചയായിരുന്നു.
മൂന്നു ചേട്ടൻമാരുടെ ഏക അനുജത്തിയായിരുന്നു ഞാൻ. അച്ഛനും അമ്മയുമടക്കം ഞങ്ങൾ ആറുപേരാണ് ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്നത്. മഴ പെയ്താൽ മുറിയിൽ വെള്ളം കയറും.ഞാനും ചേട്ടൻമാരും ചേർന്ന് മുറം കൊണ്ട് വെള്ളം കോരിക്കളയും. രാത്രി വെള്ളം കയറുന്നതു നോക്കി അമ്മ ഉറങ്ങാതിരിക്കുമായിരുന്നു. എനിക്ക് എട്ടു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. എന്നാൽ അച്ഛനില്ലെന്ന തോന്നലുണ്ടാകാതെ അമ്മ ഞങ്ങളെ വളർത്തി. അതിന് ഏറെ കഷ്ടപ്പെടേണ്ടി വന്നു."" െഎശ്വര്യയുടെ വാക്കുകൾ.
ചേരിയുടെ നിറവും മണവുമാണ് െഎശ്വര്യയ്ക്ക്. ആ കഥാപാത്രങ്ങൾക്കും. അല്പം മാറ്റം മലയാളത്തിൽ വന്നപ്പോൾ മാത്രം.
''മലയാളത്തിൽ ആദ്യം ചെയ്ത സിനിമ നിവിൻ പോളിക്കൊപ്പം സഖാവ്. എന്നാൽ ആദ്യം റിലീസായത് ദുൽഖർ സൽമാനൊപ്പം അഭിനയിച്ച ജോമോന്റെ സുവിശേഷങ്ങൾ. മലയാളത്തിൽ രണ്ടു സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. സത്യൻ അന്തിക്കാട് സാറിന്റെയും സിദ്ധാർത്ഥ് ശിവയുടെയും സിനിമകളിൽ ഇനിയും അഭിനയിക്കണം. എന്നാൽ ഒരുപാട് സിനിമയിൽ അഭിനയിച്ച താരത്തിന് ലഭിക്കുന്ന സ് നേഹം മലയാളത്തിൽനിന്ന് കിട്ടുന്നുണ്ട്. എവിടെയോ എനിക്ക് മലയാളി ഛായയുണ്ട്. മലയാളത്തിൽ വീണ്ടും വരാൻ കഴിയുമെന്നാണ് പ്രതീക്ഷ.തമിഴിൽ ആറു സിനിമകളാണ് വരാൻ പോവുന്നത്.എനിക്കുവേണ്ടി മാത്രം എഴുതിയ തിരക്കഥകൾ.വലിയ സംവിധായകരും നിർമാതാക്കളും വിളിക്കുന്നു. െഎശ്വര്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |