ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഡി.എം.കെയുമായുള്ള സീറ്റ് വിഭജന ചർച്ചകളുടെ ചുക്കാൻ എ.ഐ.സി.സി ജനറൽസെക്രട്ടറിമാരായ ഉമ്മൻചാണ്ടിയെയും രൺദീപ് സിംഗ് സുർജേവാലയെയും ഏൽപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇരുവരും ഇന്നലെ ചെന്നൈയിലെത്തി.
സീറ്റ് വിഭജന ചർച്ചകളിൽ കേരളത്തിലെ മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമെന്ന നിലയിൽ ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.ബീഹാറിൽ ആർ.ജെ.ഡിയെ സമ്മർദ്ദത്തിലാക്കി കൂടുതൽ സീറ്റ് ചോദിച്ചുവാങ്ങുകയും വൻ പരാജയം നേരിടുകയും ചെയ്ത സാഹചര്യം ഒഴിവാക്കാൻ എ.ഐ.സി.സി നിരീക്ഷകരായി ഇരുവരും തുടരും.തമിഴ്‌നാടിന്റെ ചുമതലയുള്ള നേതാവ് ദിനേഷ് ഗുണ്ടുറാവു, തമിഴ്‌നാട് കോൺഗ്രസ് പ്രസിഡൻറ് കെ.എസ് അഴഗിരി എന്നിവർക്കൊപ്പം
ഡി.എം.കെ ജനറൽ സെക്രട്ടറി എസ്.ദുരൈ മുരുഗൻ, ഡി.എം.കെ പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ ബാലു എന്നിവരുമായാണ് പ്രാഥമിക ചർച്ചകൾ . സീറ്റുകളിൽ ധാരണയായ ശേഷം ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിനെ കാണും.
സീറ്റിനായി പിടിവാശിയുണ്ടാകില്ലെന്ന് കോൺഗ്രസ് സംസ്ഥാന നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ന്യായമായ സീറ്റുവിഭജനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 41 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. 8 സീറ്റിൽ ജയിച്ചു. 25 മുതൽ 30 സീറ്റ് വരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
ബി.ജെ.പി എ.ഐ.ഡി.എം.കെ സഖ്യം വെല്ലുവിളി ഉയർത്തുന്ന ഇത്തവണ കൂടുതൽ സീറ്റിൽ മത്സരിക്കാനാണ് ഡി.എം.കെയുടെ തീരുമാനം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മനസിലാക്കി സഖ്യകക്ഷികളായ കമ്മ്യൂണിസ്റ്റ് പാർട്ടികളോടും സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്ക് ഡി.എം.കെ ആവശ്യപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |